'വല്ല ഡൽഹിയിലോ ബംഗാളിലോ കൊണ്ട് വിട്'; വേണുഗോപാലിന് അഭിനന്ദനമറിയിച്ചുള്ള പോസ്റ്റിനു താഴെ സതീശൻ അനുകൂലികളുടെ പൊങ്കാല

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അഭിനന്ദിച്ചുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് ഔദ്യോഗിക പേജിന്റെ പോസ്റ്റിന് സതീശന് അനുകൂലികളുടെ പൊങ്കാല. പോസ്റ്റിന് താഴെ കെ സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനങ്ങളുമായി വി ഡി സതീശൻ അനുകൂലികൾ കൂട്ടത്തോടെ രംഗത്തെത്തി.
വേണുഗോപാലിനെ ഡൽഹിയിൽ പോയി കണ്ടതിനുശേഷം ദേശീയ യൂത്ത് കോൺഗ്രസ് പങ്കുവച്ച പോസ്റ്റിന് താഴെയാണ് അണികൾ രൂക്ഷമായ കമന്റുകളുമായി രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് വോണുഗോപാലിന് ബൊക്ക കൊടുക്കുന്നതിന്റെ ഫോട്ടോയ്ക്കൊപ്പമാണ് അഭിനന്ദന കുറിപ്പ്.
'യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സന്ദർശിക്കുകയും നിലവിലെ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. കേരളത്തിൽ കോൺഗ്രസ് പാർടി നേടിയ ഉജ്ജ്വല വിജയത്തിൽ കെ സി വേണുഗോപാലിനെ അഭിനന്ദിച്ചു.' എന്നായിരുന്നു കുറിപ്പ്.
കേരളത്തിലെ വിജയത്തിന്റെ വേണുഗോപാലിന് യാതൊരു പങ്കുമില്ലെന്നുമാണ് അണികൾ കമന്റ് ബോക്സിൽ പറയുന്നത്. ഡൽഹിയില്‍ ലോബി കളിച്ച് കെ സി വേണുഗോപാൽ മുഖ്യമന്ത്രി കസേര തട്ടിയെടുക്കാൻ നോക്കുകയാണെന്നാണ് കമന്റുകളിൽ ഉയരുന്ന പ്രധാന ആക്ഷേപം.
തെരഞ്ഞെടുപ്പ് ജയിക്കാൻ താഴെത്തട്ടിൽ പണിയെടുത്തത് ഇവിടുത്തെ സാധാരണക്കാരായ പ്രവർത്തകരും നേതാക്കളുമാണെന്നും, എന്നാൽ വോട്ട് എണ്ണി തീർന്നപ്പോൾ ട്രോഫി വാങ്ങാൻ വേണ്ടി മാത്രം ഡൽഹി ഗ്രൂപ്പ് മാനേജർമാർ ചാടിവീണിരിക്കുകയാണെന്നും പ്രവർത്തകർ പരിഹസിക്കുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും കാട്ടിക്കൂട്ടിയ തെറ്റുകൾ കേരളത്തിൽ ആവർത്തിക്കരുതെന്നും ഹൈക്കമാൻഡിന് അണികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ പരാജയത്തിലേക്ക് നയിച്ച വേണുഗോപാലിന്റെ മുൻകാല ട്രാക്ക് റെക്കോർഡ് എടുത്തുപറഞ്ഞാണ് പലരും കമന്റ് ബോക്സിൽ രോഷം പ്രകടിപ്പിക്കുന്നത്. അദ്ദേഹം ജനറൽ സെക്രട്ടറിയായ ശേഷം നേരിട്ട ഭൂരിഭാഗം തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തോറ്റത് അണികൾ ഓർമ്മിപ്പിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലായി നടന്ന 43 തിരഞ്ഞെടുപ്പുകളിൽ 37 ഇടത്തും കോൺഗ്രസ് തോറ്റ ചരിത്രം അക്കമിട്ട് നിരത്തിയാണ് അണികളുടെ പരിഹാസം.
വേണുഗോപാലിന്റെ മുഖം കാണുന്നത് തന്നെ അലോസരമുണ്ടാക്കുന്നുവെന്നും, വല്ല ഡൽഹിയിലോ അല്ലെങ്കിൽ പാർടി വളർത്താൻ ബംഗാളിലോ നിലനിർത്തുന്നതാണ് നല്ലതെന്നും കമന്റുകളിൽ ആവശ്യപ്പെടുന്നുണ്ട്.
ഭൂരിപക്ഷം കിട്ടിയിട്ടും മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസ് നേതാക്കൾ തെരുവിൽ പോരടിക്കുന്നതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.









0 comments