ആശ്വാസ മഴയെത്തി; വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണതോത് താഴേക്ക്

എ ഐ പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അൾട്രാവയലറ്റ് ഭീതി കുറയുന്നു. സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ ഉയർന്ന അൾട്രാവയലറ്റ് സൂചിക ഏഴിടത്ത് രേഖപ്പെടുത്തി. കോന്നി(പത്തനംതിട്ട), മൂന്നാർ (ഇടുക്കി), ഒല്ലൂർ(തൃശ്ശൂർ), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), ബേപ്പൂർ(കോഴിക്കോട്), മാനന്തവാടി(വയനാട്) എന്നിവിടങ്ങളിലാണ് യെല്ലോ അലർട് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് ആറ് മുതല്‍ ഏഴ് വരെയാണ് യെല്ലോ അലര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്. ഇത് പ്രകാരം ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ
പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. ആയതിനാൽ ഇവിങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.










0 comments