print edition പടക്ക നിർമാണത്തിനിടെ സ്ഫോടനം; 2 പേർ മരിച്ചു

സ്ഫോടനമുണ്ടായ വീട്

സ്വന്തം ലേഖകൻ
Published on Apr 05, 2026, 02:15 AM | 1 min read
കുന്നമംഗലം: കുന്നമംഗലത്തിനടുത്ത് കുരിക്കത്തൂരിൽ പടക്ക നിർമാണകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. മുണ്ടിക്കൽത്താഴം പുതിയോട്ടുമേത്തൽ രാഹുൽ (27), രാമനാട്ടുകര പാറമ്മൽ മഠത്തിപ്പറമ്പിൽ രാഹുൽ (26) എന്നിവരാണ് മരിച്ചത്. പുതിയോട്ടുമേത്തൽ രാഹുലിന്റെ സഹോദരൻ വിഷ്ണു (28), വിഷ്ണുവിന്റെ ഭാര്യ സിമി, മെഡിക്കൽ കോളേജ് സ്വദേശി എടക്കണ്ടപ്പറമ്പ് ഷിജിത്ത് (36) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ശനിയാഴ്ച രാത്രി ഒമ്പതേമുക്കാലോടെയാണ് സ്ഫോടനമുണ്ടായത്. വെടിമരുന്ന് മിക്സ് ചെയ്യുന്നതിനിടെ സ്ഫോടനമുണ്ടായതാകാം എന്നാണ് സംശയം. വീടിന് പിൻഭാഗത്തോടുചേർന്നുള്ള ചായ്പിലായിരുന്നു പടക്ക നിർമാണം. പൊട്ടിത്തെറിയിൽ പുതിയോട്ടുമേത്തൽ രാഹുലിനും മഠത്തിപ്പറമ്പിൽ രാഹുലിനും ഗുരുതരമായി പരിക്കേറ്റു. പുറത്തേയ്ക്ക് ഓടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്ഫോടനശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുംമുമ്പ് ഇരുവരും മരിച്ചിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഇരുവരുടെയും അവയവങ്ങൾ തെറിച്ചുവന്നതായി നാട്ടുകാർ പറയുന്നു.
അനധികൃതമായാണ് ഇവർ ഓലപ്പടക്കം നിർമിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് ലൈസൻസുണ്ടായിരുന്നില്ല.കുടുംബമായി താമസിക്കുന്ന വിഷ്ണുവും രാഹുലും സിമിയും ചേർന്നായിരുന്നു പടക്ക നിർമാണം. ഷിജിത്തും രാഹുലും ഇവിടെ സഹായികളായി എത്തിയവരാണ്. വീട്ടിനുള്ളിൽ നിർമിച്ച് പെട്ടികൾക്കുള്ളിൽ നിറച്ചുവച്ചനിലയിൽ ഓലപ്പടക്കങ്ങളും നിർമാണത്തിനാവശ്യമായ പനയോലയും മറ്റും കണ്ടെത്തി. സ്ഫോടനത്തിൽ തീപിടിത്തമുണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
പി ടി എ റഹീം എംഎൽഎ, എം കെ രാഘവൻ എംപി, സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫ്, കുന്നമംഗലം സിഐ കിരൺ, വെള്ളിമാട്‌കുന്ന് ഫയർഫോഴ്സ് ഓഫീസർ അബ്ദുൾ ഫൈസി എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി.









0 comments