print edition സമരത്തിലും ബിജെപി "ഡീൽ'


സി കെ ദിനേശ്
Published on Oct 04, 2026, 01:30 AM | 1 min read
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്തും അധികാരത്തിലേറിയശേഷം സർക്കാർ നയങ്ങളിലും അരക്കിട്ടുറപ്പിച്ച ബിജെപി ‘ഡീൽ,’ സമരമുഖത്തും നടപ്പാക്കി യുഡിഎഫ് സർക്കാർ. മന്ത്രി ഒ ജെ ജനീഷിനെതിരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസുകളിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടച്ചു. എന്നാൽ, യുവമോർച്ചയുടെ ആക്രമണങ്ങൾക്കെതിരെ കേസില്ല. എടുത്ത കേസുകളിലാകട്ടെ ചുമത്തിയത് നിസ്സാര വകുപ്പുകളും. ബിജെപിക്കാർക്കെതിരെ ഗൗരവതരമായ വകുപ്പുകളിടേണ്ടെന്ന നിർദേശം നല്‍കിയതായാണ് വിവരം.
തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ കാർ തടഞ്ഞ് മന്ത്രി കെ എം ഷാജിയെ റോഡിൽ ഇറക്കിവിട്ടിരുന്നു. ഓട്ടോയിൽ കയറാനും സമ്മതിച്ചില്ല. കേരള ചരിത്രത്തിൽ ആദ്യമായാണ് വഴിയിൽ തടഞ്ഞ് ഇറക്കിവിടുന്നത്. സംഘം ചേർന്ന് തടഞ്ഞിട്ടും രണ്ട് ബിജെപിക്കാരെ വിളിച്ചുവരുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
സെപ്തംബർ 27 മുതൽ 29വരെ പത്തിലധികം പ്രദേശങ്ങളിൽ ബിജെപിക്കാർ മന്ത്രിമാരെ തടഞ്ഞ് ആക്രമണം അഴിച്ചുവിട്ടിരുന്നു. പി സി വിഷ്‌ണുനാഥിനെ കുണ്ടറയിലും നീണ്ടകരയിലും കെ മുരളീധരനെ താമരശേരിയിലും കരുനാഗപ്പള്ളിയിലും രമേശ് ചെന്നിത്തലയെ കോഴിക്കോട് നാലിടത്തും ഒ ജെ ജനീഷ്, മോൻസ് ജോസഫ്, ഷിബു ബേബിജോൺ, കെ എം ഷാജി എന്നിവരെ വിവിധയിടങ്ങളിലും ബിജെപിക്കാർ തടഞ്ഞു. എന്നാൽ, ഭൂരിപക്ഷ സംഭവങ്ങളിലും കേസില്ല, എടുത്തവയില്‍ നിസ്സാര വകുപ്പും.
കണ്ണൂര്‍, കാസർകോട് ജില്ലകളിൽ മന്ത്രിമാരെ കരിങ്കൊടി കാണിച്ചതിന് അമ്പതിലധികം ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. എന്നാൽ, കാഞ്ഞങ്ങാട്, കണ്ണൂർ താണ എന്നിവിടങ്ങളിൽ മന്ത്രിമാരെ തടഞ്ഞ് സംഘർഷമുണ്ടാക്കിയ ബിജെപിക്കാർക്കെതിരെ ചുമത്തിയത് നിസ്സാരവകുപ്പും. മന്ത്രി എൻ ഷംസുദ്ദീനെ എറണാകുളത്ത് തടഞ്ഞവർക്കെതിരെയും നിസ്സാര വകുപ്പാണ് ചേര്‍ത്തത്.
മന്ത്രി എം ലിജുവിനെ കായംകുളത്ത് തടഞ്ഞ യുവർമോർച്ചക്കാർക്കെതിരെ കേസില്ല. മന്ത്രി റോജി എം ജോണിനെ ചെങ്ങന്നൂരിൽ തടഞ്ഞ ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്‌പതി ഉൾപ്പെടെ ആർക്കെതിരെയും കേസില്ല. അതേസമയം, തിരുവനന്തപുരത്തെ പൊലീസ്–യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് രമേശ് ചെന്നിത്തലയുടെ ഓഫീസിലേക്ക് പ്രകടനം നടത്തിയ 37 എസ്‌എഫ്‌ഐ–ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.






0 comments