പശ്ചിമഘട്ടം ആസ്വദിക്കാൻ വിസ്റ്റാഡോം കോച്ച്; സർവീസ് നീട്ടി

കൊല്ലം : ചെങ്കോട്ട– പുനലൂർ പാതയുടെ പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള ട്രെയിൻ യാത്രയ്ക്ക് കൂടുതൽ അവസരങ്ങൾ. കൊല്ലം– പുനലൂർ– ചെങ്കോട്ട റെയിൽവേ പാതയിലൂടെ സർവീസ് നടത്തുന്ന വിസ്റ്റാഡോം കോച്ചുകളുടെ സർവീസ് കാലാവധി നീട്ടി. വലിയ ജനപ്രീതിയാണ് സർവീസ് നീട്ടാൻ വഴിയൊരുക്കിയത്. 2027 ജനുവരി 15വരെയായിരുന്നു നേരത്തെ വിസ്റ്റാഡോം കോച്ച് സർവീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇതിനുശേഷമുള്ള തീയതികളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് കൂടി ആരംഭിച്ചു.
മധുര– ഗുരുവായൂർ എക്സ്പ്രസിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ഗുരുവായൂർ– മധുര എക്സ്പ്രസിൽ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലുമാണ് നിലവിൽ വിസ്റ്റാഡോം കോച്ച് സർവീസ് ലഭ്യമാക്കിയിട്ടുള്ളത്. ഗുരുവായൂർ – മധുര യാത്രക്ക് സീറ്റിന് 1,875 രൂപയാണ് നിരക്ക്. മിനിമം നിരക്ക് 515 രൂപയാണ്.
ചെങ്കോട്ട– പുനലൂർ റെയിൽവേ പാതയിലെ യാത്രയുടെ പ്രധാന ആകർഷണമായ പശ്ചിമഘട്ട മലനിരകളുടെയും ആര്യങ്കാവ്, തെന്മല പ്രദേശങ്ങളുടെയും പ്രകൃതിരമണീയമായ കാഴ്ചകൾ അടുത്തറിയാൻ വിസ്റ്റാഡോം കോച്ച് യാത്രക്കാർക്ക് അപൂർവ അവസരമാണ് ഒരുക്കുന്നത്. മലനിരകൾ, തുരങ്കങ്ങൾ, പാലങ്ങൾ, വനമേഖലകൾ, താഴ്‌വരകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി പ്രകൃതിയുടെ വിസ്മയക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള യാത്ര വിനോദസഞ്ചാരികൾക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.








0 comments