വാൽപ്പാറ വാഹനാപകടം
തമിഴ്നാട് സർക്കാരുമായി ഏകോപിപ്പിച്ചു; സഹായങ്ങൾ ഉറപ്പാക്കിയെന്ന് വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ
തിരുവനന്തപുരം: വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മന്ത്രി വി. ശിവൻകുട്ടി അതീവ ദുഃഖം രേഖപ്പെടുത്തി. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ ഒൻപത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് സർക്കാരുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ ഏകോപിപ്പിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾക്കും തുടർനടപടികൾക്കുമായി സംസ്ഥാന സർക്കാർ സജീവമായി രംഗത്തുണ്ട്. സർക്കാരിനെ പ്രതിനിധീകരിച്ച് പാലക്കാട് എഡിഎം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.സംസ്ഥാന സർക്കാർ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്
മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മലപ്പുറത്തെത്തിക്കും. അപകടത്തിൽ പരിക്കേറ്റ് വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ഉടൻ തന്നെ കോഴിക്കോട്ടേക്കോ തിരുവനന്തപുരത്തേക്കോ മാറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മലപ്പുറം-കോഴിക്കോട് ഭാഗത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വൈകീട്ട് 5.30ഓടെ നടന്ന വാഹനാപകടത്തിൽ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ ഒമ്പത് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയർപിൻ വളവിൽ വെച്ചുണ്ടായ അപകടത്തിൽ മലപ്പുറം പാങ് പാറമ്മൽ സ്‌കൂളിലെ അധ്യാപകരാണ് മരിച്ചത്. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. മന്ത്രി വി ശിവൻകുട്ടി ഇന്ന് തന്നെ കോയമ്പത്തൂരിലേക്ക് തിരിക്കും.










0 comments