മലയാളത്തിന്റെ അക്ഷരക്കൂട്ട്; ടൈപ്പ് ഡിസൈനിൽ പുതുവഴി തുറന്ന് 'ഫോണ്ടാശാൻ'

അമ്പിളി ചന്ദ്രമോഹനൻ
Published on Oct 22, 2026, 01:32 PM | 4 min read
സമരങ്ങൾക്ക് കരുത്തും ആഘോഷങ്ങൾക്ക് പൊലിമയും കായികാവേശത്തിന് ചടുലതയും പകരാൻ അക്ഷരങ്ങൾക്കാകും. വാക്കുകൾ ഒന്നാണെങ്കിലും അവയുടെ രൂപം മാറുമ്പോൾ പറയുന്ന കാര്യത്തിന്റെ അർത്ഥവും ഭാവവും മാറും. ഓരോ സന്ദർഭത്തിനും അനുയോജ്യമായ അക്ഷരരൂപങ്ങൾ ഒരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സർഗാത്മകതയും കഠിനാധ്വാനവും ഒരുപോലെ ആവശ്യമായ മേഖലയാണത്. മലയാള അക്ഷരങ്ങൾക്ക് പുതുരൂപവും ഭാവവും നൽകി ടൈപ്പോഗ്രഫിയിൽ സ്വന്തമായ ഇടം കണ്ടെത്തുകയാണ് മലപ്പുറം മമ്പാട് സ്വദേശി നൂഹ് പി അഹമ്മദ്. ‘ഫോണ്ടാശാൻ’ എന്ന സംരംഭത്തിലൂടെ ഇതിനകം 30ലേറെ മലയാളം ഫോണ്ടുകളാണ് നൂഹ് രൂപകൽപ്പന ചെയ്തത്. അക്ഷരങ്ങളുടെ ഈ വേറിട്ട ലോകത്തെക്കുറിച്ച് നൂഹ് ദേശാഭിമാനിയോട് സംസാരിക്കുന്നു.
അക്ഷരങ്ങളുടെ രാഷ്ട്രീയം
ഡിജിറ്റൽ ഡിസൈനിങ്ങിൽ അക്ഷരങ്ങൾ കേവലം വായിക്കാനുള്ള ഉപാധിയല്ല. ഒരു പോസ്റ്റർ കാണുന്നയാളിലേക്ക് ആദ്യം എത്തുന്നത് അതിന്റെ ദൃശ്യഭാഷയാണ്. അക്ഷരങ്ങളുടെ വലുപ്പം, കനം, വീതി, വളവ് എന്നിവയെല്ലാം സന്ദേശത്തിന്റെ സ്വീകാര്യതയെ സ്വാധീനിക്കും. ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചിരുന്നപ്പോൾ മലയാളത്തിൽ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാൻ കഴിയുന്ന ഫോണ്ടുകൾ പരിമിതമാണെന്ന് തോന്നി. അങ്ങനെയാണ് എന്തുകൊണ്ട് ആവശ്യമായ ഫോണ്ടുകൾ നിർമിച്ചുകൂടാ എന്ന് ചിന്തിച്ചത്.
മലയാളത്തിലെ പല ഫോണ്ടുകൾക്കും വൃത്താകൃതിയിലുള്ള അക്ഷരരൂപങ്ങളാണ് കൂടുതലായി കണ്ടിരുന്നത്. വീതി കുറഞ്ഞ, ഒരേ സ്ഥലത്ത് കൂടുതൽ വാക്കുകൾ ഉൾക്കൊള്ളിക്കാവുന്ന കണ്ടൻസ്ഡ് ഫോണ്ടുകൾക്കും പ്രത്യേക ഭാവം നൽകുന്ന ഡിസൈനുകൾക്കും കൂടുതൽ സാധ്യതകളുണ്ടാകണമെന്നായിരുന്നു ആഗ്രഹം. സ്വന്തമായി ചെയ്യുന്ന ഡിസൈനുകൾക്ക് അനുയോജ്യമായ അക്ഷരരൂപങ്ങൾ നിർമിച്ചുതുടങ്ങിയതോടെ ആ പരീക്ഷണം പുതിയൊരു സംരംഭത്തിലേക്ക് വളർന്നു.
ആദ്യമൊക്കെ സ്വന്തം ഡിസൈനുകൾക്കുവേണ്ടി നിർമിച്ച ഫോണ്ടുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ അവയെ ഫോണ്ടുകളായി പുറത്തിറക്കണമെന്ന ആവശ്യവുമായി നിരവധിപേരെത്തി. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ആദ്യ ഫോണ്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്. ഒരു വർഷത്തിനിടെ മുപ്പതിലേറെ മലയാളം ഫോണ്ടുകൾ രൂപകൽപ്പന ചെയ്യാൻ കഴിഞ്ഞു. ആദ്യമായി നിർമിച്ച ഫോണ്ട് മഹിമ ആയിരുന്നു. 'മലയാളത്തിന്റെ മഹിമ' എന്ന അർഥത്തിലാണ് ആ പേര് നൽകിയത്. അത് ഒരു സ്വകാര്യ കമ്പനിക്കായാണ് നിർമിച്ചത്. അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നില്ല.
പെരുമ മുതൽ ചടുല വരെ
ഓരോ ഫോണ്ടിനും ഓരോ സ്വഭാവമാണ്. സമരങ്ങൾക്കും സമ്മേളനങ്ങൾക്കും കരുത്തുറ്റ അക്ഷരങ്ങൾ നൽകുന്ന ‘പെരുമ’യായിരുന്നു പൊതുജനങ്ങളിലേക്ക് ആദ്യമായി അവതരിപ്പിച്ച ഫോണ്ട്. ആഘോഷങ്ങളുടെ ദൃശ്യഭംഗിക്കായി ‘പൊലിമ’, അറബി കാലിഗ്രഫിയുടെ ശൈലി ഉൾക്കൊള്ളുന്ന ‘കലിമ’ (കലിമ എന്നാൽ പദം എന്നാണ് അറബിയിൽ അർത്ഥം), മലയാളത്തിലെ പിക്സൽ ഫോണ്ടായി അവതരിപ്പിച്ച ‘അനുപമ’, ഉയരമേറിയ അക്ഷരരൂപങ്ങളിലൂടെ ശ്രദ്ധ നേടിയ ‘ഗരിമ’ എന്നിവയും ശ്രദ്ധേയമായി.
പരിഷ്കരിച്ച ലിപിയിൽ വീതി കുറഞ്ഞ അക്ഷരരൂപങ്ങൾ ഒരുക്കുന്ന ‘പുതുമ’യും ഈ അക്ഷര പരീക്ഷണങ്ങളുടെ ഭാഗമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ‘ചാരുത’, ‘മമത’, ‘മഹിത’ എന്നീ ഫോണ്ടുകൾ അവതരിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനായി ‘ചേതന’, ‘നയന’, ‘ഭാവന’, ‘ദർശന’, ‘വർണ്ണന’ എന്നീ പേരുകളിലും പുതിയ അക്ഷരരൂപങ്ങൾ എത്തി. ലോകകപ്പാവേശം ഉൾക്കൊള്ളുന്ന ‘ല’ സീരീസിൽ ‘ഉജ്ജ്വല’, ‘സഫല’, ‘കമല’, ‘അഖില’, ‘ചടുല’ എന്നീ ഫോണ്ടുകളും രൂപകൽപ്പന ചെയ്തു.
പേരുകൾ തെരഞ്ഞെടുക്കുന്നതിലും ഒരു രീതിയുണ്ടായിരുന്നു. തുടക്കത്തിൽ ഒരേ അക്ഷരത്തിൽ അവസാനിക്കുന്ന പേരുകൾ നൽകിയത് ഫോണ്ടുകൾ ഓർത്തുവെക്കാൻ എളുപ്പമാകാനായിരുന്നു. പിന്നീട് ഓരോ സീരീസിനും അതിന്റേതായ സവിശേഷതകൾ കൈവന്നു. പേരുപോലെതന്നെ ഫോണ്ടിന്റെ രൂപവും ഉപയോഗസാഹചര്യവും തമ്മിൽ ബന്ധമുണ്ടാകണമെന്ന ചിന്തയും ഇതിനു പിന്നിലുണ്ട്.
പേപ്പറിൽ തുടങ്ങി ഡിജിറ്റൽ അക്ഷരങ്ങളിലേക്ക്
ഒരു ഫോണ്ട് സൃഷ്ടിക്കുന്നത് അക്ഷരങ്ങൾ വരച്ചുവെക്കുന്നതിൽ അവസാനിക്കുന്നില്ല. ആദ്യം പേപ്പറിൽ അക്ഷരങ്ങളുടെ രൂപം വരച്ചെടുക്കും. പിന്നീട് ചില സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ അവയെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റും. ഓരോ അക്ഷരവും മറ്റൊന്നുമായി ചേരുമ്പോൾ എങ്ങനെ കാണപ്പെടണം, കൂട്ടക്ഷരങ്ങൾ എങ്ങനെ രൂപപ്പെടണം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി ക്രമീകരിക്കേണ്ടതുണ്ട്.
മലയാളത്തിലെ കൂട്ടക്ഷരങ്ങളുടെ സങ്കീർണതകൊണ്ട് ഫോണ്ട് നിർമിക്കുന്നതിൽ കൂടുതൽ സമയമെടുക്കും. അക്ഷരങ്ങൾക്കിടയിൽ എത്ര സ്പേസ് വേണമെന്നതും ഫോണ്ട് നിർമിക്കുന്ന സമയത്ത് തന്നെ നിർണയിക്കണം. സാധാരണ അക്ഷരങ്ങൾക്കൊപ്പം ചിഹ്നങ്ങളും കൂട്ടക്ഷരങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ഗ്ലിഫുകൾ ഓരോ ഫോണ്ടിലും ഒരുക്കണം. പഴയ ലിപിയിൽ പ്രവർത്തിക്കുമ്പോൾ ഈ എണ്ണം ഇനിയും വർധിക്കും.
2022ൽ സംസ്ഥാന സർക്കാർ പരിഷ്കരിച്ച മലയാളലിപിയിലാണ് പ്രധാനമായും ഫോണ്ടുകൾ രൂപകൽപ്പന ചെയ്യുന്നത്. സാധാരണ ഉപയോഗത്തിനുള്ള ഫോണ്ടുകൾക്കു പുറമെ ബോൾഡ്, ഇറ്റാലിക്, തിൻ തുടങ്ങിയ വ്യത്യസ്ത വേരിയന്റുകളും ആവശ്യാനുസരണം ഒരുക്കുന്നു. മൊബൈൽ ഫോണുകളിൽ ഡിസൈൻ ചെയ്യുന്നവർക്കും പ്രസാധകർക്കും പരസ്യസ്ഥാപനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന യുണികോഡ് ഫോർമാറ്റിലാണ് ഇവയുടെ നിർമാണം.
പഴയ അക്ഷരങ്ങളുടെ പുതിയ ജീവിതം
ഡിജിറ്റൽ സാങ്കേതികവിദ്യ വളരുമ്പോഴും മലയാളത്തിന്റെ തനത് അക്ഷരശൈലികൾക്ക് പ്രാധാന്യം നൽകണമെന്നാണ് ആഗ്രഹം. പഴയകാലത്ത് കവലകളിലെ ചുമരെഴുത്തുകളിലും ബസുകളിലെ പേരുകളിലും കണ്ടിരുന്ന അക്ഷരങ്ങളുടെ പ്രത്യേകതകൾ പുതിയ ഡിസൈനുകളിലേക്ക് കൊണ്ടുവരാനും അവയെ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കാനും താൽപര്യമുണ്ട്.
ഇതിനായി പഴയ കൈയെഴുത്തുപ്രതികളും കാലിഗ്രഫി മാതൃകകളും പഠിക്കുന്നുണ്ട്. ലൈബ്രറികളിൽ പോയി പഴയ രേഖകളും അക്ഷരരൂപങ്ങളും പരിശോധിച്ചുള്ള പഠനങ്ങളും ഇതിന്റെ ഭാഗമായി നടത്താറുണ്ട്. അക്ഷരങ്ങളെ വെറും അലങ്കാരമായി കാണാതെ ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകമായി സമീപിക്കാനാണ് ശ്രമം.
എഐയുടെ സഹായത്തോടെ രണ്ട് ഫോണ്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ചിട്ടുണ്ടെങ്കിലും അക്ഷരങ്ങളുടെ സ്വാഭാവികത നിലനിർത്താൻ സ്വന്തമായി രൂപകൽപ്പന ചെയ്യുന്നതിനാണ് മുൻഗണന നൽകുന്നത്. സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നതിനൊപ്പം മലയാള അക്ഷരങ്ങളുടെ തനിമ നഷ്ടപ്പെടാതിരിക്കണമെന്നതാണ് ലക്ഷ്യം.
ഡിസൈനിങ്ങിൽ നിന്ന് ഫോണ്ടാശാനിലേക്ക്
ബിസിഎ, എംഎസ്സി കമ്പ്യൂട്ടർ സയൻസ് പഠനത്തിനുശേഷം സിറാജ് പത്രത്തിന്റെ ഓൺലൈൻ വിഭാഗത്തിൽ മൂന്നു വർഷത്തോളം സോഷ്യൽ മീഡിയ കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്നു. ഗ്രാഫിക് ഡിസൈനിങ്, വീഡിയോ എഡിറ്റിങ് എന്നിവയും കൈകാര്യം ചെയ്തു. കലിക്കറ്റ് സർവകലാശാല സി-സോൺ കലോത്സവത്തിൽ പോസ്റ്റർ രചനയിൽ ഒന്നാം സ്ഥാനം നേടിയതടക്കമുള്ള കലാപരിചയങ്ങളും ഡിസൈനിങ്ങിലേക്കുള്ള യാത്രയ്ക്ക് കരുത്തായി. എംജി സർവകലാശാല കലോത്സവങ്ങളിലും പങ്കെടുത്തിരുന്നു.
എന്തുകൊണ്ട് ഫോണ്ടാശാൻ
ആദ്യം ‘ഫോണ്ട് ബ്രോ’ പോലുള്ള പേരുകൾ ആലോചിച്ചെങ്കിലും ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായ ഒരു പേരാണ് വേണ്ടതെന്ന തീരുമാനത്തിലെത്തുകയായിരുന്നു. അങ്ങനെയാണ് ‘ഫോണ്ടാശാൻ’ എന്ന പേര് തെരഞ്ഞെടുത്തത്. തമിഴ് അക്ഷരരൂപങ്ങൾക്കായി ‘ഫോണ്ട് അണ്ണൻ’ എന്ന പേരിലും പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്. ഭാര്യ ഫാത്തിമ ഷമീമയുടെ സഹായത്തോടെയാണ് സംരംഭത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ‘Enmark Brands LLP’ എന്ന പേരിൽ കമ്പനിയുമുണ്ട്.
പരസ്യ ബോർഡ് മുതൽ പ്രസാധകർ വരെ
നൂറോളം പ്രമുഖ ബ്രാൻഡുകളും മാധ്യമ-പ്രസാധക സ്ഥാപനങ്ങളും ഫോണ്ടാശാന്റെ ഫോണ്ടുകൾ ഉപയോഗിക്കുന്നുണ്ട്. ദേശാഭിമാനി, മാതൃഭൂമി, ഡി സി ബുക്സ്, മനോരമ ബുക്സ് തുടങ്ങിയ പ്രസാധക-മാധ്യമ സ്ഥാപനങ്ങൾ വിവിധ ഫോണ്ടുകൾ ഉപയോഗിക്കുന്നുണ്ട്. മിൽമ, അമുൽ, മൈജി, ഓക്സിജൻ തുടങ്ങിയ ബ്രാൻഡുകളുടെ ഡിസൈനുകളിലും ഈ അക്ഷരരൂപങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ കവറുകൾ മുതൽ പരസ്യബോർഡുകൾ, പോസ്റ്ററുകൾ, വീഡിയോകൾ, ഇൻസ്റ്റഗ്രാം റീലുകൾ തുടങ്ങി വ്യാപകമായി ഫോണ്ടാശാന്റെ ഫോണ്ടുകൾ ഉപയോഗിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പുകളിലെ താരം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളുടെയും ഔദ്യോഗിക ടാഗ്ലൈനുകളിലും 140 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണങ്ങളിലും ഫോണ്ടാശാന്റെ അക്ഷരരൂപങ്ങൾ ഉപയോഗിച്ചിരുന്നു. 2026ൽ മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും സത്യപ്രതിഞ്ജാ ചടങ്ങ് നടന്ന വേദിയിലെ ബാക്ക്ഡ്രോപ്പിലും ഫോണ്ടാശാന്റെ ഫോണ്ടുകളാണ് ഉപയോഗിച്ചത്. പൊതുപരിപാടികളുടെ വേദികളിലും രാഷ്ട്രീയ നേതാക്കളുടെയും സ്ഥാപനങ്ങളുടെയും ഡിസൈനുകളിലും തന്റെ ഫോണ്ടുകൾ കാണുമ്പോൾ സന്തോഷമുണ്ട്.
മലയാളത്തിനു പുറമെ തമിഴ് അക്ഷരരൂപങ്ങളിലും അറബി മലയാളം ഫോണ്ടിന്റെ നിർമാണത്തിലും പ്രവർത്തിക്കുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവിടങ്ങളിലെ വിദ്യാർഥികളുമായി ചേർന്ന് ടൈപ്പോഗ്രഫി പ്രോജക്റ്റുകളും ചെയ്യുന്നുണ്ട്. വിവിധ ഇന്ത്യൻ ഭാഷകളിൽ കൂടുതൽ അക്ഷരവൈവിധ്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ചുമരെഴുത്തുകൾ ഡിജിറ്റലിലേക്ക്
ഓരോ എഴുത്തുകൾക്കും ഓരോ ശൈലിയുണ്ട്. പണ്ട് ചുമരെഴുത്ത് വ്യാപകമായിരുന്നപ്പോൾ പലതരത്തിൽ മലയാള അക്ഷരങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. അവയെല്ലാം ഡിജിറ്റലിലേക്ക് കൊണ്ടുവരണമെന്നുണ്ട്. അതിനായി ചുമരെഴുത്തുകാരുമായി സംസാരിക്കാറുണ്ട്. അവരുടെ ശൈലികൾ കണ്ട് പഠിക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്ന് ചുമരെഴുത്തുകൾക്ക് പകരം ബിൽബോർഡുകൾ വന്നു. ഡിജിറ്റൽ പ്രചാരണങ്ങൾ വന്നു. അവയിലേക്ക് പഴയ ചുവരെഴുത്ത് ശൈലിയിലെ അക്ഷരരൂപങ്ങളെത്തിക്കാനും ശ്രമങ്ങൾ നടത്തുന്നുണ്ട്.
മമ്പാട് തോട്ടിന്റക്കര പരേതനായ പുളിയക്കോടൻ അഹമ്മദിന്റെയും പാത്തുമുണ്ണിയുടെയും മകനാണ് നൂഹ്. പടിഞ്ഞാറ്റുമുറി സ്വദേശിനി കെ എം ഫാത്തിമ ഷമീമയാണ് ഭാര്യ. ഫോണ്ടാശാന്റെ പ്രവർത്തനങ്ങളിൽ ഫാത്തിമ ഷമീമയും ഒപ്പമുണ്ട്. മകൾ: ഫൈഹ ഫാത്തിമ.
ഫോണ്ടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ www.enmarkbrands.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. Fontashan എന്ന ഇൻസ്റ്റാഗ്രാം ഐഡി ഫോളോ ചെയ്താൽ പുതിയ ഫോണ്ടുകളുടെ അപ്ഡേറ്റുകളും അറിയാം.









0 comments