print edition ശബരിമല സ്വർണക്കവർച്ച ; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ചോദ്യംചെയ്യാനൊരുങ്ങി ഇഡി

കൊച്ചി
ശബരിമല സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയെ ചോദ്യംചെയ്യാനൊരുങ്ങി ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). എസ്‌ഐടി രജിസ്‌റ്റർ ചെയ്‌ത കേസിൽ കർശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ പോറ്റിയെ അടുത്ത ദിവസങ്ങളിൽ ചോദ്യംചെയ്യുമെന്നാണ് സൂചന. പോറ്റിയിൽനിന്ന് നിർണായക വിവരങ്ങൾ ശേഖരിച്ചശേഷം മറ്റു പ്രതികളെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.
ഇഡി രണ്ടാഴ്‌ചമുന്പ് നടത്തിയ പരിശോധനയിൽ പോറ്റിയുടെ 1.3 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു.
ഇതടക്കമുള്ള സാന്പത്തിക വിവരങ്ങളെക്കുറിച്ച് വിശദമൊഴി രേഖപ്പെടുത്തും. പോറ്റിയുടെ ഇടപാടുകളിൽ പങ്കാളിയായ തന്ത്രി കണ്ഠര് രാജീവരെ ഒഴിവാക്കിയായിരുന്നു ഇഡി പരിശോധന. ഇഡി ചോദ്യംചെയ്യുന്നവരുടെ പട്ടികയിലും തന്ത്രിയില്ല. സ്വർണക്കൊള്ളക്കേസിൽ ജാമ്യം നേടിയ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനെ ഇഡി ചോദ്യംചെയ്‌തു.
ദേവസ്വംബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചൊവ്വാഴ്‌ച ഒന്പത് മണിക്കൂർ ചോദ്യംചെയ്‌തിരുന്നു. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പപാളിയിലെയും സ്വർണം കവർന്ന കേസുകളിലായിരുന്നു ചോദ്യംചെയ്യൽ. എസ്‌ഐടി രജിസ്‌റ്റർ ചെയ്‌ത കേസിൽ മുരാരി ബാബുവും ജാമ്യത്തിലാണ്. ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്‌തേക്കും.
മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്-കുമാറും ഇഡിയുടെ പട്ടികയിലുണ്ട്. ഇവർക്കും മറ്റു പ്രതികൾക്കും സമൻസ് നൽകിയതായാണ് വിവരം.










0 comments