ad
Deshabhimani

കത്തുന്ന വെയിൽ, കരുതിയിരിക്കാം അൾട്രാവയലറ്റ് രശ്മികളെ; അഞ്ചിടത്ത് അതീവ ജാ​ഗ്രത

uv index

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 26, 2026, 10:28 AM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കത്തുന്ന വെയിലിനൊപ്പം അൾട്രാവയലറ്റ് വികിരണതോതും കൂടുന്നു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയുള്ളത് അഞ്ചിടത്താണ്. കൊട്ടാരക്കര(കൊല്ലം), കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി) എന്നിവിടങ്ങളിലാണ് അതീവ ജാ​ഗ്രത നിർദേശത്തിന്റെ ഭാ​ഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇത് പ്രകാരം ജനങ്ങൾ ​ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണം. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് എട്ടു മുതല്‍ പത്തുവരെയാണ് ഓറഞ്ച് അലര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്. കളമശ്ശേരി(എറണാകുളം), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), മാനന്തവാടി(വയനാട്) എന്നിവിടങ്ങളി‍ലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്.


പൊതുജനങ്ങൾക്കുള്ള ജാ​ഗ്രതാ നിർദേശങ്ങൾ


  • പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.


  • പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.


  • പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.


  • യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.


  • മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. ആയതിനാൽ ഇവിങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.


ചൂടിനെ നിയന്ത്രിക്കാൻ നമ്മുടെ നിത്യജീവിതത്തിലെ ശീലങ്ങളിൽ തന്നെ കാതലായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. കത്തുന്ന വേനലിനെ തളയ്ക്കാൻ ഒരു 'കൂൾ' ദിനചര്യ എങ്ങനെയുണ്ടാക്കാം? ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്ന പ്രധാന കാര്യങ്ങൾ നോക്കാം.


ആഹാരകാര്യത്തിൽ ഇവ ശ്രദ്ധിക്കാം..


  • ധാരാളം വെള്ളം കുടിക്കുക: ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം, ഫ്രഷ് ജ്യൂസുകൾ, ഒആർഎസ് (ORS) ലായനി എന്നിവ കുടിക്കുന്നത് ശീലമാക്കുക.


  • ലഘുഭക്ഷണം: പോഷകാഹാരങ്ങളും ധാരാളം ജലാംശമുള്ള പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.


  • ഒഴിവാക്കേണ്ടവ: മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ (ചായ, കാപ്പി) എന്നിവ ചൂട് സമയത്ത് ഒഴിവാക്കുന്നത് ഉചിതമാണ്.


പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാൻ


  • സമയക്രമം: രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.


  • യാത്രകൾ: അത്യാവശ്യമല്ലാത്ത യാത്രകൾ ഈ സമയങ്ങളിൽ ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ തൊപ്പിയും സൺഗ്ലാസും ധരിക്കാൻ ശ്രദ്ധിക്കണം.


  • ചർമ്മസംരക്ഷണം: വെയിലത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നുള്ള ആഘാതം കുറയ്ക്കാൻ സഹായിക്കും.


ജീവിതശൈലിയിൽ വരുത്താം ഈ മാറ്റങ്ങൾ


  • വസ്ത്രധാരണം: ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.


  • വിശ്രമം: കഠിനമായ ജോലികൾ ഒഴിവാക്കുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും ചെയ്യുക. ശരീരതാപം കുറയ്ക്കാൻ ഇടയ്ക്കിടെ കുളിക്കുന്നതും നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം ഒപ്പുന്നതും ഗുണകരമാണ്.


  • കൂളിംഗ് സംവിധാനങ്ങൾ: ഫാനുകൾ, എയർ കണ്ടീഷണറുകൾ, കൂളറുകൾ എന്നിവയുടെ സഹായത്തോടെ വീടിനുള്ളിലെ താപനില ക്രമീകരിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home