ad
Deshabhimani

print edition അബോധാവസ്ഥയിലായ രോഗിക്ക്‌ 20 മണിക്കൂർ അവഗണന

TVM Medical College
വെബ് ഡെസ്ക്

Published on Jul 12, 2026, 12:00 AM | 1 min read

തിരുവനന്തപുരം : ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക്‌ 20 മണിക്കൂർ അടിയന്തര ചികിത്സ നിഷേധിച്ചതായി പരാതി. പുനലൂർ താമരപ്പള്ളി ചരുവിള പുത്തൻവീട്ടിൽ സുരേന്ദ്രനാണ് (63) ദുരനുഭവം. ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചതിനെ തുടർന്ന്‌ സീനിയർ ഡോക്ടർമാർ ഇടപെട്ട് ചികിത്സ ലഭ്യമാക്കി.


വയറുവേദനയും മൂത്രതടസ്സവുമായി പുനലൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുരേന്ദ്രൻ. രോഗം കൂടി ഓർമക്കുറവും ഫിറ്റ്സ് ലക്ഷണങ്ങളും പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അടിയന്തരമായി മാറ്റി. വ്യാഴം രാത്രി 12ന്‌ ആംബുലൻസിൽ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ ചികിത്സ നൽകിയില്ലെന്ന്‌ ബന്ധുക്കൾ പറഞ്ഞു. പരിശോധനയിൽ രക്തത്തിൽ സോഡിയത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതായി കണ്ടെത്തി. ഇതിനിടെ രോഗി പൂർണമായും അബോധാവസ്ഥയിലായി.


എന്നാൽ, ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും ഒരു ഡ്രിപ്പ് മാത്രമാണ് നൽകിയത്‌. രാത്രി മുഴുവൻ നിരീക്ഷണ വാർഡിൽ തുടർന്നിട്ടും സീനിയർ ഡോക്ടർമാരാരും തിരിഞ്ഞുനോക്കിയില്ല. വെള്ളിയാഴ്ച രാവിലെയോടെ രോഗിയെ ഒന്നാം വാർഡിലേക്ക് മാറ്റിയെങ്കിലും അവിടെയും അവഗണന തുടർന്നതായാണ് വിവരം. ആരോഗ്യസ്ഥിതി കൂടുതൽ വഷളാകുകയും കഫക്കെട്ട് ബാധിക്കുകയും ചെയ്തിട്ടും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായില്ല. ഇതോടെ രോഷാകുലരായ ബന്ധുക്കൾ നാട്ടുകാരെയും മറ്റും വിവരമറിയിച്ചു. വിവാദമായതോടെ സീനിയർ ഡോക്ടർമാർ വാർഡിലെത്തി ചികിത്സ ഏറ്റെടുത്തു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. അതേസമയം, രോഗിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home