അടൂരിൽ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട: അടൂരിൽ ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇയാളെ ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയം ഉൾപ്പെടെ ഇടിച്ചു തകർക്കുകയും ചെയ്തു.
സംഭവത്തിൽ ശാസ്താംകോട്ട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആർ ശ്രീകുമാറിനെയും സിപിഒ വിപിൻ കുമാറിനെയുമാണ് സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. മെയ് 29-ന് നടന്ന ഈ സംഭവത്തിൽ മെഡിക്കൽ രേഖകൾ പുറത്തുവന്നിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അഭിജിത്തിന്റെ സഹോദരൻ അഭിഷേകിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അഭിഷേകിനെ കസ്റ്റഡിയിലെടുക്കാൻ, രാത്രി ഏഴോടെ കാറിലെത്തിയതായിരുന്നു പൊലീസ് സംഘം. സുഹൃത്തിനൊപ്പം വീടിന് സമീപം സംസാരിച്ചുനിന്ന അഭിജിത്തിനെ കണ്ടതോടെ, സഹോദരൻ എവിടേയെന്ന് ചോദിച്ച് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി മർദിക്കുകയായിരുന്നു.
അഭിഷേകിനെ കസ്റ്റഡിയിലെടുത്തതോടെ രാത്രി 11ന് വീടിന് സമീപം അഭിജിത്തിനെ ഇറക്കിവിട്ടു. പിറ്റേന്ന് മുതൽ, ജനനേന്ദ്രിയത്തിന് വേദനയായി നേരെനിൽക്കാൻ കഴിയാത്ത അവസ്ഥയിലായി യുവാവ്. എന്നാൽ സഹോദരനെതിരായ പോക്സോ കേസ് ദുർബലപ്പെടുത്താൻ ഉന്നയിക്കുന്ന വ്യാജ ആരോപണമാണെന്നായിരുന്നു അന്ന് പൊലീസിന്റെ വാദം.









0 comments