യുഐഡി രേഖപ്പെടുത്താൻ സാവകാശം
print edition സംസ്ഥാനത്ത് 175 അധ്യാപകർക്ക് തസ്തിക തിരികെ ലഭിക്കും : വി ശിവൻകുട്ടി

തിരുവനന്തപുരം
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ യുഐഡി രേഖപ്പെടുത്താനുള്ള സമയപരിധി നീട്ടിനൽകിയതിലൂടെ 175 അധ്യാപകർക്ക് നഷ്ടപ്പെട്ട തസ്തികകൾ തിരിച്ചുകിട്ടുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2025–-26 അധ്യയന വർഷത്തെ തസ്തിക നിർണയവുമായി ബന്ധപ്പെട്ടാണ് നിർണായക നടപടി.
2025 ജൂൺ 10-ലെ ആറാം പ്രവൃത്തിദിന കണക്കെടുപ്പിൽ യുഐഡി ലഭ്യമാകാതിരുന്ന കുട്ടികൾക്ക് ജൂലൈ 14 വരെ ലഭിച്ച രേഖകൾകൂടി പരിഗണിക്കാൻ സർക്കാർ നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൈറ്റ് പ്രത്യേക പരിശോധന നടത്തി. 213 വിദ്യാലയങ്ങളിൽനിന്നായി ആറാം പ്രവൃത്തിദിനത്തിൽ പുറന്തള്ളപ്പെട്ട 1052 കുട്ടികളുടെ വിവരങ്ങളാണ് പ്രത്യേകസമിതി പരിശോധിച്ചത്.
മതിയായ രേഖകൾ ഹാജരാക്കിയ 912 കുട്ടികളുടെ യുഐഡി പുതുതായി അംഗീകരിച്ചു. കൃത്യമായ രേഖകളില്ലാത്ത 140 അപേക്ഷകൾ നിരസിച്ചു. സ്കൂളുകളിൽ കുട്ടികളുടെ കുറവുമൂലം തസ്തിക നഷ്ടപ്പെടുമായിരുന്ന ഏകദേശം 175 അധ്യാപകർക്ക് ഈ നടപടിയിലൂടെ തസ്തികകൾ തിരിച്ചുലഭിക്കും. പത്തോളം പുതിയ തസ്തിക സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്.
വിദ്യാർഥികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്തെ 15 സ്കൂളുകൾ ‘അൺ ഇക്കണോമിക്' പട്ടികയിൽനിന്ന് ഒഴിവാകും. പുതുക്കിയ വിവരങ്ങൾ ‘സമ്പൂർണ', ‘സമന്വയ' സോഫ്റ്റ്‌വെയറുകളിൽ കൈറ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. തുടർനടപടികൾക്കായി സ്കൂൾ അധികൃതർക്ക് അതത് വിദ്യാഭ്യാസ ഓഫീസുകളെ സമീപിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.










0 comments