ആർഎസ്‌എസിന് സമാനമായ ജമാഅത്തെ ഇസ്ലാമിയെ പുണരുന്നതെന്തിന് എന്ന ചോദ്യത്തിന് മുന്നിൽ പതറുകയാണ് യുഡിഎഫ്
print edition ജമാഅത്തെ സഖ്യത്തിൽ വെട്ടിലായി യുഡിഎഫ്

പി വി ജീജോ
Published on Dec 06, 2025, 12:49 AM | 1 min read
കോഴിക്കോട്
മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തിൽ വെട്ടിലായി യുഡിഎഫ് നേതൃത്വം. ഘടകകക്ഷിയായ കേരളാകോൺഗ്രസ(ജോസഫ്)ടക്കം മതതീവ്രവാദികളുമായുള്ള കൂട്ടുകെട്ടിൽ അനിഷ്ടത്തിലാണ്. ക്രൈസ്‌തവ സഭാ നേതൃത്വങ്ങളും സമുദായ സംഘടനകളും പ്രകടിപ്പിച്ച എതിർപ്പും കാര്യമാക്കിയില്ല. ആർഎസ്‌എസിന് സമാനമായ അജൻഡയുള്ള ജമാഅത്തെ ഇസ്ലാമിയെ പുണരുന്നതെന്തിന് എന്ന ചോദ്യത്തിന് മറുപടി നൽകാൻ വോട്ടെടുപ്പിന്റെ അവസാനവേളയിലും യുഡിഎഫിനായിട്ടില്ല. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലും ഇൗ സഖ്യപ്രശ്‌നം ഉയർന്നതോടെ യുഡിഎഫിന്റെ മതനിരപേക്ഷയെ വഞ്ചിക്കുന്ന നിലപാട് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയായി.
എന്തിന് ജമാഅത്തെ സഖ്യമെന്ന ചോദ്യം എൽഡിഎഫിനൊപ്പം മതനിരപേക്ഷ–ജനാധിപത്യ സമൂഹമാകെ ഉയർത്തിയിട്ടുണ്ട്. എല്ലാത്തിനും കോൺഗ്രസിനെ ന്യായീകരിക്കുന്ന എം എൻ കാരശേരിയടക്കമുള്ളവരും ജമാഅത്തെ സഖ്യത്തെ ചോദ്യംചെയ്‌തത് കോൺഗ്രസ്–മുസ്ലിംലീഗ് ക്യാന്പിനേറ്റ കനത്ത പ്രഹരമാണ്. ജമാഅത്തെയുമായി ബന്ധമില്ലെന്ന് പറഞ്ഞ് തടിതപ്പുന്ന നേതാക്കൾക്ക് കാരശേരിയെപ്പോലും ബോധ്യപ്പെടുത്താനായിട്ടില്ല. എൽഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ഒറ്റ അജൻഡയിലാണ് അവിശുദ്ധ സഖ്യത്തെ യുഡിഎഫ് ന്യായീകരിക്കുന്നത്.
എൽഡിഎഫിനെ തോൽപിക്കാൻ ജമാഅത്തെയും ആർഎസ്‌എസും ഉൾപ്പെടെ ഏത് വർഗീയ ചെകുത്താനുമായും കൂട്ടുകൂടുന്നതിൽ യുഡിഎഫിന് പ്രശ്‌നമില്ല. വികസനവും ക്ഷേമവും ചർച്ചയാക്കി മുന്നേറുന്ന ഇടതുപക്ഷത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെയാണ് യുഡിഎഫ് വർഗീയ– തീവ്രവാദ കൂടാരത്തിൽ തന്പടിച്ചത്. ജമാഅത്തെയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർപാർടിയുമായി ഇക്കുറി ഉണ്ടാക്കിയ സഖ്യം മുന്പില്ല്ലാത്ത മഹാസഖ്യമാണ്. 330 തദ്ദേശസ്ഥാപനങ്ങളിൽ യുഡിഎഫ്–ജമാഅത്തെ മുന്നണിയായാണ് മത്സരിക്കുന്നത്. നൂറിലേറെ പഞ്ചായത്തുകളിൽ രഹസ്യസഖ്യവും. പാണക്കാട് തങ്ങൾ തന്നെ ജമാഅത്തെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന അപൂർവ്വ കാഴ്‌ച ഇത്തവണയുണ്ടായി. ഒന്പതുവർഷമായി ഭരണത്തിന് പുറത്തിരിക്കുന്ന ലീഗ് അധികാരം പിടിക്കാൻ ജമാഅത്തെയെ മാത്രമല്ല, തീവ്രവാദികളായ എസ്‌ഡിപിഐയെയും ചേർത്തുപിടിക്കുന്നുണ്ട്. ജമാഅത്തെ ബന്ധം നാശത്തിനെന്ന് സുന്നിപ്രസ്ഥാനങ്ങൾ ആവർത്തിച്ച് പറയുന്നതടക്കം അവർ ചെവിക്കൊള്ളുന്നില്ല. സമസ്‌ത കേരള ജംയ്യത്തുൽ ഉലമയും കേരള നദ്‌വത്തുൽ മുജാഹിദ്ദീനും നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണ് നാല് വോട്ടിനായുള്ള വർഗീയയാത്ര. നിയമസഭാ തെരഞ്ഞെടുപ്പാകുന്പോൾ ഘടകകക്ഷിയാക്കി സീറ്റ് നൽകുമെന്ന ഉറപ്പാണ് കോൺഗ്രസ് –ലീഗ് നേതാക്കൾ ജമാഅത്തെ നേതൃത്വത്തിന് നൽകിയിരിക്കുന്നത്.










0 comments