ad
Deshabhimani

print edition ആരോഗ്യമേഖലയിൽ ചരിത്രമാറ്റം 
: വീണ ജോർജ്‌

VEENA GEORGE.jpg
വെബ് ഡെസ്ക്

Published on Jan 29, 2026, 01:16 AM | 1 min read


തിരുവനന്തപുരം

യുഡിഎഫ്‌ കാലത്തെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും ഡോക്ടർമാരും മരുന്നുമില്ലാത്ത നിലയിൽനിന്നാണ്‌ കേരളത്തിന്റെ ആരോഗ്യമേഖലയെ ഇന്നു കാണുന്ന നിലയിലേക്ക്‌ മാറ്റിയതെന്ന്‌ മന്ത്രി വീണ ജോർജ്‌ പറഞ്ഞു. 2016ൽ കേരളത്തിലെ ആരോഗ്യരംഗം എങ്ങനെയായിരുന്നു എന്ന്‌ പ്രതിപക്ഷം ചിന്തിക്കണം. ആരോഗ്യമേഖലയുടെ ആസ്‌തിയല്ല, ആരോഗ്യമന്ത്രിയുടെ ആസ്‌തിയാണ്‌ അന്ന്‌ വർധിച്ചത്‌. കല്ലിട്ടുപോയ മെഡിക്കൽ കോളേജുകളല്ല, കുട്ടികൾ ഇരുന്നു പഠിക്കുന്ന മെഡിക്കൽ കോളേജുകളാണ്‌ ഇന്നുള്ളത്‌. അടിയന്തര പ്രമേയ ചർച്ചയ്‌ക്ക്‌ മറുപടിയായി മന്ത്രി പറഞ്ഞു.


യുഡിഎഫ്‌ കാലത്ത്‌ 12 ആശുപത്രികളിലാണ്‌ ഡയാലിസിസ്‌ സ‍ൗകര്യമുണ്ടായിരുന്നത്‌. ഇന്നത്‌ 125 ആശുപത്രികളിലാണ്‌. ദിവസം മൂവായിരം രോഗികളാണ്‌ ഡയാലിസിസ്‌ ചെയ്യുന്നത്‌. ദിവസം 60 ലക്ഷം രൂപയാണ്‌ ഇങ്ങനെ രോഗികൾ ലാഭിച്ചത്‌. കേരളത്തിൽ ഇന്ന്‌ എല്ലാ ജില്ലയിലും മെഡിക്കൽ കോളേജുണ്ട്‌. ഇടുക്കി മെഡിക്കൽ കോളേജ്‌ യുഡിഎഫ്‌ ഭരണകാലത്ത്‌ ആരംഭിച്ചെങ്കിലും അംഗീകാരം നഷ്ടപ്പെട്ടു. എൽഡിഎഫ്‌ സർക്കാർ വന്നശേഷമാണ്‌ അംഗീകാരം തിരികെ ലഭിച്ചത്‌. മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ കേരളം ആദ്യമായി ഉൾപ്പെട്ടത്‌ ഇക്കാലയളവിലാണ്‌.


ശിശുമരണനിരക്ക്‌ 2016 ലെ 12ൽനിന്ന്‌ അഞ്ചിലേക്ക്‌ എത്തിയെന്ന്‌ പറയുന്നത്‌ അഭിമാനമാണ്‌. തന്റെ നാട്ടിൽ എട്ടുമണിക്കൂർ കാത്തിരിക്കേണ്ട ചികിത്സ 10 മിനിട്ടിൽ കേരളത്തിൽ സാധിച്ചെന്ന്‌ പറഞ്ഞത്‌ സ്‌പാനിഷ്‌ സ്‌ത്രീയാണ്‌. ഇന്ന്‌ എല്ലാ ജില്ലയിലും കാത്ത്‌ ലാബുണ്ട്‌. ഇതിൽ ഏതെങ്കിലും യുഡിഎഫ്‌ കാലത്ത്‌ ആരംഭിച്ചതാണെന്ന്‌ പറയാൻ കഴിയുമോ. അന്ന്‌ 40,000 കുടുംബങ്ങൾക്ക്‌ പരമാവധി 30,000 രൂപ വീതമാണ്‌ സ‍ൗജന്യ ചികിത്സ ലഭിച്ചിരുന്നത്‌. ഇന്ന്‌ 42.5 ലക്ഷം കുടുംബങ്ങൾക്ക്‌ അഞ്ചു ലക്ഷം രൂപയുടെ സ‍ൗജന്യ ചികിത്സയാണ്‌ ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home