വെറ്ററിനറി സർവകലാശാലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി

തൃശൂർ: വെറ്ററിനറി സർവകലാശാലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തലാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലയുടെ മണ്ണുത്തി കാമ്പസിൽ ലബോറട്ടറി സമുച്ചയം ഉൾപ്പടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി . അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനോടൊപ്പം അക്കാദമിക് മേഖലയിലും സർവകലാശാല കൂടുതൽ മുന്നേറണം. ഇതിന് സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും.
ആരോഗ്യരംഗത്ത് കേരളം ഏറെ മുന്നിലാണ്. എന്നാൽ സാംക്രമിക രോഗങ്ങൾ പ്രശ്നങ്ങളാണ്. ഇതിൽ നല്ലൊരു പങ്ക് ജന്തുജന്യരോഗങ്ങളാണ്. ഇതിനു പരിഹാരമായി വൺ ഹെൽത്ത് പോളിസി നടപ്പാക്കി വരികയാണ്.മനുഷ്യന്റെ പ്രശ്നങ്ങൾ മാത്രമല്ല പ്രകൃതിയുടെയും ഇതര ജീവജാലങ്ങളുടെയും ആരോഗ്യവും മുൻകരുതലും പ്രധാനമാണ്. മണ്ണുത്തി സ്ഥാപിതമായ റഫറൽ അനലിറ്റിക്കൽ ഡയഗ്നോസ്റ്റിക് ലബോറട്ടിയുടെ പ്രവർത്തനം ഇതിന് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി ജെ ചിഞ്ചു റാണി അധ്യക്ഷയായി. മന്ത്രി കെ രാജൻ, മേയർ എം കെ വർഗീസ്, വൈസ് ചാൻസലർ ഡോ. കെ എസ് അനിൽ, രജിസ്ട്രാർ ഡോ. പി സുധീർ ബാബു എന്നിവർ സംസാരിച്ചു. സർവകലാശാല ബോർഡ് ഓഫ് മാനേജ്മെൻ്റ് അംഗങ്ങളും , മാനേജ്മെൻ്റ് കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.
32 കോടി ചെലവിൽ നിർമിച്ച ലാബ് സമുച്ചയം, വനിത ഹോസ്റ്റൽ, ഓഡിറ്റോറിയം എന്നിവയാണ് മുഖ്യമന്ത്രി സമർപ്പിച്ചത്. 45000 ചതുരശ്ര അടി വിസ്‌തീർണമുള്ള ലാബ്, രോഗ പ്രതിരോധ, ആരോഗ്യ, ഭക്ഷ്യ സുരക്ഷാ മേഖലകളിൽ ആധുനിക ഗവേഷണങ്ങളും പരിശോധനകളും പരിശീലനവും നടത്താൻ സജ്ജമാണ്. വിവിധ രോഗങ്ങളുടെ നിർണയം, ഭക്ഷ്യ കുടിവെള്ള സാമ്പിളുകൾ, മൃഗങ്ങൾക്കുള്ള തീറ്റ, മണ്ണിലെ ധാതുലവണങ്ങൾ എന്നിവയുടെ ഗുണനിലവാര പരിശോധന മുതലായ സർവകലാശാല നൽകി വരുന്ന വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ പൊതു ജനങ്ങൾക്ക് ലഭ്യമാകും










0 comments