ഡ്രൈവിങ് ടെസ്‌റ്റ് പാസാക്കാൻ കൈക്കൂലി; വെഹിക്കിൾ ഇൻസ്‌പെക്‌ടർ പിടിയിൽ


സ്വന്തം ലേഖകൻ
Published on Jan 31, 2026, 08:02 AM | 1 min read
ചേർത്തല: ഡ്രൈവിങ് ടെസ്‌റ്റ് പാസാക്കാൻ ഏജന്റിലൂടെ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ വിജിലൻസ് പിടിയിൽ. ജോയിന്റ് സബ് ആർടി ഓഫീസിലെ കെ ജി ബിജുവാണ് പിടിയിലായത്. പരാതിക്കാരനിൽനിന്ന് തുകവാങ്ങി ബിജുവിന് കൈമാറിയ ഏജന്റ് ജോസും പിടിയിലായി. വെള്ളി വൈകിട്ട് 5.50-ന് ബിജു താമസിക്കുന്ന ചേർത്തല എക്‌സ്‌റേ കവലയിലെ വീട്ടിൽനിന്നാണ് വിജിലൻസിന്റെ വലയിലായത്. കൈക്കൂലിയായി കൈമാറിയ 2500 രൂപയും വീട്ടിലെ പരിശോധനയിൽ 11,000 രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തു. കോട്ടയം റേഞ്ച് വിജിലൻസ് എസ്‌പി ആർ ബിനുവിന് ലഭിച്ച രഹസ്യവിവരം അടിസ്ഥാനമാക്കിയായിരുന്നു പരിശോധന.
തണ്ണീർമുക്കം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ഡ്രൈവിങ് സ്‌കൂളിൽ പഠിച്ചവർക്ക് ലൈസൻസ് നൽകാൻ ആവശ്യപ്പെട്ട കൈക്കൂലി കൈമാറുന്നതിനിടെയാണ് വലയിലായത്.
ഇരുചക്രവാഹന ലൈസൻസിന് 300, നാലുചക്രത്തിന് 400 എന്നിങ്ങനെയാണ് ഏജന്റുമാരിൽനിന്ന് ബിജു നിർബന്ധിച്ച് വാങ്ങിയിരുന്നെന്നാണ് പരാതി. കൈക്കൂലി നൽകാത്ത സ്‌കൂളുകാർ എത്തിക്കുന്നവരെ മനഃപൂർവം തോൽപ്പിക്കുമായിരുന്നു. ജനുവരി ഒമ്പതിന് മുഹമ്മയിലെ ടെസ്‌റ്റിൽ വിജയികളായ അഞ്ച് അപേക്ഷകരുടെ ലൈസൻസിനുള്ള തുക 2500 രൂപ ഏജന്റായി പ്രവർത്തിക്കുന്ന ജോസിനെ ഏൽപ്പിക്കണമെന്ന് ബിജു നിർദേശിച്ചിരുന്നു. ഇക്കാര്യമാണ് പരാതിക്കാരൻ വിജിലൻസ് എസ്‌പിക്ക് കൈമാറിയത്. ബിജുവിന്റെ നിർദേശപ്രകാരം പരാതിക്കാരനിൽനിന്ന് ഏജന്റ് ജോസ് വാങ്ങിയ 2500 രൂപ വീട്ടിലെത്തി കൈമാറവെയാണ് ഇരുവരെയും പിടികൂടിയത്.
പത്തനംതിട്ട നെടുമ്പ്രം സ്വദേശിയായ ബിജു വർഷങ്ങളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആലപ്പുഴ വിജിലൻസ് യൂണിറ്റിലെ ഡിവൈഎസ്‌പി കെ വി ബെന്നിയുടെ നേതൃത്വത്തിലാണ് കൈക്കൂലിക്കാരെ പിടികൂടിയത്. ഇൻസ്‌പെക്‌ടർമാരായ പ്രശാന്ത്കുമാർ, നിസാമുദീൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.










0 comments