print edition തൊഴിൽസ്വപ്‍നങ്ങളുടെ ചിറകരിഞ്ഞ് സർക്കാർ; വിജ്ഞാനകേരളം പ്രതിസന്ധിയിൽ

ഗോകുൽ ഗോപി
Published on Jun 29, 2026, 12:54 AM | 1 min read
ആലപ്പുഴ: രണ്ടരലക്ഷത്തോളം യുവജനങ്ങൾക്ക് തൊഴിൽ നൽകിയ ‘വിജ്ഞാനകേരളം’ പദ്ധതി അവസാനിപ്പിക്കാൻ യുഡിഎഫ് സര്‍ക്കാര്‍ നീക്കം. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ 40 കോടിരൂപ വകയിരുത്തിയത് യുഡിഎഫ് സർക്കാർ 23 കോടിയായി വെട്ടിച്ചുരുക്കി. ഡെപ്യൂട്ടേഷനിലും കരാർ അടിസ്ഥാനത്തിലുമുള്ള 150 ജീവനക്കാർക്ക് രണ്ടുമാസമായി ശന്പളം നൽകിയിട്ടില്ല.
കരാർ ജീവനക്കാരുടെ കാലാവധി ചൊവ്വാഴ്‌ച അവസാനിക്കും. ഇത് നീട്ടുന്നതിൽ സര്‍ക്കാര്‍ തീരുമാനമായില്ല. പൂർത്തിയാക്കിയ പ്രോജക്ടുകൾക്ക് തുക അനുവദിച്ചിട്ടുമില്ല. കെ- ഡിസ്‌ക്കിന്റെ കീഴിലെ കേരള നോളജ് ഇക്കോണമി മിഷൻ തദ്ദേശ, കുടുംബശ്രീ വകുപ്പുമായി സഹകരിച്ച് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാണ് വിജ്ഞാനകേരളം പദ്ധതി.
ഇതിന് നേതൃത്വം നൽകിയ കെ- ഡിസ്‌ക്കിന്റെ എക്‌സിക്യൂട്ടീവ് വൈസ്‌ചെയർപേഴ്‌സൺ കെ എം എബ്രഹാമും മെമ്പർ സെക്രട്ടറി പി വി ഉണ്ണികൃഷ്‌ണനും ഒഴിഞ്ഞ തസ്‌തികകളിൽ ചുമതല നിശ്‌ചയിച്ചിട്ടില്ല. പദ്ധതിയുമായി മുന്നോട്ടുപോകാൻ പല തദ്ദേശസ്ഥാപനങ്ങളും സന്നദ്ധമാണ്.
ജോലി ലഭിച്ചത് 2,66,588 പേർക്ക്
2025 ജനുവരിയിൽ ആരംഭിച്ച പദ്ധതിയിൽ 21 ലക്ഷം പേരാണ് രജിസ്‌റ്റർ ചെയ്‌തത്. ജൂൺ 11 വരെ 75,000 സ്‌ത്രീകളുൾപ്പെടെ 2,66,588 പേർക്ക് ജോലി ലഭിച്ചു. 640 തൊഴിൽമേളകൾ നടത്തി.











0 comments