ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനത്തിൽ അഭിമുഖം ഈ മാസം എട്ട് മുതൽ

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാന്‍സലർ നിയമനത്തിനായുള്ള അഭിമുഖം ഈ മാസം എട്ട് മുതൽ 12വരെ നടക്കും. അഭിമുഖത്തിൽ പങ്കെടുക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് അറുപതോളം പേർക്കാണ് നോട്ടീസ് നൽകിയത്. സുപ്രീംകോടതി നിർദേശപ്രകാരമുള്ള സെർച്ച് കമ്മിറ്റിയാണ് അഭിമുഖം നടത്തുക. എട്ട്, ഒൻപത് തീയതികളിൽ സാങ്കേതിക സർവകലാശാലയിലെ അഭിമുഖവും 10, 11 തീയതികളിൽ ഡിജിറ്റൽ സർവകലാശാല അഭിമുഖവും നടക്കും.
സെർച്ച് കമ്മിറ്റി ചെയർപേഴ്സണായി റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി സുധാൻഷു ധൂലിയയെയാണ് കോടതി നിയമിച്ചത്. സംസ്ഥാന സർക്കാരും ഗവർണറും നിർദേശിച്ച നാല് പേർ വീതം രണ്ട് സെർച്ച് കമ്മിറ്റിയിലെയും അംഗങ്ങളാണ്. കമ്മിറ്റി അംഗങ്ങളെല്ലാം കേരളത്തിന് പുറത്തുനിന്നുള്ളവരാണ്.
സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ മുഖ്യമന്ത്രിക്ക് മുൻഗണനാക്രമം നിശ്ചയിക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നന്നു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വിസിമാരെ നിയമിക്കുന്ന പ്രക്രിയയിൽ മുഖ്യമന്ത്രിക്ക് അധികാരം നൽകി ആഗസ്‌ത് 18നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം മുഖ്യമന്ത്രിക്ക് വി സി നിയമനത്തിൽ മുൻഗണനാക്രമം നിശ്ചയിക്കാം. ചെയർമാന്റെ അംഗീകാരത്തോടെ കുറഞ്ഞത് മൂന്നുപേരുകളടങ്ങുന്ന ചുരുക്കപ്പട്ടിക അക്ഷരമാല ക്രമത്തിൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കണം. ഏതെങ്കിലും പേരിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ കാരണംസഹിതം ചാൻസലറായ ഗവർണറെ അറിയിക്കാം. നിയമനത്തിനുള്ള പേരുകൾ മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രി ചാൻസലർക്ക് നൽകണം. ഗവർണർ മുഖ്യമന്ത്രിയുടെ പേരുകൾ എതിർത്താൽ സുപ്രീംകോടതി അന്തിമതീർപ്പ് കൽപ്പിക്കും. മറിച്ചാണെങ്കിൽ ഗവർണറുടെ അനുമതി ലഭിച്ച് ഒരാഴ്‌ചയ്‌ക്കകം നിയമന ഉത്തരവ് വിജ്ഞാപനം ചെയ്യാനാകുമെന്നായിരുന്നു വിധി.










0 comments