ad
Deshabhimani

ലീഗും കോൺഗ്രസും നേർക്കുനേർ , യൂത്ത്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും വിമതൻ

print edition പത്രികാസമർപ്പണം കഴിഞ്ഞു ; വിമതശല്യത്തിൽ 
വലഞ്ഞ്‌ യുഡിഎഫ്‌

local body election
വെബ് ഡെസ്ക്

Published on Nov 22, 2025, 02:45 AM | 1 min read


തിരുവനന്തപുരം

തദ്ദേശതെരഞ്ഞെടുപ്പിന്റെ പത്രികാസമർപ്പണം വെള്ളിയാഴ്‌ച അവസാനിച്ചിട്ടും തർക്കങ്ങൾ തീരാതെ യുഡിഎഫ്‌. എല്ലാ ജില്ലയിലും യുഡിഎഫിന്‌ വിമതശല്യം രൂക്ഷം. കാസർകോട്‌ ജില്ലയിലെ പടന്നക്കാട്ട്‌ മുസ്ലിം ലീഗ്‌ നേതൃത്വത്തിനെതിരെ യൂത്ത്‌ ലീഗ്‌ പഞ്ചായത്ത്‌ കമ്മിറ്റി പ്രകടനം നടത്തി. തിരുവനന്തപുരം ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ്‌ നേതാക്കൾ പരസ്‌പരം ഏറ്റുമുട്ടി. വയനാട്‌ ജില്ലാ പഞ്ചായത്തിലേക്ക്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വിമതനായി പത്രിക നൽകി.


തർക്കം തീരാത്തതിനാൽ പത്രികാസമർപ്പണത്തിന്റെ അവസാനദിനത്തിലാണ്‌ യുഡിഎഫ്‌ പലയിടത്തും പത്രിക നൽകിയത്‌. വയനാട്ടിൽ നേതൃത്വത്തെ വെല്ലുവിളിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയലാണ്‌ ജില്ലാ പഞ്ചായത്തിലേക്ക്‌ പത്രിക നൽകിയത്‌. തിരുവനന്തപുരം കോർപറേഷനിൽ അഞ്ച്‌ ഡിവിഷനുകളിൽ യുഡിഎഫിന്‌ വിമതരുണ്ട്‌. കണ്ണൂർ കോർപറേഷനിൽ രണ്ട്‌ പ്രധാന സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസും ലീഗും മത്സരരംഗത്തുണ്ട്‌. കൂടാതെ കോൺഗ്രസ്‌ നേതാവായിരുന്ന പി കെ രാഗേഷിനൊപ്പം നിൽക്കുന്നവർ 12 ഡിവിഷനുകളിൽ പത്രിക കൊടുത്തിട്ടുണ്ട്‌. കഴിഞ്ഞദിവസം ഡിസിസി ഓഫീസിൽ കൂട്ടയടിയുണ്ടായ കാസർകോട്ട്‌ കോൺഗ്രസിനും മുസ്ലിം ലീഗിനും വിമതരുണ്ട്‌. പടന്നയിൽ യൂത്ത്‌ ലീഗ്‌ പ്രവർത്തകർ ലീഗ്‌ നേതൃത്വത്തിനെതിരെ പ്രകടനവുമായി തെരുവിലിറങ്ങി. കൊച്ചി കോർപറേഷനിലേക്ക്‌ യുഡിഎഫ്‌ മണ്ഡലം ചെയർമാൻ വിമതനായി പത്രിക നൽകി. ഇടുക്കിയിൽ ഡിസിസി അംഗവും ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ രംഗത്തുണ്ട്‌. മലപ്പുറത്ത്‌ മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ വീടിരിക്കുന്ന ഡിവിഷനിൽ വനിതാ ലീഗ്‌ മണ്ഡലം സെക്രട്ടറിയാണ്‌ റിബൽ. കോഴിക്കോട്ടും കൊല്ലത്തും കോട്ടയത്തും തർക്കം രൂക്ഷം.


​ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ അന്പലപ്പുഴ ഡിവിഷനിലേക്ക്‌ കോൺഗ്രസിനൊപ്പം ലീഗും സ്ഥാനാർഥിയെ നിർത്തി. എംഎസ്‌എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. അൽത്താഫ്‌ സുബൈറാണ്‌ ഇവിടെ ലീഗ്‌ സ്ഥാനാർഥി. എ ആർ കണ്ണൻ കോൺഗ്രസ്‌ സ്ഥാനാർഥിയും. ചാരുംമൂട്‌ ബ്ലോക്ക്‌ ഡിവിഷനിലും കോൺഗ്രസിനെതിരെ ലീഗ്‌ സ്ഥാനാർഥിയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home