print edition ശരീരം മരവിച്ച കാഴ്ച

പൊള്ളാച്ചി:
‘പതിനാറാം വളവിൽ സെൽഫി എടുത്തുകൊണ്ടുനിന്ന സ്ത്രീകളുടെ മുഖമാണ് ഇപ്പോഴും മനസ്സിൽ. രണ്ടു വളവുകൾക്കപ്പുറം കേൾക്കുന്നത് അവരുടെ നിലവിളിയാണ്’–വാൽപ്പാറ അപകടത്തിന് സാക്ഷിയായ ഹാരിസിന് ഞെട്ടൽ മാറിയിട്ടില്ല. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട് മടങ്ങുന്നതിനിടയിലാണ് കോഴിക്കോട് ബേപ്പൂർ ചാലിയത്ത് സ്വദേശികളായ ഹാരിസും സുഹൃത്ത് അർഷാദും അധ്യാപകരുടെ സംഘത്തെ കാണുന്നത്. ‘ഞങ്ങൾ ബൈക്കിൽ വരുന്നതിനിടയിലാണ് മുന്നിലുണ്ടായിരുന്ന ട്രാവലർ അപകടത്തിൽപ്പെടുന്നത്. പതിനാലാം വളവിലായിരുന്നു ഞങ്ങൾ. പതിമൂന്നാം വളവിൽനിന്നാണ് ഡിവൈഡറിൽ ഇടിച്ച് വാഹനം താഴേക്ക് മറിയുന്നത്. ആദ്യം നിലവിളിമാത്രമായിരുന്നു.
പിന്നീട് വാഹനം
പതിക്കുന്ന ശബ്ദം കേട്ടു. സ്ഥലത്തുണ്ടായിരുന്ന ഫോറസ്റ്റ് ജീവനക്കാരാണ് അപകടവിവരം ആദ്യം പറയുന്നത്. മുന്നിലൊരു കെഎസ്ആർടിസി ബസും കണ്ണൂരിൽനിന്നുള്ള വിനോദയാത്രാസംഘവും ഉണ്ടായിരുന്നു. ഞങ്ങൾ ഓടിയെത്തുമ്പോൾ കണ്ട കാഴ്ച പറഞ്ഞറിയിക്കാനാകില്ല. ശരീരം മരവിച്ചുപോയി. സ്ത്രീകൾ ഉൾപ്പെടെ സംഭവസ്ഥലത്തുതന്നെ മരിച്ചു. തൊട്ടുമുമ്പ് സെൽഫി എടുത്തുകൊണ്ടിരുന്ന പല മുഖങ്ങളും അവിടെയുണ്ടായിരുന്നു. തമിഴ്നാട് പൊലീസും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി. ബസിലുള്ളവരും മറ്റു യാത്രക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു– - പൊള്ളാച്ചി ഗവ. ആശുപത്രിയിലെത്തിയ ഹാരിസ് പറഞ്ഞു. വണ്ടിയുടെ നമ്പർ ഫോട്ടോയെടുത്ത് നാട്ടിൽ അറിയിച്ചത് ഹാരിസാണ്.










0 comments