പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി
print edition ഉന്നതർ സീറ്റ് വാഗ്‌ദാനം നൽകി 7 കോടി വാങ്ങി വഞ്ചിച്ചു ; കോൺഗ്രസിനെ ഉലച്ച് കോഴ വിവാദം

തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്‌ത് പ്രിയങ്കാ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ ഏഴ് കോടി കോഴ വാങ്ങിയെന്ന് പരാതി. ഹരിയാന മഹിളാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയുടെ ഭർത്താവ് ഗൗരവ് കുമാറാണ് നേതാക്കൾക്കെതിരെ രേഖകൾ സഹിതം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നൽകിയത്. സീറ്റ് നൽകാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ പരാതിയിലുണ്ട്. പണം വാങ്ങിയതിന്റെ തീയതി സഹിതമാണ് പരാതി. നേരിട്ടും അക്കൗണ്ടിലേക്കും പണം വാങ്ങി. ഡൽഹിയിലെ വസതിയിൽവച്ച് ഉനൈസ്‌ഖാൻ എന്നയാളാണ് കെ സി വേണുഗോപാലിനെ പരിചയപ്പെടുത്തിയത്.
അവിടെവച്ച് ഭാര്യയുടെ ബയോഡാറ്റ കൈമാറി. 2022 നവംബറിലും 2024 ആഗസ്‌തിലുമായി വേണുഗോപാലിന്റെ പേരുപറഞ്ഞ് ഉനൈസ്‌ഖാൻ 75 ലക്ഷം രൂപ കൈപ്പറ്റി.
കൊടിക്കുന്നിൽ സുരേഷും മകനും പിഎയും അക്കൗണ്ട് വഴി വാങ്ങിയത് കൂടാതെ 90 ലക്ഷം രൂപ പണമായും വാങ്ങി. പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് അവസരമൊരുക്കാമെന്ന് പറഞ്ഞു അവരുടെ പിഎ സഹാബ് ഖാൻ പണം വാങ്ങി. അദ്ദേഹം കാറിൽ 10 ജൻപഥിൽ പ്രിയങ്കയുടെ വസതിയിലേക്ക് കൊണ്ടുപോയെങ്കിലും കൂടിക്കാഴ്‌ച നടന്നില്ല– ഗൗരവ്‌കുമാർ പറഞ്ഞു. 56 വർഷത്തോളമായി താനും കുടുംബവും സജീവ കോൺഗ്രസ് പ്രവർത്തകരാണെന്നും ഗൗരവ്‌കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഹരിയാനയിലെ സ്ഥാനാർഥി നിർണയം
കെ സി വേണുഗോപാലിനെതിരെ മുന്പും ആരോപണം
2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ നേരത്തെയും ആക്ഷേപം. കോൺഗ്രസ് അനുഭാവിയായ മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് വാങ്കഡെയാണ് വേണുഗോപാലിനെതിരെ ‘കാസ്റ്റിങ് കൗച്ച്’ ആരോപണമുന്നയിച്ചത്. വനിതാ സുഹൃത്തുക്കൾക്ക് സീറ്റ് നൽകിയെന്നും ഹരിയാന കോൺഗ്രസിനെ വിഷയാസക്തിക്കുള്ള താവളമാക്കി വേണുഗോപാൽ മാറ്റിയെന്നുമായിരുന്നു ആരോപണം.
വാങ്കഡെയുടെ ആരോപണം ബിജെപി ദേശീയതലത്തിൽ വലിയ രാഷ്‌ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. ഗുരുതര ആരോപണമുയർന്നിട്ടും വേണുഗോപാൽ പ്രതികരിച്ചിട്ടില്ല. നിയമനടപടിക്കും തയ്യാറായിട്ടില്ല.
ബല്ലഭ്‌ഗഡിൽനിന്ന് രണ്ടുവട്ടം വിജയിച്ച മുതിർന്ന വനിതാ നേതാവ് ശാരദാ റാത്തോഡ് സീറ്റ് നിഷേധിക്കപ്പെട്ടതിനെതുടർന്ന് വേണുഗോപാലിനെതിരെ ഗുരുതര ആരോപണമുന്നയിച്ചിരുന്നു. തന്നെ അവഗണിച്ച് യുവ വനിതാ നേതാവ് പരാഗ് ശർമയ്‌ക്ക് എന്തുകൊണ്ട് സീറ്റ് നൽകിയെന്ന് അറിയില്ലെന്നും തൊലിയിലും പണത്തിലുമാണ് കാര്യമെന്നും അവർ ആരോപിച്ചു. സ്വതന്ത്രയായി മത്സരിച്ച ശാരദ ബിജെപിക്കുപിന്നിൽ രണ്ടാമതായപ്പോൾ പരാഗ് ശർമ എണ്ണായിരം വോട്ട് മാത്രം നേടി നാലാമതായി.
കോൺഗ്രസിന്റെ തോൽവിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളാണ്. നേതാക്കൾക്ക് കോടികൾ കോഴ നൽകി മത്സരിച്ച പലരും തോറ്റു.










0 comments