യുപി വോട്ടർപട്ടിക വിവാദം: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ലക്നൗ: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിൽ (SIR) ക്രമക്കേടുകൾ കണ്ടെത്തുകയും പിലി ഭിത് സദർ നിയമസഭാ മണ്ഡലത്തിൽ മാത്രം 16,000-ത്തിലധികം വോട്ടർമാരുടെ വിവരങ്ങളെ ഇത് ബാധിച്ചതായി വിമർശനം ഉയർന്നതിനും പിന്നാലെ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് തെരഞ്ഞെടുപ്പ് ഓഫീസർ. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ , ബന്ധപ്പെട്ട വോട്ടർ രജിസ്ട്രേഷൻ സെന്റർ ഓപ്പറേറ്റർ എന്നിവരെ തെരഞ്ഞെടുപ്പ് പട്ടികയുമായി ബന്ധപ്പെട്ട ജോലികളിൽ നിന്ന് ഉടനടി നീക്കം ചെയ്തുകൊണ്ട് ഉത്തരവിട്ടത്.
ചില വോട്ടർമാരുടെ ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ് (EPIC) നമ്പറുകൾ ഓൺലൈനിൽ മറ്റ് വോട്ടർമാരുടെ വിവരങ്ങൾ കാണിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സിഇഒ നവ്ദീപ് റിൻവയുടെ നിർദ്ദേശങ്ങൾ വന്നത്.
അദ്ദേഹം പിലിഭിത്തിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോട് (DEO) അന്വേഷണത്തിന് ആവശ്യപ്പെടുകയും, എല്ലാ DEOമാരോടും അവരുടെ അതത് ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടർ പട്ടിക പരിശോധിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 32-ാം വകുപ്പ് പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) പ്രസക്തമായ വ്യവസ്ഥകൾ പ്രകാരവും ഉത്തരവാദികളായവർക്കെതിരെ നിയമനടപടി നിർദ്ദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ ഉത്തരവാദിത്തം വ്യക്തമാക്കി വിശദമായ ഒരു റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.







0 comments