പന്ത്രണ്ടുദിനം നീണ്ട ഉത്സവരാവുകൾ: വസന്തോത്സവത്തിന് സമാപനം

തിരുവനന്തപുരം: നഗരത്തിലെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾക്ക് നിറച്ചാർത്തൊരുക്കിയ വസന്തോത്സവത്തിന് സമാപനം. കനകക്കുന്നിൽ 12 ദിനരാത്രങ്ങൾ നീണ്ടുനിന്ന ദീപങ്ങളുടേയും പുഷ്പങ്ങളുടേയും കാഴ്ചകളിലേക്ക് ലക്ഷക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. ഡിസംബർ 24 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് വസന്തോൽസവം ഉദ്ഘാടനം ചെയ്തത്. വസന്തോൽസവത്തിൻറെ ആദ്യ ദിനം മുതലുള്ള ജനപങ്കാളിത്തം ശ്രദ്ധേയമാണ്. നഗരവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ള സന്ദർശകരുടെ എണ്ണത്തിൽ പുതുവത്സരാഘോഷ ദിനത്തിലും വലിയ വർധനവുണ്ടായി.
'വസന്തോത്സവം-2025' നോടനുബന്ധിച്ച് എഴുപതോളം ഇനങ്ങളിൽ മത്സരങ്ങൾ നടന്നിരുന്നു. ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിൽ 648 പോയിൻറ് നേടി ഇൻസ്ട്രക്ഷണൽ ഫാം വെള്ളയാണി അഗ്രികൾച്ചർ കോളേജ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 497 പോയിൻറ് നേടി മ്യൂസിയം ആൻഡ് സൂ രണ്ടാം സ്ഥാനത്തും 182 പോയിൻറ് നേടിയ കേരള ലെജിസ്ലേറ്റർ സെക്രട്ടറിയേറ്റ് മൂന്നാം സ്ഥാനത്തും എത്തി.

വ്യക്തിഗത വിഭാഗത്തിൽ ഒന്നാം സ്ഥാനം ലിസി ജോസഫിനാണ്. വി മനു മോഹൻ രണ്ടാം സ്ഥാനവും മോഹനൻ നായർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊമേഴ്സ്യൽ വിഭാഗത്തിൽ ജയകുമാർ (കുമാർ നഴ്സറി, കൊല്ലം) ഒന്നാം സ്ഥാനത്ത് എത്തി. വൈശാഖ് (ആക്കുളം ഗ്രീൻ വാലി, ആക്കുളം) രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൊച്ചുത്രേസി ജോസഫ് (ക്ലെയർ ഓർക്കിഡ്സ്, മാധവപുരം) മൂന്നാം സ്ഥാനവും നേടി.
വ്യത്യസ്തവും അപൂർവവുമായ പൂക്കളുടെ ശേഖരം മേളയെ ആകർഷകമാക്കി. ഈ വർഷത്തെ പുഷ്പോത്സവം ക്യൂറേറ്റ് ചെയ്തത് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആണ്. മത്സര വിഭാഗത്തിലെ ചെടികൾ ഉൾപ്പെടെ 50,000 ത്തിലധികം പൂച്ചെടികളും ഇത്തവണ പ്രദർശിപ്പിച്ചു. വിവിധ നഴ്സറികളുടെ സ്റ്റാളുകളിൽ നിന്ന് ചെടികൾ വാങ്ങാനുള്ള അവസരവും ലഭ്യമാക്കി.

വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിൽ ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു. 'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാർമണി' എന്ന ആശയത്തിലാണ് ഇത് ഒരുക്കിയത്. ഇതിൻറെ ഭാഗമായുള്ള ലൈറ്റ് ഷോയും വിസ്മയക്കാഴ്ചയായി. വ്യത്യസ്ത മേഖലകളിലൂടെ സന്ദർശകരെ നയിക്കുന്ന സവിശേഷമായ ലൈറ്റിംഗ് ശൈലികൾ ഉൾക്കൊള്ളുന്ന നടവഴികളും സംവേദനാത്മക പാതകളും പ്രദർശനത്തിൻറെ ഭാഗമായിരുന്നു.











0 comments