print edition ഉത്തരവാദിത്വങ്ങളിൽനിന്ന് സർക്കാർ ഒളിച്ചോടുന്നു: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം : അധികാരത്തിലെത്തി ഒരു മാസമാകുംമുന്പേ രാഷ്‌ട്രീയ പകപോക്കലും സംഘപരിവാറുമായുള്ള ഡീലും വിവാദങ്ങളുമാണ് യുഡിഎഫ് സർക്കാരിന്റെ മുഖമുദ്രയെന്ന് വ്യക്തമായതായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരവാദിത്വമില്ലാതെയാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ. മാനദണ്ഡങ്ങൾ ലംഘിച്ച് ഭരണാനുകൂല സംഘടനകളുടെ നിര്‍ദേശത്തിലാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെട്ട ആരോഗ്യ ഡയറക്ടറെ വ്യാജ ആരോപണമുന്നയിച്ച് സ്ഥലംമാറ്റുകയും തരംതാഴ്‌ത്തുകയുംചെയ്തു. ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങളെ എതിര്‍ത്തതിനാണ് നടപടിയെന്നാണ് വാര്‍ത്തകള്‍. പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രവർത്തനങ്ങൾക്ക് എൽഡിഎഫ് പിന്തുണ നൽകും.
വൈദ്യുതി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി അടുത്ത ബന്ധുവിനെയും ദേവസ്വം സ്‌പെഷൽ പ്ലീഡറായി സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതിയുടെ വക്കീലിനെയും നിയമിച്ചത്, സർക്കാർ ആർക്കുവേണ്ടിനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നു. പ്ലീഡറുടെ രാജിയോടെ പ്രശ്നം അവസാനിക്കുന്നില്ല. കേസിലെ സുപ്രധാനവിവരങ്ങള്‍ ചോര്‍ത്തിയോ എന്ന് അന്വേഷിക്കണം. നിയമിക്കപ്പെട്ടയാള്‍ സംഘപരിവാര്‍ അനുകൂലിയാണെന്നാണ് വിവരം.
സതീശന്റെ യാത്ര: കോൺഗ്രസ് വിശദീകരിക്കണം
തെരഞ്ഞെടുപ്പുഫലം വരുംമുമ്പ് വി ഡി സതീശൻ പ്രത്യേക വിമാനത്തിൽ മംഗളൂരുവിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് കോൺഗ്രസ് വിശദീകരിക്കണം. മുഖ്യമന്ത്രിയിൽനിന്ന് ഇതുവരെ കൃത്യമായ വിശദീകരണം വന്നിട്ടില്ല. ശബരിമല സ്വർണപ്പാളിക്കേസിൽ എസ്‌ഐടി ചോദ്യംചെയ്‌ത വ്യക്തിയും യാത്രയിലുണ്ടായിരുന്നു. മംഗളൂരുവിൽ എന്‍ഡിഎ നേതൃത്വവുമായും അദാനിയുടെ പ്രതിനിധിയുമായും കൂടിക്കാഴ്ച നടത്തി.
വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡിനും കെപിസിസിക്കും ബാധ്യതയുണ്ട്. അദാനി കൂട്ടുകെട്ടിനെതിരെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ്–ബിജെപി ബന്ധം സ്ഥിരീകരിക്കുന്ന നിലയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങളെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു.










0 comments