വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് അടിയറവയ്ക്കുന്നു
സർക്കാരിന്റെ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ജനകീയ പ്രതിരോധം: കോൺഫെഡറേഷൻ

തിരുവനന്തപുരം: അഭിമാനകരമായ വിദ്യാഭ്യാസ മേഖലയെയും രാജ്യാന്തര അംഗീകാരം നേടിയെടുത്ത സർവകലാശാലകളെയും കാവിവൽക്കരിക്കാനുമുള്ള സംഘപരിവാറിന്റെ ഫാസിസ്റ്റ് അജൻഡകൾക്കെതിരെ പ്രതിഷേധവുമായി കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരള.
കേരള, കലിക്കറ്റ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാലകൾക്ക് പിന്നാലെ, എംജി സർവകലാശാലയെയും സംഘപരിവാറിന്റെ വർഗീയ പരീക്ഷണശാലയാക്കി മാറ്റാനാണ് ചാൻസലർകൂടിയായ ഗവർണറുടെ നീക്കം. കേരളത്തിന്റെ സാംസ്കാരിക പുരോഗതിയെ അട്ടിമറിക്കാനും സർവകലാശാലകളുടെ സ്വയംഭരണാവകാശം കാറ്റിൽപ്പറത്താനുമുള്ള വർഗീയ നീക്കങ്ങൾക്ക് യുഡിഎഫ് സർക്കാർ പരസ്യമായി കുടപിടിക്കുന്നത് ലജ്ജാകരവും വഞ്ചനാപരവുമാണ്.
ദേശീയ വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കം ഇതിന്റെ തെളിവാണ്. കേരളത്തിന്റെ മതനിരപേക്ഷ, ശാസ്ത്രീയബോധത്തെ തകർക്കാനും വിജ്ഞാനമേഖലയെ ഫാസിസ്റ്റ് അജൻഡകൾക്ക് അടിപ്പെടുത്താനുമുള്ള അവിശുദ്ധ നീക്കങ്ങളെ സർവകലാശാല ജീവനക്കാരുടെ കോൺഫെഡറേഷൻ പ്രതിരോധിക്കും. സർവകലാശാല ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥി-ബഹുജനങ്ങളെയും അണിനിരത്തിക്കൊണ്ട് വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനിൽപ്പിലൂടെ ജനകീയ പ്രതിരോധനിര ഉയർത്തുമെന്ന് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. പി കെ ബിജുവും ജനറൽ സെക്രട്ടറി ഹരിലാലും പ്രസ്താവനയിൽ അറിയിച്ചു.









0 comments