തൊഴിലുറപ്പ് അട്ടിമറി നിയമം ; സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം
print edition ഉടന്‍ ഗ്രാമസഭകള്‍ വിളിക്കണം ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര കൽപ്പന

എം പ്രശാന്ത്
Published on Dec 24, 2025, 02:17 AM | 1 min read
ന്യൂഡൽഹി
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് പകരം കൊണ്ടുവന്ന നിയമത്തെക്കുറിച്ച് "ബോധവൽക്കരിക്കാന്‍' എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഡിസംബർ 26ന് മുമ്പ് ഗ്രാമസഭകൾ വിളിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസർക്കാരിന്റെ കൽപ്പന.
പദ്ധതിച്ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങള്‍ക്കുമേല്‍ കെട്ടിവച്ചതിന് പിന്നാലെയാണ്, ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സമ്മര്‍ദം. വിബിജിആർഎഎംജി നിയമത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഗ്രാമസഭ വിളിക്കണമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സെക്രട്ടറി ശൈലേഷ് കുമാർ സിങ്ങും പഞ്ചായത്തിരാജ് സെക്രട്ടറി വിവേക് ഭരദ്വാജുമാണ് ചീഫ്‌സെക്രട്ടറിമാർക്ക് കത്തയച്ചത്. ഗ്രാമസഭകൾ കൃത്യമായി ചേർന്നോയെന്ന് സൂഷ്‌മമായി നിരീക്ഷിക്കുമെന്നും പുതിയ നിയമത്തിലേക്കുള്ള സുഗമമായ മാറ്റത്തിന് സമയബന്ധിത നടപടി സ്വീകരിക്കണമെന്നുമുള്ള ഭീഷണി കത്തിലുണ്ട്.
സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിക്കാതെ കേന്ദ്രസർക്കാർ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത് സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്. സംസ്ഥാന സർക്കാരുകളുടെ കൂടി സഹകരണത്തോടെയായിരുന്നു നേരത്തെ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയിരുന്നതെങ്കിൽ പുതിയ നിയമം നടപ്പാക്കുന്നതിൽ കേന്ദ്രം നേരിട്ട് പൂർണ മേൽനോട്ടം വഹിക്കുമെന്ന സൂചന കൂടിയാണിത്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതും ഗ്രാമസഭകൾ തിരക്കിട്ട് വിളിക്കണമെന്ന നിർദേശത്തിന് കാരണമായി. ഏത് ജനകീയ എതിർപ്പും മറികടന്ന് പുതിയ പദ്ധതി അടിച്ചേൽപ്പിക്കാൻ തന്നെയാണ് കേന്ദ്രനീക്കമെന്നും ചീഫ്‌സെക്രട്ടറിമാർക്കുള്ള കത്ത് വെളിപ്പെടുത്തുന്നു. ക്രിസ്‌മസ് അവധിയായതിനാൽ ഉടൻ ഗ്രാമസഭകൾ വിളിച്ചുചേർക്കുന്നത് പല സംസ്ഥാനങ്ങൾക്കും വെല്ലുവിളിയാണ്.
ഗ്രാമസഭകൾ ചേർന്നതിന്റെ വിശദാംശങ്ങൾ ജിയോടാഗ് ചെയ്‌ത ഫോട്ടോകളു വീഡിയോകളും സഹിതം പഞ്ചായത്ത് നിർണയ് ആപ്പിൽ അപ്‌ലോഡ് ചെയ്യണമെന്നും കത്തിൽ പറയുന്നു.









0 comments