വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ലീഗിൽ പോര്; ജില്ലാ കമ്മിറ്റി നിർദേശം തള്ളി മണ്ഡലം കമ്മിറ്റി

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെച്ചൊല്ലി മുസ്ലിംലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി യോഗത്തിൽ കടുത്ത വാഗ്വാദം.
യോഗത്തിന് നന്ദി അറിയിക്കുന്നതിന് മുമ്പേ പലരും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം ലീഗ് ഹൗസിൽ ചേർന്ന യോഗം ബഹളത്തോടെ കമ്മറ്റിയിൽ നിന്ന് പലരും ഇറങ്ങിപ്പോയതാണ് വിവരം. പ്രസിഡന്റ് ആയിരുന്ന കെ കെ മൻസൂർ കോയ തങ്ങൾ രാജിവെച്ച ഒഴിവിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ പി കെ അബൂത്വാഹിറിനെ പ്രസിഡന്റാക്കണമെന്ന ജില്ലാ കമ്മറ്റിയുടെ നിർദേശം വന്നതോടെയാണ് പ്രവർത്തകർ പൊട്ടിത്തെറിച്ചത്.
പ്രസിഡന്റ് പി കെ അസ്ലുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന നേതൃത്വം നൽകിയ കത്ത് നിരീക്ഷകനായ എം കെ ബാവ വായിച്ചതോടെയാണ് പ്രതിഷേധം ആളിപ്പടർന്നത്. നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. തുടർന്ന് നിലവിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും പാർടി മണ്ഡലം സെക്രട്ടറിയുമായ ഇ കെ സുബൈർ ബ്ലോക്ക് പ്രസിഡന്റാകണമെന്ന് ആവശ്യപ്പെട്ട് യോഗത്തിൽ അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചു പാസാക്കി. കണ്ണമംഗലം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ നെടുമ്പള്ളി സെയ്തു അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ആഗസ്ത് 10നാണ് മൻസൂർ കോയ തങ്ങൾ രാജിവെച്ചത്. ജില്ലാ കമ്മറ്റിയുടെ നിർദേശം അനുസരിച്ചാണ് തങ്ങളുടെ രാജി. എന്നാൽ ഇക്കാര്യം മണ്ഡലം കമ്മറ്റിക്കാർ പോലും അറിയില്ലെന്ന് പ്രമേയത്തിൽ പറയുന്നു. പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള അധികാരം മണ്ഡലം കമ്മറ്റിക്കാണെന്നിരിക്കെ ആർക്കും ഇദ്ദേഹം എന്തിന് ഭരണത്തിലേറി ഒരു വർഷം തികയുംമുമ്പേ രാജിവെച്ചു എന്നതിന് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.
ജില്ലാ കമ്മറ്റിയിൽ മണ്ഡലം കമ്മറ്റിയുടെ അഭിപ്രായം അറിയിക്കാമെന്ന് നിരീക്ഷകൻ എം കെ ബാവ അറിയിച്ചതായാണ് വിവരം. നിലവിലെ നിർദേശം തിരുത്തിയില്ലെങ്കിൽ ഓഗസ്റ്റ് 22ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കടുത്ത നിലപാടിലേക്ക് അംഗങ്ങൾ പോകാനുള്ള സാധ്യത ഏറെയാണ്. അതേസമയം പാർട്ടിയിലെ മുതിർന്ന നേതാവിന്റെ കുടുംബപരമായ സ്വാധീനത്തിനെതിരെ പ്രാദേശിക തലത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നുനിൽക്കുന്നത്.










0 comments