അന്വേഷണം കൃത്യമായ നടപടിക്രമം പാലിച്ച്
print edition കേരളം മറക്കില്ല സതീശന്റെ ‘പുനർജനി’ തട്ടിപ്പ്

തിരുവനന്തപുരം
പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാനെന്നപേരിൽ പ്രഖ്യാപിച്ച പുനർജനി പദ്ധതിയിൽ തുടക്കംമുതൽ അടിമുടി ക്രമക്കേട്. 2018ലെ പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് വീടുവയ്‌ക്കാനെന്ന പേരിൽ സ്വന്തമായി പദ്ധതി പ്രഖ്യാപിച്ച്, വൻതോതിൽ വിദേശത്ത് നിന്നടക്കം തുക സ്വരൂപിക്കുകയായിരുന്നു. ഫണ്ട് ഉപയോഗിച്ച് വീട് വച്ചതിന്റെ ഒരു കണക്കും ലഭ്യമല്ല. പുനർജനി പദ്ധതിയിൽ ഫ്ലാറ്റ് നിർമിക്കാൻ എളന്തിക്കരയിൽ കല്ലിട്ടെങ്കിലും പണി തുടങ്ങിയില്ല. 217 വീട് നിർമിച്ചുനൽകിയെന്ന് എംഎൽഎ അവകാശപ്പെട്ടെങ്കിലും വിവിധ സംഘടനകൾ സ്‌പോൺസർ ചെയ്‌തവയാണ് വീടുകളെന്ന് പിന്നീട് കണ്ടെത്തി.നിരവധി വിവാദങ്ങൾ ഉയർന്നിട്ടും പുനർജനിയുമായി ബന്ധപ്പെട്ട് വരവ് ചെലവ് കണക്കുകൾ വെളിപ്പെടുത്താൻ ഇതുവരെ സതീശൻ തയ്യാറായിട്ടില്ല.
സതീശന്റെ വിദേശയാത്രകൾ നിയമസഭാ സെക്രട്ടറിയറ്റിന്റെ അനുമതിയോടെയല്ലെന്ന് ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി എസ് രാജന് ലഭിച്ച വിവരാവകാശ രേഖയിൽ ഉണ്ടായിരുന്നു. കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്ര നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്നാണ് സതീശന്റെ ന്യായം. മന്ത്രിമാർക്ക് പ്രളയ ദുരിതാശ്വാസത്തിന് ധനശേഖരണാർഥം വിദേശയാത്ര നടത്താൻപോലും കേന്ദ്ര അനുമതി കിട്ടാത്ത അവസരത്തിലും സതീശന് എങ്ങനെ അനുമതി ലഭിച്ചു എന്നതാണ് സംശയം.
പുനർജനി പദ്ധതിക്ക് ഫണ്ട് ചോദിച്ച് യുകെയിലെ ബിർമിങ്‌ഹാമിൽ പ്രസംഗിച്ചിട്ടില്ലെന്ന് വി ഡി സതീശൻ എംഎൽഎ നിയമസഭയിൽ പറഞ്ഞതും പച്ചക്കള്ളമാണെന്ന് വീഡിയോ പുറത്തുവന്നതോടെ പൊളിഞ്ഞു. ഇതോടെ സതീശൻ അടവ് മാറ്റി. ‘ഞാൻ ബിർമിങ്‌ഹാമിൽ പ്രസംഗിച്ചിട്ടുണ്ട്. എന്റെ നാട്ടുകാർക്കുവേണ്ടിയാണത്. ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലും ഞാൻ പോയി പ്രസന്റേഷൻ നടത്തി സഹായം മേടിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ വനിതയാണ് ബിർമിങ്‌ഹാമിൽ ലഞ്ച് മീറ്റിങ് നടത്തി അവിടത്തെ സഹായങ്ങൾ ക്രോഡീകരിച്ചത്. അവർ പറവൂർ ടൗൺഹാളിൽ വന്നാണ് ചെക്കുകൾ കൈമാറിയത്’–എന്നാണ് സതീശൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.
ലൈഫ് പദ്ധതിയിൽ സർക്കാർ വിദേശസഹായം സ്വീകരിച്ചെന്ന് ആരോപിച്ചത് ഇതേ വി ഡി സതീശനാണ്. പുനർജനി പദ്ധതിയിൽ സർക്കാർ ഓഡിറ്റിങ് ആവശ്യമില്ലെന്നും ലഭിച്ച ഫണ്ടും ചെലവും ഗുണഭോക്‌തൃപട്ടികയും 2019 ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്നുമാണ് സതീശൻ പറവൂരിൽ പറഞ്ഞത്. വർഷങ്ങൾ കഴിഞ്ഞിട്ടും കണക്കും ഓഡിറ്റ് റിപ്പോർട്ടും പുറത്തുവിടാൻ സതീശൻ തയ്യാറായിട്ടില്ല.
ക്ലീൻചിറ്റ് നൽകിയിട്ടില്ല ; വിദേശ യാത്രകൾ ദുരൂഹം
പുനർജനി അഴിമതിക്കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ലീൻ ചിറ്റെന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ചില കാര്യങ്ങളിൽ വ്യക്തതവരുത്താൻ വിജിലൻസിനോട് ആഭ്യന്തരവകുപ്പ് പറഞ്ഞിരുന്നു. നിയമ ലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്ന ശുപാർശയിൽ സ്പീക്കറും കൂടുതൽ വ്യക്തത തേടി.
വിഡി സതീശൻ എംഎൽഎയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം വന്നിട്ടുണ്ടോ എന്നൊരു ചോദ്യമുണ്ട്. അതിന് ഇല്ല എന്നാണ് വിജിലൻസിന്റെ മറുപടി. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല എന്ന് മാത്രമാണ് ഇതിന്റെ അർത്ഥം. ഈ മറുപടിയാണ് സതീശന് ക്ലീൻ ചിറ്റ് ലഭിച്ചെന്ന് മാധ്യമങ്ങൾ വളച്ചൊടിച്ചത്. സതീശൻ യുകെയിൽ പോയി പരിപാടിയിൽ പങ്കെടുത്ത് ഫണ്ട് ആവശ്യപ്പെട്ട് പ്രസംഗിച്ചതിന്റെ അടിസ്ഥാനത്തിൽ, മണപ്പാട്ട് ഫൗണ്ടേഷൻ എന്ന എൻജിഒയുടെ അക്കൗണ്ടിലേക്കാണ് പണം വന്നത്. മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഐ അക്കൗണ്ടിലേക്കും കറണ്ട് അക്കൗണ്ടിലേക്കും മറ്റൊരു അക്കൗണ്ടിലേക്കും പണം വന്നു. മറ്റുചില വിദേശ രാജ്യങ്ങളിൽനിന്ന് ഇൗ അക്കൗണ്ടുകളിലേക്ക് ഈ കാലയളവിൽ പണം വന്നിട്ടുണ്ട്. ഇതെല്ലാം ദുരൂഹമാണ്.
ഇങ്ങനെ വന്ന പണം എഫ്സിആർഎ നിയമത്തിന്റെ ലംഘനമാണെന്നും അവിടെനിന്ന് പണം സ്വരൂപിച്ച് അയച്ചത് സതീശന്റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും വ്യക്തമാണ്. ഇക്കാര്യത്തിൽ എഫ്സിആർഎ നിയമലംഘനം നടന്നതായി കണ്ടെത്തിയതിനാൽ സിബിഐ അന്വേഷണം വേണമെന്നാണ് വിജിലൻസ് ശുപാർശ.
അന്വേഷണം കൃത്യമായ നടപടിക്രമം പാലിച്ച്
സംസ്ഥാനത്തെ ഒരു മുതിർന്ന പൊതുപ്രവർത്തകനെതിരെ പരാതി ലഭിച്ചാൽ പ്രാഥമിക പരിശോധന നടത്താതെ ഉടൻ കേസെടുക്കാനോ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചയുടൻ നടപടിയെടുക്കാനോ കഴിയില്ല. യുഡിഎഫിനെപ്പോലെ രാഷ്ട്രീയപ്രേരിതമായി കേസെടുകളെടുക്കുന്നതോ പ്രതികാര നടപടികൾ സ്വീകരിക്കുന്നതോ അല്ല എൽഡിഎഫ് സർക്കാരിന്റെ നയം. വി ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന വിജിലൻസിന്റെ ശുപാർശയാണ് ഇപ്പോൾ വന്നത്. വിജിലൻസ് അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങളാണ് ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ടിന്മേൽ വിവിധ പരിശോധനകൾ നടക്കുകയാണ്.
ആവശ്യമായ നിയമപരിശോധനകൾ നടത്തിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്തുനിന്നും ഫണ്ട് പിരിച്ചത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്ന് കാതികൂടം ആക്ഷൻ കൗൺസിലിന്റെ പരാതി വിജിലൻസിന് ലഭിച്ചത് 2020 ജൂലൈ 27 നാണ്. പറവൂർ എൽഡിഎഫ് മണ്ഡലം കമ്മിറ്റി 2020 സെപ്തംബർ 14 നും പറവൂർ മുൻ എംഎൽഎ കെ രാജു സെപ്തംബർ 18 നും പരാതി നൽകി. കഴിഞ്ഞ വർഷം ഏപ്രിൽ 30 നാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഒരു പരാതി ലഭിച്ചാൽ, അതിന്മേൽ റിപ്പോർട്ട് ലഭിച്ചാൽ, ഉടൻ നടപടി എടുക്കുന്നതിന് പകരം അതിനകത്ത് വേണ്ട പരിശോധനകൾ വരുത്തി വ്യക്തത വരുത്തിയാണ് നടപടി സ്വീകരിക്കുക. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അത്തരം രീതികൾ ഇല്ലായിരുന്നു. രാഷ്ട്രീയ ആരോപണങ്ങൾ ഉയരുമ്പോൾ എതിരാളികൾക്കെതിരെ ആയുധമാക്കുന്ന രീതിയായിട്ടാണ് അവർ അതിനെ ഉപയോഗിക്കുന്നത്. ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നത്.
വിദേശ സംഭാവന നിയന്ത്രണ നിയമം(എഫ്‌സിആർഎ) ലംഘനം ഉണ്ടായിയെന്ന് കണ്ടെത്തിയതോടെ അന്വേഷണം വിജിലൻസിന്റെ പരിധിയിൽ മാത്രം നിൽക്കുന്നതല്ല എന്ന് വ്യക്തമായി. ഇത്തരം അന്വേഷണങ്ങൾക്ക് കേന്ദ്ര ഏജൻസികൾ ആവശ്യമാണ്. ഇതോടെയാണ് സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തത്.










0 comments