Deshabhimani

പാക് ഏജന്റിന്റെ ഹണിട്രാപ്പിൽ കുടുങ്ങി; നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

NAVY

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 04, 2026, 10:33 AM | 1 min read

കോയമ്പത്തൂർ: പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിലെ വനിതാ ഏജന്റിന്റെ ഹണിട്രാപ്പിൽ കുടുങ്ങി പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയ 31 കാരനായ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയെയാണ് ആന്ധ്രപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെൽ അറസ്റ്റ് ചെയ്തത്.


കോയമ്പത്തൂരിലെ ഐഎൻഎസ് അഗ്രണിയിൽ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സിൽ പങ്കെടുക്കുന്നതിനിടെയാണ് ശനിയാഴ്ച അറസ്റ്റ് നടന്നത്. 2014 ൽ നാവികസേനയിൽ ചേർന്ന മുഖർജി വിശാഖപട്ടണം ആസ്ഥാനമായ ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.


ഏതാനും മാസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമത്തിലൂടെയാണ് പാക് വനിതാ ഏജന്റ് ഇയാളെ സമീപിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സൗഹൃദം സ്ഥാപിച്ച ശേഷം തന്ത്രപ്രധാന നാവിക സംവിധാനങ്ങൾ, കപ്പൽ നീക്കങ്ങൾ, വിശാഖപട്ടണം നാവിക താവളത്തിലെ പ്രവർത്തന ക്രമീകരണങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചതായാണ് ആരോപണം.


സംശയാസ്പദമായ ഡിജിറ്റൽ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലാക്കുകയായിരുന്നു. രഹസ്യവിവരങ്ങൾ കൈമാറിയതായി സ്ഥിരീകരിച്ചതിന് പിന്നാലെ നാവികസേനാ അധികൃതരുടെ അനുമതിയോടെയാണ് അറസ്റ്റ് നടത്തിയതെന്നാണ് റിപ്പോർട്ട്.


പ്രാദേശിക മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് നേടിയ ശേഷം മുഖർജിയെ വിജയവാഡയിലെ കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് മാറ്റി. ചോർത്തപ്പെട്ട വിവരങ്ങളുടെ സ്വഭാവവും വ്യാപ്തിയും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. ഹവാല വഴിയോ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലൂടെയോ ഇയാൾക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home