ആന്റണിയുടെ പ്രവചനം തെറ്റെന്ന് കേരളം തെളിയിക്കും, മുത്തങ്ങയും മാറാടും മലയാളി മറന്നിട്ടില്ല: വി ശിവന്‍കുട്ടി

വി ശിവന്‍കുട്ടി
തിരുവനന്തപുരം: പിണറായി ഭരണം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് ശ്രീ എ കെ ആന്റണിക്ക് ഇപ്പോൾ പ്രവചനത്തിന്റെ കാലമാണെന്നും എന്നാൽ ആന്റണിയുടെ പ്രവചനം വെറുതെയാകുമെന്ന് ഈ നാട് തെളിയിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് പറഞ്ഞ മന്ത്രി, യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന ചില ചോദ്യങ്ങളും ഉന്നയിച്ചു.
'ഇന്ന് കേരളം ശാന്തമാണ്. ഇവിടെ വർഗീയ കലാപങ്ങളില്ല. എന്നാൽ എ കെ ആന്റണിയുടെ കാലത്തും യുഡിഎഫ് ഭരണകാലത്തും എത്രയെത്ര വർഗീയ കലാപങ്ങളാണ് ഈ മണ്ണിൽ അരങ്ങേറിയത്? മാറാട് കലാപം എങ്ങിനെ മറക്കും? ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴല്ലേ മുത്തങ്ങ വെടിവെപ്പ് നടന്നത്? തദ്ദേശീയ ജനതയെ വംശീയമായി ഉന്മൂലനം ചെയ്യാനല്ലേ അന്ന് യുഡിഎഫ് സർക്കാർ ശ്രമിച്ചത്? ആ ചരിത്രം മലയാളി മറന്നിട്ടില്ല. കോൺഗ്രസിന്റെ മുതിർന്ന നേതാവായ, കേന്ദ്രമന്ത്രി വരെയായ ആന്റണി സ്വന്തം മകൻ അനിൽ ആന്റണിയെ ബിജെപിക്ക് സംഭാവന നൽകിയത് ഏത് രഹസ്യ ഡീലിന്റെ ഭാഗമാണെന്ന് വ്യക്തമാക്കണം. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ആ വകുപ്പിൽ നടന്ന അഴിമതികളെക്കുറിച്ചുള്ള അന്വേഷണത്തെ അദ്ദേഹം ഭയപ്പെട്ടിരുന്നു എന്നത് പകൽ പോലെ വ്യക്തമാണ്. ആ ഭയത്തിൽ നിന്നാണ് ഈ ഒത്തുതീർപ്പ് രാഷ്ട്രീയം ഉണ്ടാകുന്നത്', ശിവന്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നടപ്പാക്കിയ വികസനങ്ങളെക്കുറിച്ചും കേന്ദ്ര ഏജൻസികളില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'നാടിന്റെ നന്മ ലക്ഷ്യമിട്ട് വികസനം കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് ശ്രീ പിണറായി വിജയൻ. അദ്ദേഹത്തെയും കുടുംബത്തെയും കേന്ദ്ര ഏജൻസികൾ വേട്ടയാടിയതുപോലെ മറ്റൊരു രാഷ്ട്രീയ കുടുംബത്തെയും ഈ രാജ്യത്ത് വേട്ടയാടിയിട്ടുണ്ടാകില്ല. എന്നിട്ടും ഒരിഞ്ച് പിന്മാറാതെ അവർ പൊരുതിനിൽക്കുന്നത് ആത്മവിശ്വാസമുള്ളതുകൊണ്ടാണ്. അഴിമതിയുടെ കറ പുരളാത്തതുകൊണ്ടാണ്. ശ്രീ ആന്റണിയുടെ ശാപം ഏൽക്കുന്ന നാടല്ല ഇത്. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ എ കെ ആന്റണി കേരളത്തിനായി എന്താണ് ചെയ്തത്? വികസനവും സമാധാനവും ആഗ്രഹിക്കുന്ന ജനത വീണ്ടും ഇടതുപക്ഷത്തെ നെഞ്ചിലേറ്റും. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരും, അത് ഉറപ്പാണ്,' ശിവന്‍കുട്ടി പറഞ്ഞു.










0 comments