കൊച്ചിയിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

കോലഞ്ചേരി: കടയിരുപ്പ് ഭാഗത്ത് പൊലീസ് നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. പട്ടിമറ്റം നാത്തേക്കാട്ട് എ അസ്‌ലഹ് അജാസ് (20), മണ്ണാച്ചേരിൽ മുഹമ്മദ് അലി (19) എന്നിവരാണ് പുത്തൻകുരിശ് പൊലീസിന്റെ പിടിയിലായത്.
23ന് പുലർച്ചെ ഐക്കരനാട് നോർത്ത് വില്ലേജ് പരിധിയിലെ കടയിരുപ്പ് കൊതുകാട്ടി പീടിക ജങ്‌ഷൻ ഭാഗത്തുവച്ചാണ് സംഭവം. റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാർ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പൊലീസ് സംഘത്തെ കണ്ടപ്പോൾ കാറിന്റെ മുൻവശത്തിരുന്ന ആൾ ഒരു പൊതി പുറത്തേക്ക് എറിയാൻ ശ്രമിച്ചു. ഉടൻതന്നെ എസ്ഐ പി പി റെജിയും സിപിഒ സജീഷും ചേർന്ന് ഇവരെ തടഞ്ഞ് നടത്തിയ പരിശോധനയിൽ ഇവരുടെ കൈയിൽനിന്ന് ഏഴ് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കാക്കനാട് സ്വദേശിയായ അൽത്താഫിൽനിന്ന് 1500 രൂപയ്ക്ക് വാങ്ങിയതാണെന്നും ഉപയോഗിച്ചതിനുശേഷം ബാക്കിവന്നതാണെന്നും പ്രതികൾ സമ്മതിച്ചു. പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.








0 comments