ad
Deshabhimani

print edition സവർക്കർക്കുവേണ്ടി ഭാര്യയും എഴുതി ‘മാപ്പ്‌’ ; സംഘപരിവാറിന്റെ സ്വാതന്ത്ര്യസമര വഞ്ചനക്ക്‌ പുതിയ തെളിവ്‌

V D Savarkkar wife yamunabhai
വെബ് ഡെസ്ക്

Published on Dec 23, 2025, 03:30 AM | 2 min read


കോഴിക്കോട്‌

ബ്രിട്ടീഷുകാർക്ക്‌ അടിമപ്പണി ചെയ്യാം എന്നെഴുതിക്കൊടുത്ത്‌ ആൻഡമാൻ ജയിലിൽനിന്ന്‌ മോചിതനാകാൻ ശ്രമിച്ച ഹിന്ദുമഹാസഭ നേതാവ്‌ വി ഡി സവർക്കർ ഭാര്യ യമുനാഭായ്‌ വഴിയും മോചിതനാകാൻ നീക്കം നടത്തിയെന്നതിന്‌ തെളിവുകൾ. നാഷണൽ ആർക്കൈവ്‌സിൽ ബ്രിട്ടീഷ്‌ ആഭ്യന്തരവകുപ്പിന്റെ (Political K.W. Proceedings, June 1921, No.201 ) ഫയലിൽ എട്ടുപേജിൽ യമുനയുടെ മാപ്പപേക്ഷയുണ്ട്‌. നിരവധി സ്വാതന്ത്ര്യസമരപോരാളികൾ ഏകാന്തതടവിൽ കഴിയുമ്പോഴായിരുന്നു സംഘപരിവാർ ആചാര്യൻ സവർക്കറുടെ പാദസേവ.


‘‘മഹായുദ്ധകാലത്ത് സാമ്രാജ്യത്തെ സേവിക്കാൻ തങ്ങളുടെ ജീവൻ സമർപ്പിക്കാൻ അവർ സന്നദ്ധരായിരുന്നു. തങ്ങളുടെ വഴി തെറ്റിയിരുന്നുവെന്ന കാര്യം അവർ തിരിച്ചറിഞ്ഞുവെന്നത് അതിൽനിന്നുതന്നെ വ്യക്തം. കൂടാതെ, ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ 1917 മുതൽ ഗണ്യമായി മാറി. ഇക്കാര്യത്തിൽ അവരുടെ വ്യക്തവും സംശയരഹിതവുമായ പ്രഖ്യാപനങ്ങൾ അവർ സഹോദരൻ ഡോ. എൻ ഡി സവർക്കറിന് എഴുതിയ കത്തുകളിൽ കാണുവാൻ കഴിയും’’‐യമുനാഭായ്‌ വിനായക്‌ സവർക്കർ വൈസ്രോയിക്കുള്ള കത്തിൽ പറയുന്നു. ചൊവ്വാഴ്‌ച പുറത്തിറങ്ങുന്ന ദേശാഭിമാനി വാരികയിൽ ശ്രീകുമാർ ശേഖർ എഴുതുന്ന ‘രേഖാമൂലം’ പംക്തിയിൽ കത്തിന്റെ പകർപ്പ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മുതിർന്ന മാധ്യമപ്രവർത്തകനായ ശ്രീകുമാർ ദേശാഭിമാനി മുൻ അസോസിയേറ്റ്‌ എഡിറ്ററാണ്‌.


ആൻഡമാൻ ജയിലിലുള്ള ഭർത്താവിനെയും സഹോദരൻ ജി ഡി സവർക്കറെയും വിട്ടയക്കണമെന്നാണ്‌ 1921 ഏപ്രിൽ 18ന്‌ അയച്ച കത്തിലെ ആവശ്യം. പുതുതായി നിയമിതനായ വൈസ്രോയി റഫസ്‌ ദാനിയേൽ ഐസക്കിനാണ്‌ കത്ത്‌. സവർക്കർ നേരിട്ടുനൽകിയ ആറ്‌ ദയാഹർജികൾക്കുശേഷമാണ്‌ ഭാര്യ വഴിയുള്ള അപേക്ഷ.

സവർക്കറുടെ ഉറ്റ അനുയായിയും പിൽക്കാലത്ത്‌ (1937ൽ) ബോംബെ പ്രവിശ്യയിൽ ധനമന്ത്രിയുമായിരുന്ന ബാരിസ്‌റ്റർ ജംമ്‌നാദാസ്‌ മേത്തയാണ്‌ യമുനാഭായിയുടെ കത്ത്‌ തയ്യാറാക്കിയതെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഗാന്ധി വധക്കേസിൽ പ്രതി നാഥുറാം വിനായക ഗോഡ്‌സേ കോടതിയിൽ ചെയ്‌ത അഞ്ചുമണിക്കൂർ പ്രസ്‌താവന തയ്യാറാക്കാൻ സഹായിച്ചതും ജംമ്‌നാദാസ്‌ മേത്തയായിരുന്നു. (ദ സ്റ്റോറി ഓഫ്‌ റെഡ്‌ഫോർട്ട്‌ ട്രയൽ എന്ന കൃതിയിൽ പ്രതിഭാഗം അഭിഭാഷകരിൽ ഒരാളായ പി എൽ ഇനംദാർ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്‌).


yamunabhai
സവർക്കർക്കായി മാപ്പപേക്ഷിച്ച്‌ ഭാര്യ 
യമുനാഭായ്‌ അയച്ച കത്തിന്റെ 
അവസാന പേജ്‌. തയ്യാറാക്കിയ 
ജംമ്‌നാദാസ്‌ മേത്തയുടെ പേരും കാണാം


യമുനാഭായിയുടെ കത്തിന്റെ ആദ്യഭാഗത്ത്‌ സവർക്കർ സഹോദരന്മാർ യുവാക്കളും അനുഭവക്കുറവുള്ളവരുമായിരുന്ന കാലത്താണ് കേസിനിടയാക്കിയ കൊലപാതകങ്ങൾ സംഭവിച്ചതെന്ന് പറയുന്നു. അമിതാവേശംകൊണ്ടാണ് വഴിതെറ്റിയത്. അതുകൊണ്ട്‌ മാപ്പ്‌ നൽകണം. കത്തിന്റെ അവസാനം വൈസ്രോയിയുടെ മഹാമനസ്‌കതയെ സ്‌തുതിക്കുന്നുമുണ്ട്‌.


1911 ജൂലൈ നാലിനാണ് സവർക്കർ ജയിൽ ജീവിതം ആരംഭിക്കുന്നത്. രണ്ടുമാസം കഴിയുംമുമ്പ്, 1911 ഓഗസ്റ്റ് 30ന് ആദ്യ മാപ്പപേക്ഷ നൽകി ബ്രിട്ടീഷുകാരെപ്പോലും അമ്പരപ്പിച്ചു. 1924ൽ മോചിതനാകുംവരെ നാല്‌ മാപ്പ്‌ അപേക്ഷകൾ കൂടി. അമ്പതുകൊല്ലം ശിക്ഷ വിധിക്കപ്പെട്ട സവർക്കർ മാപ്പപേക്ഷകളെ തുടർന്ന്‌ 13 വർഷത്തിനുശേഷം മോചിതനായി. രത്നഗിരി ജില്ലയിൽ താമസമാക്കി. ബ്രിട്ടീഷ് സർക്കാരിൽനിന്ന്‌ അലവൻസും കൈപ്പറ്റി. ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ സംഘാടകൻ മാത്രമായി തുടർന്നു. ദേശീയ പ്രസ്ഥാനത്തിൽനിന്ന് ഹിന്ദുക്കളെ പിന്തിരിപ്പിക്കുന്ന ജോലിയിൽ മുഴുകി. സ്വന്തം മാപ്പപേക്ഷകൾക്കൊപ്പം ഭാര്യ മുഖേന നൽകിയ ഈ കത്തും സവർക്കറുടെ വഞ്ചനയുടെയും ബ്രിട്ടീഷ്‌ അടിമത്ത മനോഭാവത്തിന്റെയും തെളിവായി നിൽക്കുന്നുവെന്ന്‌ രേഖാമൂലം ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home