സാമ്പത്തിക സഹായം തേടാൻ അനുമതി നൽകിയിരുന്നില്ല ; കേന്ദ്ര സർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു
print edition പുനർജനിയുടെ പേരിൽ യുകെ യാത്ര ; വി ഡി സതീശൻ കേന്ദ്രാനുമതി ദുരുപയോഗിച്ചു

തിരുവനന്തപുരം
പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് അനധികൃതമായി പണം പിരിച്ചതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. അദ്ദേഹത്തിന്റെ യുകെ സന്ദർശനം കൃത്യമായ ആസൂത്രണം ചെയ്തിരുന്നെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ അനുമതി ദുരുപയോഗിച്ചെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തുള്ള റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
സുഹൃത്തുക്കളെ കാണാനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനുമാണ് സതീശന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയത്. സാമ്പത്തിക സഹായം തേടാൻ അനുമതി നൽകിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസിൽ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എംഎൽഎ എന്ന നിലയിൽ നിയമസഭാ സെക്രട്ടറി നൽകിയ എൻഒസിയിലും ഇക്കാര്യമുണ്ട്. ഇതുപയോഗിച്ചാണ് യുകെ സന്ദർശിച്ചത്. ഇതിനിടയിലാണ് ബെർമിങ്‌ഹാമിൽ ലഞ്ച് മീറ്റിൽ പങ്കെടുത്തവരോട് 500 പൗണ്ട് വീതം നൽകാൻ അഭ്യർഥന നടത്തിയത്.
വീഡിയോ പുറത്തുവന്നതിനാൽ സാമ്പത്തിക അഭ്യർഥനയുണ്ടായിട്ടില്ല എന്ന വാദം നിലനിൽക്കില്ല. ഇത് വിദേശസംഭാവന നിയന്ത്രണ ചട്ടം (എഫ്‌സിആർഎ) സെക്‌ഷൻ 3 (2) (എ)യുടെ ലംഘനമാണ്. പ്രളയകാലത്ത് ഗൾഫ് മേഖലയിലുള്ള മലയാളികളുടെ സഹായം തേടിയുള്ള മുഖ്യമന്ത്രിയുടെ യാത്രയ്‌ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത് ഇൗ നിയമത്തിന്റെ പേരുപറഞ്ഞാണ്. അവിടെനിന്ന് സ്വരൂപിച്ച തുക സതീശൻ സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങാതെ, യുകെയിലെ മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്‌ഡ് ട്രസ്‌റ്റ് (എംഐഎടി) എന്ന എൻജിഒ വഴി മണപ്പാട്ട് ഫൗണ്ടേഷന്റെ കൊച്ചിയിലെ അക്കൗണ്ടിലേക്കാണ് വാങ്ങിയത് എന്നത് കൃത്യമായ ആസൂത്രണത്തിന്റെ തെളിവാണ്.
വി ഡി സതീശൻ എംഎൽഎ സ്ഥാനം ദുരുപയോഗിച്ച് മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദുമായി ഗൂഢാലോചന നടത്തിയാണ് യുകെയിൽ പോയതും വിദേശ ഫണ്ട് സ്വരൂപിച്ചതും എന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നീറ്റ ജലാറ്റിൻ കമ്പനിയുടെ സിഎസ്ആർ ഫണ്ട് ‘പുനർജനി’ പദ്ധതിക്കായി ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.










0 comments