ad
Deshabhimani

വർക്കല ട്രെയിൻ ആക്രമണം: ശ്രീക്കുട്ടി പുതുജീവിതത്തിലേക്ക്, ആശുപത്രി വിട്ടു

varkala train
വെബ് ഡെസ്ക്

Published on Mar 02, 2026, 04:35 PM | 1 min read

കൊച്ചി: കേരളത്തെ നടുക്കിയ വർക്കല ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലോട് സ്വദേശിനി ശ്രീക്കുട്ടി പുതുജീവിതത്തിലേക്ക് ചുവടുവെക്കുന്നു. മാസങ്ങൾ നീണ്ട വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച ശ്രീക്കുട്ടി ഡിസ്ചാർജ് ആയി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ നിന്ന് അസാമാന്യമായ അതിജീവനകരുത്തോടെയാണ് പെൺകുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്.


കഴിഞ്ഞ നവംബറിൽ കേരള എക്സ്പ്രസിൽ യാത്ര ചെയ്യവേ ലഹരിക്കടിമയായ യാത്രികൻ ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയി‌ടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രാഥമിക ചികിത്സകൾക്ക് ശേഷം, മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ഡിസംബർ 25-ന് ശ്രീക്കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.


ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ശ്രീക്കുട്ടിയുടെ ചികിത്സാച്ചെലവുകൾ പൂർണ്ണമായും മാതാ അമൃതാനന്ദമയി മഠമാണ് ഏറ്റെടുത്തത്. അതിനൂതനമായ ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സയുൾപ്പെടെയുള്ള സേവനങ്ങൾ മഠം സൗജന്യമായാണ് ലഭ്യമാക്കിയത്. അമൃത ആശുപത്രിയിലെ വിവിധ വിഭാഗം ഡോക്ടർമാരുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് അബോധാവസ്ഥയിലായിരുന്ന പെൺകുട്ടി സംസാരശേഷിയും ചലനശേഷിയും വീണ്ടെടുത്തത്.


ലഹരിക്കടിമയായ സഹയാത്രികന്റെ ക്രൂരതയ്ക്ക് ഇരയായി മരണത്തിന്റെ വക്കിലെത്തിയ ശ്രീക്കുട്ടി, അസാമാന്യമായ മനക്കരുത്തിലൂടെയാണ് സാധാരണ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. തനിയെ ഭക്ഷണം കഴിക്കാനും നടക്കാനുമുള്ള ശേഷി വീണ്ടെടുത്ത ശ്രീക്കുട്ടി അമ്മ പ്രിയയ്ക്കൊപ്പം തിങ്കളാഴ്ച പാലോട്ടെ വീട്ടിലേക്ക് മടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home