ad
Deshabhimani

എല്ലാ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്കും 
 നിർദേശം നൽകി

print edition ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി ; എല്ലാ മാനേജ്മെന്റിനും ബാധകം

a
വെബ് ഡെസ്ക്

Published on Feb 19, 2026, 01:30 AM | 1 min read


തിരുവനന്തപുരം

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച്‌ എൻഎസ്‌എസ്‌ മാനേജ്‌മെന്റിന്‌ അനുവദിച്ച സുപ്രീംകോടതി വിധി സർക്കാർ എല്ലാ മാനേജുമെന്റുകൾക്കും ബാധകമാക്കി. ഇതിന്റെ ഭാഗമായി, ഭിന്നശേഷി നിയമനത്തിന്‌ തസ്‌തികകൾ മാറ്റിവച്ച സ്‌കൂളുകളിൽ നിലവിൽ താൽക്കാലികമായി ജോലി ചെയ്യുന്ന അധ്യാപക, -അനധ്യാപക ജീവനക്കാരെ ശമ്പള സ്‌കെയിലിലേക്ക് മാറ്റാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


നടപടികൾ സുപ്രീംകോടതിയിൽ നിലനിൽക്കുന്ന ഹർജികളിലെ അന്തിമവിധിക്ക് വിധേയമായിരിക്കും. പൊതുവിദ്യാഭ്യാസ മേഖലയിൽ ഏറെക്കാലമായുള്ള നിയമപരമായ സങ്കീർണതകൾക്കും പതിനായിരക്കണക്കിന് അധ്യാപകരുടെ ആശങ്കകൾക്കും ശാശ്വത പരിഹാരം കാണുന്ന സുപ്രധാന തീരുമാനമാണിത്‌.


ഹർജിക്കാരായ 442 അധ്യാപകരെ ഇപ്പോൾ റെഗുലറൈസ് ചെയ്യുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാകുമെന്നാണ്‌ നിയമോപദേശം. സ്‌പെഷൽ ലീവ് പെറ്റീഷനുകൾ സമർപ്പിച്ച ഇവരുടെ കാര്യത്തിൽ നടപടി അന്തിമവിധി വന്നശേഷം മാത്രം. അതേസമയം, ഭിന്നശേഷി നിയമനത്തിന് ഇതുവരെ തസ്‌തികകൾ നീക്കിവെക്കാത്ത മാനേജ്മെന്റുകള്‍ കോടതി നിർദേശപ്രകാരം അടിയന്തരമായി അത് ചെയ്യണം.


ഭാവിയിലെ നിയമനങ്ങൾക്കെല്ലാം സുപ്രീംകോടതി വിധി ബാധകമാകും. നിയമന അംഗീകാരം ലഭിക്കാത്ത പ്രൊപ്പോസലുകൾ രണ്ടാഴ്‌ചയ്‌ക്കകം പൂര്‍ത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിര്‍ദേശം നൽകി. ഇല്ലെങ്കില്‍ വിദ്യാഭ്യാസ ഉപഡയറക്‌ടർമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തണം. തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറും സെക്രട്ടറിയും നേരിട്ട് ഇടപെട്ട് പരാതികൾക്ക് പരിഹാരം കാണണം. ഇതിന്റെ ആനുകൂല്യം എയ്ഡഡ് സ്‌കൂളുകളിലെ ഇരുപതിനായിരത്തോളം അധ്യാപകർക്ക് ലഭിക്കും –മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home