print edition ഫയൽ പിടിച്ചുവച്ച് മുഖ്യമന്ത്രി: ശമ്പള കമീഷനിൽ തീരുമാനം നീളുന്നു

ഒ വി സുരേഷ്
Published on Jul 10, 2026, 12:00 AM | 1 min read
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ശമ്പളപരിഷ്‌കരണ ശുപാർശകൾ സമർപ്പിക്കാൻ നിശ്‌ചയിച്ച 12–ാം കമീഷന്റെ പ്രവർത്തനം അനിശ്‌ചിതത്വത്തിൽ. മെയ് 23നായിരുന്നു റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നത്. റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയതി നീട്ടാനുള്ള ഫയൽ ബുധനാഴ്‌ചയും മന്ത്രിസഭ പരിഗണിച്ചില്ല. മെയ് 26മുതൽ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലാണ്.
ശമ്പളപരിഷ്‌കരണം പത്തുവർഷത്തിലൊരിക്കൽ മതി എന്ന ധവളപത്രത്തിലെ നിർദേശം സർക്കാർ അംഗീകരിച്ചിരുന്നു. സംസ്ഥാനം വിഭവങ്ങളുടെ 80ശതമാനത്തോളവും ശമ്പളം, പെൻഷൻ, പലിശ എന്നിവയ്‌ക്കാണ് ചെലവഴിക്കുന്നതെന്നും ഇത് മറ്റു പല സംസ്ഥാനങ്ങളെക്കാളും വളരെ കൂടുതലാണെന്നുമാണ് ധവളപത്രത്തില്‍ . ജനങ്ങളിൽനിന്ന് നികുതിപിരിച്ച് ഭൂരിഭാഗവും ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്നത് ശരിയല്ലെന്നും വിരമിക്കൽ പ്രായം ഉയർത്തണമെന്നുമാണ് ധവളപത്രത്തിലെ മറ്റ് നിർദേശങ്ങൾ.
കഴിഞ്ഞ ഫെബ്രുവരി 23-നാണ് മുൻ ചീഫ് സെക്രട്ടറി ഡോ. വി പി ജോയി അധ്യക്ഷനായി കമീഷനെ നിയമിച്ചത്. ധന അഡീഷണൽ സെക്രട്ടറി വി ആർ ശോഭയാണ് സെക്രട്ടറി. മൂന്നുമാസത്തിനകം റിപ്പോർട്ട് നല്‍കാനായിരുന്നു നിർദേശം. മെയ് 22ന് കാലാവധി പൂർത്തിയാകുന്നതിനാൽ, തീയതി നീട്ടണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 24ന് കത്ത് നൽകി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടമുള്ളതിനാൽ തീരുമാനമായില്ല. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ രണ്ടുതവണ കൂടി കത്തുനൽകിയെങ്കിലും യുഡിഎഫ് സർക്കാർ മറുപടി നൽകിയില്ല.
സെക്രട്ടറിയറ്റിൽ ഫയൽനീക്കം നിലച്ചു
ഇ–ഫയൽനീക്കം തടസ്സപ്പെട്ടതോടെ സെക്രട്ടറിയറ്റിലെ പ്രവർത്തനം അവതാളത്തിലായി. ഇ–ഓഫീസിന്റെ പ്രവർത്തനം ബുധനാഴ്‌ച സ്‌തംഭിച്ചു. തിങ്കൾ രാവിലെ 10 വരെ സോഫ്‌റ്റ്‌വെയർ പ്രവർത്തിക്കില്ലെന്നാണ് അറിയിപ്പ്. സെക്രട്ടറിയറ്റിൽ ഫയൽനീക്കം പൂർണമായും ഇ–ഓഫീസ് വഴിയാണ്. സോഫ്റ്റ്‌വെയർ അറ്റകുറ്റപ്പണിയെന്നാണ് വിശദീകരണം.










0 comments