Deshabhimani

തൊഴിലാളിദ്രോഹ ലേബർകോഡ് കേരളത്തിലും; നടപ്പാക്കാനുറച്ച് സർക്കാർ; പ്രത്യേക സമിതി രൂപീകരിക്കും

Labor Code trade union meeting

ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ ചേര്‍ന്ന യോഗം

വെബ് ഡെസ്ക്

Published on Oct 22, 2026, 12:54 PM | 2 min read

തിരുവനന്തപുരം: ഇന്ത്യയിലെ കോടിക്കണക്കിന് തൊഴിലാളികളെ മുതലാളിമാരുടെ അടിമകളാക്കുന്ന ലേബർകോഡ് കേരളത്തിൽ നടപ്പാക്കാനുറച്ച് യുഡിഎഫ് സർക്കാർ. ലേബർ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ട്രേഡ് യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തും.


മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ 22 ട്രേഡ് യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു.


തൊഴിലാളിയുടെ അവകാശങ്ങളും സാമൂഹിക സുരക്ഷയും സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നതാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡ്. കേന്ദ്രനിയമത്തെ മറികടക്കുന്ന സംസ്ഥാനനിയമം കൊണ്ടുവരുന്നതിന് പരിമിതികളുണ്ടെന്ന് പറഞ്ഞാണ് യുഡിഎഫ് സർക്കാർ തൊഴിലാളിദ്രോഹ നടപടിക്ക് കൂട്ടുനിൽക്കുന്നത്. എന്നാൽ ലേബർ കോഡുകൾക്ക്‌ എതിരെ സംസ്ഥാന സർക്കാരിന് നിയമനിർമാണം നടത്താമെന്ന് സുപ്രീംകോടതി മുൻ ജഡ്‌ജി ഗോപാല ഗൗഡ അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിരുന്നു. എൽഡിഎഫ്‌ സർക്കാർ 2025 ഡിസംബറിൽ സംഘടിപ്പിച്ച ലേബർ കോൺക്ലേവിലാണ് ​ ജസ്റ്റിസ് ഗോപാല ഗൗഡയെ അധ്യക്ഷനാക്കി വിദഗ്‌ധ സമിതി രൂപീകരിച്ചത്.


ഭരണഘടനയുടെ സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്താൻ സംസ്ഥാന നിയമസഭയ്‌ക്ക്‌ പൂർണ അധികാരമുണ്ട്. കേരളത്തിന്റെ സാഹചര്യം പരിഗണിച്ച് ഭേദഗതി കൊണ്ടുവരാം. നിലവിലെ നിയമചട്ടക്കൂടിന് പുറത്തുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പുതിയ മൂന്നുനിയമം നിർമിക്കാനും സമിതി ശുപാർശചെയ്‌തു. തൊഴിലാളികൾക്ക് സ്ഥിരംപദവി നൽകുന്ന ബിൽ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സേവന വ്യവസ്ഥകൾ ക്രമീകരിക്കുന്ന ബിൽ, ശുചീകരണ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും ക്ഷേമം ഉറപ്പാക്കുന്ന ബിൽ എന്നിവയാണവ. 26- ക്ഷേമനിധി ബോർഡുകളിലൂടെ നൽകുന്ന തൊഴിൽ സംരക്ഷണം കേന്ദ്ര ലേബർകോഡുകൾ നടപ്പിലാക്കുമ്പോഴും നിലനിർത്തണമെന്നും നിലവിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കുറയ്‌ക്കാൻ പാടില്ലെന്നും നിർദേശിച്ചിരുന്നു.


ഗോപാല ഗൗഡ സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കണമെന്ന് സിഐടിയു വ്യാഴാഴ്ച ചേർന്ന യോ​ഗത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ലേബർ കോഡിന്റെ നാല് റൂളുകളെ സംബന്ധിച്ച് ശക്തമായ 52 നിർദേശങ്ങളും ഭേദഗതികളും സിഐടിയു മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിലുള്ള തൊഴിലാളി അനുകൂല നിയമങ്ങളുടെ പശ്ചാത്തലത്തിൽ ആവശ്യമായ പരിശോധനകൾ നടത്തി, തൊഴിലാളികൾക്ക് ഗുണകരമാകുന്ന രീതിയിൽ മാത്രമേ ചട്ടങ്ങൾ തയാറാക്കാൻ പാടുള്ളൂ എന്നാണ് സിഐടിയു യോഗത്തിൽ ആവശ്യപ്പെട്ടത്. സിഐടിയു പ്രതിനിധികളായ കെ എൻ. ഗോപിനാഥ്, കെ എസ് സുനിൽകുമാർ എന്നിവർ യോഗത്തിൽ ഈ നിലപാട് ശക്തമായി ഉന്നയിച്ചു.


എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുകയും നിയമപരമായവ പരിഗണിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. വിവിധ തൊഴിലാളി യൂണിയനുകളിൽനിന്നുള്ള ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരും പ്രത്യേക സമിതിയിൽ ഉണ്ടാകും. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും തീരുമാനമെടുത്തു.


മിനിമം കൂലി, ജോലി, സമയം തുടങ്ങിയ കാര്യങ്ങളിൽ ഒട്ടേറെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകളാണ്‌ കോഡിലുള്ളത്‌. തൊഴിലാളികളുടെ അവകാശം നിഷേധിച്ചാൽ സ്ഥാപനം പരിശോധിക്കാനുള്ള അധികാരവും തൊഴിൽ വകുപ്പിന്‌ നഷ്‌ടമാകും.


ലേബർ കോഡുകൾക്ക്‌ വഴങ്ങില്ലെന്ന ശക്തമായ നിലപാടാണ്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചത്‌. വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടം തുടരാൻ സർക്കാർ സംഘടിപ്പിച്ച ലേബർ കോൺക്ലേവിൽ ഏകകണ്ഠമായി പ്രമേയവും പാസ്സാക്കി. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകവും തെലങ്കാനയും ഹിമാചലും ഇതുമായി മുന്നോട്ടുപോയി. ഐഎൻടിയുസി ലേബർ കോഡിനെതിരെ സമരംചെയ്യുമ്പോൾ കോൺഗ്രസ് അത്‌ നടപ്പാക്കാൻ സഹായിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home