print edition സാങ്കൽപ്പിക മുഖ്യമന്ത്രി; കസേരകളിക്ക് ലീഗുമുണ്ട്

തിരുവനന്തപുരം: കോൺഗ്രസിൽ തുടങ്ങിയ സാങ്കൽപ്പിക മുഖ്യമന്ത്രി കസേരയ്‌ക്കായുള്ള തർക്കം യുഡിഎഫിലെ മറ്റ് ഘടകകക്ഷികളിലേക്കും വ്യാപിക്കുന്നു. യുഡിഎഫ് ജയിച്ചാൽ പി കെ കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന മുസ്ലിം ലീഗിലെ ചർച്ചയിൽ ഒരുപടികൂടി കടന്ന്, മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സുന്നി മഹല്ല് ഫെഡറേഷൻ രംഗത്തെത്തി. ഹൈക്കമാൻഡും കെപിസിസിയും ഏർപ്പെടുത്തിയ വിലക്ക് വെല്ലുവിളിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണം തുടരുന്നതിനിടെയാണ് ഇത്.
വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരാണ് കോൺഗ്രസിൽനിന്ന് സാങ്കൽപ്പിക കസേരയ്‌ക്കായി രംഗത്തുള്ളത്. പി കെ കുഞ്ഞാലിക്കുട്ടികൂടി ഇൗ ക്ലബ്ബിൽ ചേർന്നതോടെ മെയ് നാലുവരെ കൂട്ടയടി ഉറപ്പായി .
തൃശൂർ പൂരത്തിൽ ഒഴിവാക്കിയ വെടിക്കെട്ടാണ് കോൺഗ്രസിൽ നടക്കുന്നതെന്ന ആക്ഷേപവുമായി കെ മുരളീധരൻ രംഗത്തെത്തി. കേരളത്തിൽ കാര്യമായ പരിഗണന കിട്ടാത്തതിൽ പ്രവർത്തകസമിതിയിലെ ക്ഷണിതാവ് കൊടിക്കുന്നിൽ സുരേഷിന് അതൃപ്‌തിയുണ്ട്. അതുകൊണ്ട് കസേരത്തർക്കത്തിലെ മാധ്യമങ്ങളുടെ ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
ചെന്നിത്തലയ്‌ക്കു പിന്തുണയുമായി ചാണ്ടി ഉമ്മൻ രംഗത്തുവന്നതാണ് പുതിയ സംഭവവികാസം. ഇംഗ്ലീഷ് പത്രങ്ങളിൽവന്ന, ചെന്നിത്തലയെക്കുറിച്ചുള്ള മുഴുപ്പേജ് പരസ്യത്തിൽ തെറ്റില്ലെന്നാണ് ചാണ്ടിയുടെ പ്രതികരണം. പരസ്യത്തിലും തർക്കത്തിലും ഹൈക്കമാൻഡും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയും കടുത്ത അതൃപ്‌തി അറിയിച്ചപ്പോഴാണിത്.
കെ സി വേണുഗോപാലിനും വി ഡി സതീശനും വേണ്ടിയുള്ള പിആർ വർക്കുകളും സജീവം. സമൂഹമാധ്യമങ്ങളിൽ സംഘടിതമായി പണം കൊടുത്ത് വ്യാജ അക്കൗണ്ടുകൾ തുടങ്ങിയാണ് റീച്ച് കൂട്ടുന്നത്. നേതാക്കളെ പരസ്‌പരം അവഹേളിക്കുന്നതിനും എന്തു വൃത്തികേടും പറയുന്നതിനും വിലക്കില്ല. മുൻകാലത്തിൽനിന്ന് വ്യത്യസ്‌തമായ ഇൗ പ്രവണതയിലും ചില നേതാക്കൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്.










0 comments