റെയിൽ ട്രാക്ക് പരിശോധനയ്‌ക്ക് അവിദഗ്‌ധ തൊഴിലാളികൾ ; സുരക്ഷ അപകടത്തിൽ

കൊച്ചി
റെയിൽ ട്രാക്കുകളിലെ പട്രോളിങ് ജോലിക്ക് അവിദഗ്‌ധ അതിഥിത്തൊഴിലാളികളെ നിയോഗിക്കുന്നത് പാതകളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് ആശങ്ക.
മഴക്കാലത്ത് ട്രാക്കിൽ സംഭവിക്കാനിടയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഏറ്റവും കൃത്യതയോടെ ചെയ്യേണ്ട ജോലിക്കാണ് തൊഴിൽ മുൻപരിചയമില്ലാത്തവരെ കരാറുകാർ നിയോഗിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ ജൂൺമുതൽ ആഗസ്‌തുവരെയുള്ള മഴക്കാല പട്രോളിങ് ജോലിയിലേക്കാണ് തൊഴിലാളികളെ നിയോഗിക്കുന്നത്.
ട്രാക്ക് മെയിന്റെയ്‌നർ തസ്തികയിലുള്ളവരാണ് ഈ ജോലി ചെയ്‌തിരുന്നത്. ട്രാക്കിന് ഇരുവശവുമുള്ള നടപ്പാത (സെസ്)യിലൂടെ നടന്നാണ് പട്രോളിങ് നടത്തേണ്ടത്. ട്രാക്ക് ബലപ്പെടുത്താൻ കൂടുതൽ മെറ്റൽ ഉപയോഗിച്ചതിന്റെ ഭാഗമായി മിക്കവാറും സ്ഥലങ്ങളിൽ നടപ്പാതയില്ല. അതുകൊണ്ട് ട്രാക്കിലൂടെ നടന്നാണ് തൊഴിലാളികൾ നൈറ്റ് പട്രോളിങ് നടത്തുന്നത്. രാത്രി ട്രെയിൻ വരുമ്പോൾ സുരക്ഷിതമായി മാറിനിൽക്കാൻ പരിചയസമ്പന്നർക്കുപോലും ബുദ്ധിമുട്ടാണ്. ഇത്തരം സന്ദർഭങ്ങളിൽ നിരവധി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
ജീവനക്കാരെ വെട്ടിച്ചുരുക്കിയതുമൂലം ഏതാനും വർഷമായി ഒന്നുവീതം റെയിൽവേ ജീവനക്കാരനും കരാർ ജീവനക്കാരനുമാണ് ഈ ജോലി നിർവഹിച്ചിരുന്നത്. ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്ന റെയിൽവേ കോൺട്രാക്ട് ലേബർ യൂണിയനിലെ തൊഴിലാളികളെയാണ് സ്ഥിരമായി നിയോഗിച്ചിരുന്നത്. രാത്രി 20 കിലോമീറ്റർ നടന്നുള്ള പട്രോളിങ് ഡ്യൂട്ടിക്കാരന് 1200 രൂപയായിരുന്നു കൂലി. ഈ കൂലി കൊടുക്കാനാകില്ലെന്ന് പറഞ്ഞാണ് പരിചയസമ്പന്നരല്ലാത്ത തൊഴിലാളികളെ നിയോഗിക്കുന്നത്. പട്രോളിങ് ഡ്യൂട്ടിക്ക് പരിചയസമ്പന്നരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്റ് ഡിവിഷൻ എൻജിനിയർക്ക് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ നിവേദനം നൽകിയിട്ടുണ്ട്.










0 comments