print edition യുനിസെഫ് റിപ്പോർട്ട് ; എല്ലാ വിദ്യാഭ്യാസ സൂചികകളിലും കേരളം മുന്നിൽ

തിരുവനന്തപുരം
രാജ്യത്തെ 20.6 കോടി കുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ അടിസ്ഥാന അവകാശം നിഷേധിക്കപ്പെടുന്നെന്ന യുനിസെഫ് റിപ്പോർട്ട് ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ തികച്ചും വ്യത്യസ്തമായ സാഹചര്യമാണുള്ളത്. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നതാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് ഏറ്റവും കുറവ് ഇവിടെയാണ്.
സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ ചേരുന്ന 99.5 ശതമാനം കുട്ടികളും പത്താം ക്ലാസ് വരെ പഠനം തുടരുന്നുവെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്നത്. 90 ശതമാനം കുട്ടികളും ഹയർ സെക്കൻഡറിയുടെ ഭാഗമാകുന്നു. എന്നാൽ ദേശീയതലത്തിൽ ഒന്നിൽ ചേരുന്ന കുട്ടികളിൽ 62.9 ശതമാനം മാത്രമാണ് പത്താം ക്ലാസിൽ എത്തുന്നത്. 12ൽ എത്തുന്നവർ 47.2 ശതമാനവും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള ദീർഘവീക്ഷണമുള്ള സർക്കാർ ഇടപെടലും, കുട്ടികളുടെ ആരോഗ്യത്തിനും പോഷകാഹാര ലഭ്യതക്കും വേണ്ടി നടപ്പിലാക്കിയ പദ്ധതികളുമാണ് ഇതിന്റെ അടിസ്ഥാനം. അക്കാദമിക് നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങി എല്ലാ വിദ്യാഭ്യാസ സൂചികകളിലും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഇൗ നേട്ടങ്ങൾ ദേശീയ നയരൂപീകരണത്തിനുതന്നെ പ്രചോദനമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.










0 comments