print edition യുഡിഎഫ് – ബിജെപി ‘ഡീൽ’ സഭയിലും തെളിഞ്ഞു; ചട്ടം ലംഘിച്ച് ബിജെപി അംഗത്തോട് ഉദാരമനസ്‌കത

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

സ്വന്തം ലേഖകൻ
Published on Jun 03, 2026, 02:02 AM | 1 min read
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ വാക്കൗട്ട് പ്രസംഗത്തിനിടെ ചട്ടംലംഘിച്ച് ബിജെപി അംഗത്തെ സംസാരിക്കാൻ അനുവദിച്ച സ്‌പീക്കറുടെ നടപടി വിവാദത്തിൽ. ബിജെപി കക്ഷി നേതാവ് ബി ബി ഗോപകുമാറിനെയാണ് കീഴ്‌വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ച് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സംസാരിക്കാൻ അനുവദിച്ചത്. താൻ ഉദാരമനസ്‌കതയാണ് കാട്ടിയതെന്നാണ് സ്‌പീക്കറുടെ ന്യായീകരണം.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാക്കൗട്ട് പ്രസംഗത്തിനു പിന്നാലെ ബിജെപി കക്ഷിനേതാവ് ഗോപകുമാർ സംസാരിക്കാൻ എഴുന്നേറ്റു. ഇന്ധനവില വർധനയിൽ കേന്ദ്ര സർക്കാരിനെ പിണറായി വിജയൻ കുറ്റപ്പെടുത്തിയപ്പോൾ ന്യായീകരണവുമായാണ് ഗോപകുമാർ എഴുന്നേറ്റത്. പുതിയ അംഗമായതുകൊണ്ട് അറിയാത്തതുകൊണ്ടാണെന്നുപറഞ്ഞ സ്‌പീക്കർ, സിപിഐ നേതാവ് കെ രാജനെ വാക്കൗട്ട് പ്രസംഗത്തിന് ക്ഷണിച്ചു.
രാജന്റെ വാക്കൗട്ട് പ്രസംഗത്തിനുശേഷം ഗോപകുമാർ വീണ്ടും എഴുന്നേറ്റ് സംസാരിക്കുകയായിരുന്നു. പ്രതിപക്ഷത്തിനൊപ്പമുള്ള ആർജെഡി നേതാവ് പി കെ പ്രവീണായിരുന്നു അടുത്തതായി വാക്കൗട്ട് പ്രസംഗം നടത്തേണ്ടിയിരുന്നത്. ഇക്കാര്യം ഭരണപക്ഷത്തുള്ള എംഎൽഎമാർ അടക്കം ചൂണ്ടിക്കാട്ടി. പുതിയ അംഗമായതുകൊണ്ട് താൻ ഉദാരമനസ്‌കത കാട്ടുകയാണെന്നും ആദ്യ പ്രസംഗം തടസ്സപ്പെടുത്തേണ്ട എന്നുകരുതിയാണ് പ്രസംഗിക്കാൻ അനുവദിച്ചതെന്നാണ് സ്‌പീക്കറുടെ വാദം. വാക്കൗട്ട് കഴിഞ്ഞ് മടങ്ങിയെത്തിയ പ്രതിപക്ഷാംഗങ്ങൾ സ്‌പീക്കറുടെ നടപടിയിൽ ശക്തമായി പ്രതിഷേധിച്ചു.
ഇൗ ഉദാരമനസ്‌കത സഭയുടെ ദീർഘനാളായുള്ള പാരമ്പര്യത്തിൽനിന്നും ചട്ടങ്ങളിൽനിന്നുമുള്ള വ്യതിയാനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഉദാരമനസ്‌കത നമ്മളോടും ഉണ്ടാകണമെന്ന് പി കെ പ്രവീൺ പറഞ്ഞു. മറ്റൊരു ബിജെപി അംഗമായ വി മുരളീധരനും പിന്നീട് എഴുന്നേറ്റ് സംസാരിക്കാൻ ശ്രമിച്ചു. പ്രതിപക്ഷം കടുത്ത എതിർപ്പ് അറിയിച്ചതോടെ വി മുരളീധരന്റെ മൈക്ക് സ്‌പീക്കർ ഓഫാക്കി.











0 comments