4000 കോടിയുടെ കിഫ്ബി നിക്ഷേപം
print edition 32 സ്‌കൂൾ കെട്ടിടങ്ങൾകൂടി നാടിന് സമർപ്പിക്കും : മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിർമാണം പൂർത്തിയായ 32 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് ഉണ്ടായതെന്നും കിഫ്ബി വഴിമാത്രം 4000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് സാധ്യമായതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്തെ 973 വിദ്യാലയങ്ങളിൽ ആധുനിക ഭൗതിക സൗകര്യ വികസനം ഒരുക്കി. പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, ജനപ്രതിനിധികളുടെ ആസ്‌തി വികസന ഫണ്ട്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് എന്നിവ സംയോജിപ്പിച്ചും 5000 കോടി രൂപയുടെ വികസനം സാധ്യ മാക്കി.
പ്ലസ്-വണ്ണിന് പുതിയ പാഠപുസ്‌തകങ്ങൾ
ഹയർ സെക്കൻഡറി മേഖലയിലെ പാഠപുസ്‌തക പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്ത അധ്യയന വർഷം പ്ലസ് വൺ വിദ്യാർഥികൾക്ക് പുതിയ പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യും. ഫെബ്രുവരി രണ്ടാംവാരംതന്നെ പുതിയ പുസ്‌തകങ്ങൾ പ്രകാശിപ്പിക്കും. 41 ടൈറ്റിൽ പുസ്‌തകങ്ങളാണ് പതിനൊന്നാം ക്ലാസിലേക്ക് തയ്യാറാക്കിയിരിക്കുന്നത്. വായനയ്‌ക്കപ്പുറം പ്രായോഗിക പഠനത്തിന് ഊന്നൽ നൽകിയുള്ള നൂതനമായ സമീപനമാണ് പുതിയ ഹയർ സെക്കൻഡറി പുസ്‌തകങ്ങളിൽ സ്വീകരിച്ചിട്ടുള്ളത്.
പാഠപുസ്‌തക പരിഷ്‌കരണം വേഗത്തിലും സമയബന്ധിതമായും പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറി. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 597 ടൈറ്റിൽ പാഠപുസ്‌തകങ്ങളാണ് വികസിപ്പിച്ചെടുത്തത്. ടീച്ചർ ടെക്‌സ്റ്റുകളും തയ്യാറാക്കി. ഭാഷാ ന്യൂനപക്ഷമായ കന്നഡ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകിയുള്ള പുസ്‌തകങ്ങളും ലഭ്യമാക്കുന്നുണ്ട്. മലയാള ഭാഷാ ബില്ലുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ ഉയർത്തുന്ന വിമർശങ്ങൾ വസ്‌തുത മനസ്സിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു.










0 comments