കൊല്ലെടാ എന്നാക്രോശിച്ച് പാഞ്ഞടുത്തു
print edition ആക്രമണം ആസൂത്രിതം ; വീണാ ജോർജ് ഐസിയുവിൽ തുടരുന്നു

കണ്ണൂർ
ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംഘം ആക്രമിച്ചതിനു പിന്നിൽ ആസൂത്രിത ഗൂഢാലോചന. അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണമെന്നും തെളിഞ്ഞു.
വികസനം ചർച്ചയാക്കുന്നത് തടയുക, എൽഡിഎഫ് പ്രവർത്തകരെ പ്രകോപിപ്പിച്ച് തെരുവിലിറക്കുക എന്നിവയായിരുന്നു തന്ത്രം. വനിതാമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ച് നടത്തിയ ആക്രമണത്തെ കേരളമൊന്നാകെ പ്രതിഷേധിച്ചത് യുഡിഎഫിനെ പ്രതിരോധത്തിലാക്കി.
‘കൊല്ലടാ അവളെ’ എന്നാക്രോശിച്ച് അക്രമികൾ ഓടിയടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തം. പൊലീസും ഒപ്പമുണ്ടായിരുന്ന ഗൺമാൻമാരും തടയാൻ ശ്രമിക്കുന്നതിനിടെ, ഒരാൾ മന്ത്രിയെ കൈയേറ്റം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. തലസ്ഥാനത്ത് മന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ ഗേറ്റ് തകർത്ത് അതിക്രമിച്ച് കയറിയ യൂത്ത് കോൺഗ്രസ് സംഘം വീട്ടിൽ റീത്ത് വച്ചിരുന്നു. പത്തനംതിട്ടയിലെ വീട്ടിലേക്കും മുന്പ് അതിക്രമിച്ചുകയറി കൊലവിളിച്ചു. ബുധനാഴ്‌ച രാവിലെ വയനാട്ടിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അമൽ ജോയിയും പ്രകോപനപരമായി പ്രസംഗിച്ചിരുന്നു. ‘തന്പുരാട്ടി’യുടെ മുഖത്തെ വെളുപ്പുമാറ്റുമെന്നായിരുന്നു പ്രസംഗം.
ആക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ സ്വീകരിച്ചത്. നാടകമെന്ന് വിശേഷിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥ മന്ത്രിയുടെ കഴുത്തിൽ പിടിക്കുന്ന വ്യാജ എഐ ചിത്രവും പ്രചരിപ്പിച്ചു. ചിത്രം വ്യാജമാണെന്ന് വാർത്ത വന്നതോടെ ആ നീക്കവും തിരിച്ചടിച്ചു.
കഴുത്തിൽ കടുത്ത വേദന
മന്ത്രിക്ക് കഴുത്തിൽ കടുത്ത വേദന തുടരുന്നതിനാൽ ഐസിയുവിൽ തുടരണമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. കടുത്ത വേദനയ്‌ക്ക് കാരണം കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്‌കുകൾ രണ്ടിടങ്ങളിൽ നാഡീ മൂലാഗ്രങ്ങളിൽ അമർന്നതിനാലാണെന്ന് എംആർഐ സ്‌കാനിങ്ങിൽ കണ്ടെത്തി. നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ ഐസിയുവിൽ തുടരാനാണ് ഡോക്‌ടർമാരുടെ നിർദേശം. കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായാണ് വലതു കൈയിലും തലയുടെ പിൻഭാഗത്തും പടരുന്ന വേദന.
5 പേർക്കെതിരെ വധശ്രമത്തിന് കേസ്
കൊല്ലെടാ എന്നാക്രോശിച്ച് പാഞ്ഞടുത്തു
മന്ത്രിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച അഞ്ച് കെഎസ്‌യു നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചാണ് അക്രമിസംഘം മന്ത്രിക്കുനേരെ പാഞ്ഞടുത്തതെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതികളുടെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ് കഴുത്തിന് ആക്രമിച്ചതെന്ന് ഗൺമാൻ എം എസ് അഭിലാഷ് മൊഴി നൽകിയിട്ടുണ്ട്.
ബുധനാഴ്‌ച അറസ്റ്റിലായ കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പാനൂർ ചെണ്ടയാട് സ്വദേശി എം സി അതുൽ, ട്രഷറർ മാട്ടൂലിലെ വി വി അക്ഷയ്, വടകരയിലെ ബിതുൽ ബാലൻ, മാടായിയിലെ സി എച്ച് മുബാസ്, അഹമ്മദ് യാസിൻ എന്നിവരെ റിമാൻഡുചെയ്‌തു.










0 comments