print edition യുഡിഎഫ് സർക്കാർ വിഹിതം വെട്ടിക്കുറച്ചു; വിള ഇൻഷുറൻസ് ലഭിക്കുന്നില്ല: കർഷകർ ദുരിതത്തിൽ

ആലപ്പുഴ : യുഡിഎഫ് സർക്കാർ ബജറ്റിൽ വിഹിതം വെട്ടിക്കുറച്ചതോടെ സംസ്ഥാന വിള ഇൻഷുറൻസ് ലഭിക്കാതെ കർഷകർ. 33 കോടിയാണ് സംസ്ഥാന പദ്ധതിയിൽ മാത്രം കർഷകർക്ക് നൽകാനുള്ളത്. എൽഡിഎഫ് സർക്കാർ ബജറ്റിൽ മുഴുവൻ തുകയും വകയിരുത്തിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ 20 കോടി മാത്രമാണ് അനുവദിച്ചത്. ഇതാണ് പ്രതിസന്ധിക്ക് കാരണം. ഏകദേശം രണ്ടു ലക്ഷത്തോളം കർഷകരാണ് പദ്ധതിയിലുള്ളത്.
നെല്ല് ഉൾപ്പടെ 40ഓളം കാർഷിക വിളകൾക്കാണ് പരിരക്ഷ ലഭിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന റംബുട്ടാൻ, പേര, പാഷൻ ഫ്രൂട്ട്, സപ്പോട്ട, അവക്കാഡോ, ലിച്ചി, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയ്ക്കും മാവുകളിലെ കീടബാധയ്‌ക്കും നഷ്ടപരിഹാരമുണ്ട്. ഉപ്പുവെള്ളം കയറി നെൽകൃഷി നശിക്കുന്നതിന് നഷ്ടപരിഹാരം ലഭിക്കുന്ന രീതിയിൽ പദ്ധതി വിപുലീകരിച്ചത് എൽഡിഎഫ് സർക്കാരാണ്. നെൽകൃഷിയ്ക്ക് ഹെക്ടറിന് 30,000 രൂപവരെ ആനുകൂല്യം ലഭിക്കും. നിലവിൽ രണ്ടാംവിളയിൽ നെൽകൃഷി തുടങ്ങുന്ന സമയമായതിനാൽ തുക ലഭിച്ചാൽ വലിയ ആശ്വാസമാകുമായിരുന്നെന്ന് കർഷകർ പറയുന്നു.
സംസ്ഥാനവും കേന്ദ്രവും സംയുക്തമായി നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ തുക അനുവദിക്കുന്നതിലും തീരുമാനമായില്ല.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ വിഷയം ചർച്ചചെയ്‌തെങ്കിലും എന്ന് നൽകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് രൂപവത്കരിച്ച അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി വഴിയാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് നടപ്പാക്കുന്നത്.









0 comments