print edition ലക്ഷ്യം സമത്വാധിഷ്ഠിത തൊഴിൽമേഖല : മന്ത്രി വി ശിവൻകുട്ടി

മത്സ്യത്തൊഴിലാളി വിഭാഗത്തിനുള്ള തൊഴിലാളിശ്രേഷ്ഠ പുരസ്കാരം രേഖ കാർത്തികേയന് മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കുന്നു
തിരുവനന്തപുരം
സമത്വം, നീതി, കരുതൽ എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ തൊഴിൽമേഖലയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2024ലെ തൊഴിലാളിശ്രേഷ്ഠ പുരസ്‌കാര വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനസൗഹൃദ തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കുന്നതിൽ 10 വർഷത്തിൽ സർക്കാർ വലിയ മുന്നേറ്റമുണ്ടാക്കി. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതൽ മേഖലകളിൽ മിനിമം വേതനം ഉറപ്പാക്കി. തൊഴിലിടങ്ങളിൽ ഇരിപ്പിടാവകാശം പോലുള്ള തീരുമാനങ്ങൾ നടപ്പാക്കി. സ്ത്രീസൗഹൃദ തൊഴിലിടങ്ങളും തൊഴിലാളികളുടെ സാമൂഹിക- സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിൽ നാം രാജ്യത്തിന് മാതൃകയാണ്– മന്ത്രി പറഞ്ഞു.
തൊഴിൽമേഖലയെ ആധുനികവൽക്കരിക്കാനായി ‘വിഷൻ 2031' ബൃഹത് പദ്ധതിക്ക് വകുപ്പ് രൂപം നൽകിക്കഴിഞ്ഞു. പുത്തൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പരമ്പരാഗത മേഖലകളെ പുനരുദ്ധരിക്കാനും യുവജനങ്ങളെ ‘പഠനത്തോടൊപ്പം തൊഴിലി'നായി പ്രാപ്തരാക്കാനും ലക്ഷ്യമിടുന്നു. ലഹരിമുക്ത തൊഴിലിടങ്ങൾ ഉറപ്പാക്കാനുള്ള കർമപദ്ധതികളും ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരത്തിന് 20 മേഖലകളിലെ തൊഴിലാളികളെയാണ് പരിഗണിച്ചത്. ചടങ്ങിൽ തൊഴിൽ സ്‌പെഷ്യൽ സെക്രട്ടറി എസ് ഷാനവാസ് അധ്യക്ഷനായി. ലേബർ കമീഷണർ സഫ്‌ന നസറുദ്ദീൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, ആർ രാമു, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, ശിവജി സുദർശൻ, വ്യാപാര വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി രാജു അപ്‌സര തുടങ്ങിയവർ സംസാരിച്ചു.










0 comments