സ്‌പായുടെ മറവിൽ ലൈംഗികാതിക്രമം: നടത്തിപ്പുകാരൻ പിടിയിൽ

തിരൂർ : സ്പായുടെ മറവിൽ രാസലഹരികൾ നൽകി ലൈംഗികാതിക്രമവും പെൺവാണിഭവും നടത്തിയ സ്പാ നടത്തിപ്പുകാരൻ പിടിയിൽ. തിരൂർ തൃക്കണ്ടിയൂരില്‍ സ്പാ നടത്തുന്ന വെട്ടം സ്വദേശി കാട്ടിപറമ്പിൽ ശരത്പ്രസാദിനെ (29)യാണ് തിരൂർ പൊലീസ് പിടികൂടിയത്.
കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരെ സ്‌പായിലും വിവിധ സ്ഥലങ്ങളിലും കൊണ്ടുപോയി രാസലഹരികൾ നൽകി മറ്റുള്ളവർക്ക് പീഡിപ്പിക്കാൻ സഹായംചെയ്‌തെന്നാണ് കേസ്. ഇരകളുടെ നഗ്ന വീഡിയോകൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പിന്നീടും പീഡിപ്പിച്ചു. ഇങ്ങനെ പീഡനത്തിനിരയായ സ്ത്രീയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. അന്വേഷണത്തിൽ നിരവധി പേർ ഇയാളുടെ വലയിൽ വീണതായി പൊലീസ് കണ്ടെത്തി.
തിരൂർ ഇന്‍സ്പെക്ടര്‍ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ മിഥുൻ, അനുഷ, ഇക്ബാൽ, നസീർ തിരൂർക്കാട്, എസ്‌സിപിഒ അരുൺ ചോലക്കൽ, ടോണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അനധികൃത സ്പാകൾക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.









0 comments