print edition കേറ്റിയതും പോറ്റിയതും ഊറ്റിയതും കോൺഗ്രസ് ; പോറ്റിക്ക് ബന്ധം അജയ് തറയിൽ മുതൽ ഹൈക്കമാൻഡ് വരെ

തിരുവനന്തപുരം
ശബരിമല സ്വർണമോഷണക്കേസിൽ കോൺഗ്രസ് നേതാവ് അജയ് തറയിൽ മുതൽ "ഹൈക്കമാൻഡിലെ' സോണിയ ഗാന്ധിവരെ സംശയനിഴലിലായതോടെ വെട്ടിലായി കോൺഗ്രസ്. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കേറ്റിയതും പോറ്റിവളർത്തിയതും സമ്മാനങ്ങളടക്കം ഊറ്റിയതും കോൺഗ്രസ് നേതാക്കളാണ്. ബംഗളൂരുവിലെ അയ്യപ്പ ക്ഷേത്രം പൂജാരിയായിരുന്ന പോറ്റി 2004ൽ യുഡിഎഫ് കാലത്താണ് തന്ത്രി കണ്ഠര് രാജീവരുടെ സഹായിയായി ശബരിമലയിലെത്തുന്നത്. ദേവസ്വം മന്ത്രി കെസി വേണുഗോപാലായിരുന്നു. അടൂർ പ്രകാശും അന്ന് മന്ത്രിയായിരുന്നതും പോറ്റിക്ക് തുണയായി. 2006-ൽ എൽഡിഎഫ് സർക്കാർ വന്നതോടെ മലയിറങ്ങിയ പോറ്റി പിന്നീട് വന്നത് 2012ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. ചില കള്ളക്കളികൾ കണ്ടെത്തിയതോടെ ദേവസ്വം വിജിലൻസ് പോറ്റിയെ 2013ൽ പുറത്താക്കി. എന്നാൽ, പോയ വേഗത്തിൽ 2014-ൽ വീണ്ടും മേൽശാന്തിയുടെ സഹായിയായെത്തി.
അന്ന് ദേവസ്വം മന്ത്രി വിഎസ് ശിവകുമാറും ദേവസ്വം സെക്രട്ടറി ശിവകുമാറിന്റെ സഹോദരൻ വി എസ് ജയകുമാറുമാണ്.
2015-ൽ മുൻ കോൺഗ്രസ് എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റും കോൺഗ്രസ് നേതാവ് അജയ് തറയിൽ അംഗവുമായി പുതിയ ഭരണസമിതി വന്നു. കോടികൾ വരുന്ന വാജിവാഹനം തന്ത്രിക്ക് കൊടുത്തതും കോൺക്രീറ്റ് അടിത്തറയുള്ള കൊടിമരം ചിതലരിച്ചെന്ന് പറഞ്ഞ് മാറ്റിയതും ഇതേ ഭരണസമിതിയാണ്. പ്രയാർ നേതൃത്വം നൽകിയ പ്രാർത്ഥനാ സംഗമം, നിറപുത്തരി, കൊടിമര പ്രതിഷ്ഠ, അഷ്ടബന്ധ കലശം തുടങ്ങിയ പരിപാടികളിൽ പോറ്റിയായിരുന്നു പ്രധാന ചുമതലക്കാരൻ.
ദേവസ്വം ബോർഡ് ഔദ്യോഗിക പരിപാടിയിലേക്ക്, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ പ്രയാർ ഗോപാലകൃഷ്ണൻ ആനയിക്കുന്ന ഫോട്ടോ നേരത്തെ പുറത്തുവന്നിട്ടുണ്ട്. പോറ്റിക്കും ഗോവർധനും ഗൂഢപദ്ധതികൾ നടപ്പിലാക്കാൻ കൂട്ടുനിന്നത് കോൺഗ്രസ് കൂട്ടമാണെന്ന് വ്യക്തം. പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്യാൻ തന്ത്രി കണ്ഠര് രാജീവരുമുണ്ടായിരുന്നു. ഈ കാലത്താണ് അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഔദ്യോഗിക വസതിയിൽ പോറ്റിയും ഗോവർധനും കാണുന്നതും സമ്മാനം നൽകുന്നതും. അന്ന് സോണിയയെ കാണാൻ സൗകര്യമൊരുക്കിയത് അടൂർ പ്രകാശും ആന്റോ ആന്റണിയുമാണ്.










0 comments