print edition മുഖ്യമന്ത്രിപ്പോരിൽ ലീഗ് ഇടയുന്നു; അടി യുഡിഎഫിലേക്ക്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അടിയന്തരമായി തീരുമാനിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടതോടെ കോൺഗ്രസിലെ കലഹം യുഡിഎഫിലേക്ക്. വി ഡി സതീശനുവേണ്ടി നേരത്തെ പരസ്യ നിലപാടെടുത്ത ലീഗിലെ പല നേതാക്കളും മുഖ്യമന്ത്രി ആരായാലും ഉടൻ തീരുമാനം വേണമെന്ന ആവശ്യത്തിലേക്കെത്തി.
‘പ്രശ്നത്തിന്റെ ഗൗരവം കോൺഗ്രസ് ഹൈക്കമാൻഡ് മനസ്സിലാക്കണം. ഡൽഹിയിൽ 50 നാൾ വൈകിയില്ലേയെന്ന് ഇവിടെ പറഞ്ഞാൽ ജനം മുഖത്തടിക്കും. സ്വീകരണം ഏറ്റുവാങ്ങേണ്ട എംഎൽഎമാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ’ – ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു.
ഭൂരിപക്ഷമുണ്ടെങ്കിൽ കോൺഗ്രസ് ഒറ്റയ്‌ക്ക് ഭരിച്ചുകാണിക്കട്ടെ എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. പ്രശ്നം ഉടൻ തീർക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ച മറ്റു ഘടകകക്ഷി നേതാക്കളും അടുത്തദിവസം പരസ്യപ്രതികരണത്തിലേക്ക് കടന്നേക്കും.
യുഡിഎഫിൽ പൊട്ടിത്തെറി തുടങ്ങിയതോടെയാണ് മുതിർന്ന നേതാക്കളെ രാഹുൽഗാന്ധി വിളിപ്പിച്ചത്. കെ സി വേണുഗോപാലും ചെന്നിത്തലയും സതീശനും ഒരിഞ്ച് വിട്ടുവീഴ്‌ചയ്ക്ക് തയ്യാറല്ലെന്ന് തന്നെയാണ് തിങ്കളാഴ്‌ചയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വ്യക്തമാക്കിയത്.
കോൺഗ്രസിലെ ചേരിപ്പോരിന് പുറമെ ഘടക കക്ഷികളിലും വേണുഗോപാൽ, സതീശൻ വിഭാഗങ്ങൾ രൂപപ്പെട്ടു.
കോൺഗ്രസ് എംഎൽഎ മാരുടെ അനുയായികളും രൂക്ഷമായ ഏറ്റുമുട്ടലിലാണ്. കെ എം അഭിജിത്, വി ടി സൂരജ് തുടങ്ങി വേണുഗോപാലിനെ പിന്തുണച്ച പലരും കടുത്ത ആക്രമണമാണ് നേരിടുന്നത്. സൂരജിന്റെ സ്വീകരണം പൊളിക്കുമെന്ന് ദളിത് കോൺഗ്രസ് നേതാവ് എം സി അനീഷ് ഭീഷണിപ്പെടുത്തി. കെ സി വേണുഗോപാൽ, കെ സുധാകരൻ അനുകൂലികളുടെ ഗ്രൂപ്പ് യോഗം വിളിക്കാൻ നീക്കം നടത്തിയെങ്കിലും വാർത്ത ചോർന്നതോടെ മാറ്റിവച്ചു.










0 comments