ad
Deshabhimani

print edition ഇഡിയെക്കാട്ടി പേടിപ്പിച്ചു ; ട്വന്റി 20യെ
 ബിജെപി വിഴുങ്ങി

Sabu jacob Rajeev Chandrasekhar
വെബ് ഡെസ്ക്

Published on Jan 23, 2026, 02:05 AM | 3 min read


കൊച്ചി

രാഷ്‌ട്രീയത്തിലും കച്ചവടത്തിലും നേരിട്ട തിരിച്ചടിക്കും ഇഡി ഉൾപ്പടെ കേന്ദ്ര അന്വേഷക ഏജൻസികളുടെ ഭീഷണിക്കും പിന്നാലെ എൻഡിഎയിൽ അഭയംതേടി കിറ്റെക്‌സ്‌ മുതലാളി നയിക്കുന്ന ട്വന്റി 20 പാർടി. വ്യവസ്ഥാപിത രാഷ്‌ട്രീയ പാർടികളിലും മുന്നണികളിലും അഴിമതിയായതിനാൽ അവരുമായി സഖ്യമില്ലെന്നായിരുന്നു ട്വന്റി 20 ചീഫ്‌ കോ–ഓർഡിനേറ്റർ സാബു എം ജേക്കബിന്റെ വീരവാദം. എന്നാൽ, എക്കാലത്തും ബിജെപിയോടുണ്ടായിരുന്ന അനുഭാവം തിരിച്ചറിയാതെ ഒപ്പംകൂടിയ ന്യൂനപക്ഷ വിഭാഗത്തിലുള്ളവരെയടക്കം സാബു ചതിച്ചു.


കന്പനിയുടെ സിഎസ്‌ആർ ഫണ്ട്‌ ദുരുപയോഗിച്ചുള്ള സ‍ൗജന്യം വച്ചുനീട്ടിയാണ്‌ 2010ൽ കിഴക്കന്പലം പഞ്ചായത്തിൽ ട്വന്റി 20 ഭരണം നേടിയത്‌. അതേ കാർഡിറക്കി 2015ൽ മൂന്നു പഞ്ചായത്തിൽക്കൂടി അധികാരത്തിലെത്തി. മധുരവാഗ്‌ദാനങ്ങളൊക്കെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ വെള്ളത്തിലായി. മഴുവന്നൂർ, കുന്നത്തുനാട്‌ പഞ്ചായത്തുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുതലാളിയെ കൈവിട്ടു. എറണാകുളം ജില്ലയിൽ 500 സീറ്റിൽ മത്സരിച്ചതും വെറുതെയായി.


കേരളം വ്യവസായ സ‍ൗഹൃദമല്ലെന്ന കുപ്രചാരണമഴിച്ചുവിട്ട്‌ തുണിക്കച്ചവടം തെലങ്കാനയിലേക്ക്‌ കൊണ്ടുപോയതും ക്ലച്ച്‌ പിടിച്ചില്ല. സാബു പഞ്ചായത്തുയോഗം വീട്ടിൽ വിളിക്കുന്നതിൽ പ്രതിഷേധിച്ച കുന്നത്തുനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിച്ചതും വിവാദമായിരുന്നു. പിന്നാലെ കൂടുതൽപേർ പാർടിവിട്ടു.


2022ൽ ആംആദ്‌മിയുമായി ചേർന്നുണ്ടാക്കിയ പീപ്പിൾസ്‌ വെൽഫെയർ അലയൻസ്‌ സഖ്യം ബിജെപി ഭീഷണിയിൽ ഒഴിവാക്കി. സിഎസ്‌ആർ ഫണ്ട്‌ ദുരുപയോഗിച്ചതിൽ ഇഡിയെക്കാട്ടി ട്വന്റി 20യെ ബിജെപി വിഴുങ്ങുകയായിരുന്നു.


ട്വന്റി 20 വിടാനൊരുങ്ങി പ്രവർത്തകർ

ട്വന്റി 20യെ സംഘപരിവാർ പാളയത്തിലെത്തിച്ച സാബു ജേക്കബിന്റെ നടപടിയിൽ പ്രതിഷേധിച്ച്‌ പ്രവർത്തകർ കൂട്ടത്തോടെ പാർടി വിടാനുള്ള ഒരുക്കത്തിൽ. പാർടിയിൽ ചർച്ച ചെയ്യാതെ എടുത്ത തീരുമാനത്തിൽ കുന്നത്തുനാട്ടിൽ പ്രതിഷേധം ശക്തമാണ്‌. ട്വന്റി 20 ഭരണത്തിലിരിക്കുന്ന തിരുവാണിയൂരിലും കിഴക്കമ്പലത്തും ഐക്കരനാടും പഞ്ചായത്ത്‌ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നത് നേതൃത്വത്തെ പ്രതിന്ധിയിലാക്കി. പല നേതാക്കളും സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം അറിയിച്ചു. ആഭ്യന്തരപ്രശ്നങ്ങളാൽ ആദ്യകാല നേതാക്കളും പ്രവർത്തകരും നേരത്തേ തന്നെ പാർടി വിട്ടിരുന്നു.


എൻഡിഎയിലേക്കില്ലെന്ന്‌ 
ട്വന്റി 20 കൗൺസിലർ

ട്വന്റി 20 പാർടി എൻഡിഎയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് അംഗീകരിക്കാനാകില്ലെന്ന് തൃക്കാക്കര നഗരസഭയിലെ ഏക ട്വന്റി 20 അംഗം റെനി തോമസ്. എൻഡിഎയിലേക്ക്‌ പോകാനുള്ള തീരുമാനം തങ്ങളോടൊന്നും ആലോചിക്കാതെ സാബു ജേക്കബ് ഒറ്റയ്‌ക്ക് എടുത്തതാണ്. താൻ എന്തായാലും എൻഡിഎയിലേക്കില്ലെന്നും റെനി പറഞ്ഞു.


വടവുകോട്‌–പുത്തൻകുരിശ്‌ പഞ്ചായത്തിൽ കോൺഗ്രസും എൻഡിഎയിൽ

എൽഡിഎഫിന്‌ ഭരണം കിട്ടാതിരിക്കാൻ ട്വന്റി 20യുമായി ചേർന്ന്‌ അധികാരം പങ്കിടുന്ന വടവുകോട്‌–പുത്തൻകുരിശ്‌ പഞ്ചായത്തിലെ കോൺഗ്രസും ഫലത്തിൽ ഇപ്പോൾ എൻഡിഎയിൽ. എന്തുവിലകൊടുത്തും എൽഡിഎഫിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ്‌ മത്സരരംഗത്ത്‌ പോരടിച്ച കോൺഗ്രസും ട്വന്റി 20യും തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ ഒറ്റക്കെട്ടായത്‌. കൂടുതൽ സീറ്റ്‌ നേടിയെങ്കിലും കിറ്റെക്‌സ്‌ മുതലാളി നയിക്കുന്ന ട്വന്റി20 യുമായി ഭരണം പങ്കിടില്ലെന്ന ഉറച്ച നിലപാടാണ്‌ എൽഡിഎഫ്‌ കൈക്കൊണ്ടത്‌.


പതിനേഴ്‌ അംഗങ്ങളുള്ള വടവുകോട്‌–പുത്തൻകുരിശ്‌ പഞ്ചായത്തിൽ എട്ടംഗങ്ങളുള്ള എൽഡിഎഫ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്‌. യുഡിഎഫിന്‌ ഏഴും ട്വന്റി 20ക്ക്‌ രണ്ടും അംഗങ്ങളാണുള്ളത്‌. ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയുള്ള എൽഡിഎഫ് ഭരണത്തിലെത്താതിരിക്കാൻ യുഡിഎഫ് ട്വന്റി 20യുടെ സഹായം തേടുകയായിരുന്നു. അവരുടെ സഹായത്തോടെ രണ്ട് സ്ഥിരംസമിതി അധ്യക്ഷരെയും യുഡിഎഫ് നേടിയെടുത്തു. എൽഡിഎഫിനെ ഒഴിവാക്കാൻ ട്വന്റി 20യുടെ സഹായം സ്വീകരിച്ചതിൽ യുഡിഎഫിനുള്ളിൽ അതൃപ്‌തിയുണ്ടായെങ്കിലും കോൺഗ്രസ്‌ ജില്ലാ നേതൃത്വംപോലും മ‍ൗനം പാലിച്ചു.


കിറ്റെക്‌സ്‌ ഉടമ സാബു എം ജേക്കബ്ബിന്റെ എൻഡിഎ പ്രവേശത്തിനെതിരെ ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസും കുന്നത്തുനാട്‌ മുൻ എംഎൽഎ വി പി സജീന്ദ്രനും പ്രസ്‌താവനയിറക്കിയെങ്കിലും ഇ‍ൗ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച്‌ മ‍ൗനം പാലിച്ചു.


സാബു ബിജെപി ഏജന്റ്‌; 
കോൺഗ്രസ്‌ നിലപാട്‌ 
വ്യക്തമാക്കണം: സിപിഐ എം

സാബു എം ജേക്കബ്‌ ബിജെപി ഏജന്റാണെന്ന വിലയിരുത്തൽ ശരിയായിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ എൻഡിഎ പ്രവേശത്തോടെ എല്ലാവർക്കും ബോധ്യമായെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ പറഞ്ഞു. ട്വന്റി20 പിന്തുണയിൽ വടവുകോട്‌–പുത്തൻകുരിശ്‌ പഞ്ചായത്ത്‌ ഭരിക്കുന്ന കോൺഗ്രസ് ഇ‍ൗ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


നാളിതുവരെ ബിജെപിക്കെതിരെ ഒരു വിമർശവും ഉന്നയിക്കാൻ സാബു എം ജേക്കബ്‌ തയ്യാറായിട്ടില്ല. ‘കേരളത്തിൽ അപ്രസക്തമായ ബിജെപിയെക്കുറിച്ച് എന്തു പറയാൻ’ എന്നാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പുസമയത്തും സാബു ചോദിച്ചത്‌. തദ്ദേശതെരഞ്ഞെടുപ്പിലൂടെ ട്വന്റി 20 കൂടുതൽ തുറന്നുകാട്ടപ്പെട്ടു. ജില്ലയിൽ വലിയ നേട്ടമുണ്ടാക്കുമെന്നായിരുന്നു അവകാശവാദം. എന്നാൽ, വലിയ തിരിച്ചടിയാണുണ്ടായത്‌. അവർ അധികാരത്തിൽ എത്തിയ ഒരിടത്തും വികസനമില്ലാതിരുന്നത്‌ ജനങ്ങൾ കണ്ടതാണ്‌.


ട്വന്റി20 പിന്തുണയോടെ വടവുകോട്– പുത്തൻകുരിശ് പഞ്ചായത്ത്‌ ഭരിക്കുന്ന കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ട്വന്റി 20 യുടെ പിന്തുണ ഉപേക്ഷിക്കാനോ, രാജിവച്ച് ജനവിധി തേടാനോ തയ്യറാകുമോ എന്ന് വ്യക്തമാക്കണം. കുന്നത്തുനാട് മതനിരപേക്ഷമായി ചിന്തിക്കുന്നവരുടെ നാടാണ്. ഈ ക്രിസ്‌മസ് കാലത്തുപോലും ക്രൈസ്‌തവവിഭാഗത്തെ കടന്നാക്രമിച്ച ബിജെപിയോടൊപ്പം ചേരാനുള്ള ട്വന്റി20 തീരുമാനത്തിനെതിരെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർ ശക്തമായി പ്രതികരിക്കുമെന്നും എസ്‌ സതീഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു.


സാബുവിന്റെ വർഗീയ
കൂട്ടുകെട്ട്‌ തള്ളണം:
പി വി ശ്രീനിജിൻ

സാബു എം ജേക്കബ്‌ സ്വീകരിച്ച വർഗീയ രാഷ്‌ട്രീയത്തെ തള്ളി ട്വന്റി20 പ്രവർത്തകർ ജനപക്ഷരാഷ്‌ട്രീയത്തിനൊപ്പം അണിചേരണമെന്ന്‌ പി വി ശ്രീനിജിൻ എംഎൽഎ. ട്വന്റി 20 ചീഫ്‌ കോ–ഓർഡിനേറ്റർ സാബു എം ജേക്കബ്ബിന്റെ എൻഡിഎ പ്രവേശത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


സാബുവിന്റെ രാഷ്ട്രീയ കാപട്യങ്ങള്‍ക്കെതിരെ എൽഡിഎഫ്‌ നിരന്തരം പ്രതികരിച്ചിരുന്നു. സിഎസ്‌ആർ ഫണ്ടിന്റെ മറവില്‍ കുറച്ചുകാലം സാധാരണക്കാരെ പറ്റിച്ച് അദ്ദേഹം കുറച്ച് പഞ്ചായത്തുകള്‍ ഭരിച്ചു. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളെ മോശക്കാരായി ചിത്രീകരിച്ചു. ഓണ്‍ലെെന്‍ മഞ്ഞച്ചാനലുകളെ വിലയ്‌ക്കെടുത്ത് വ്യക്തിപരമായി തന്നെയും പ്രസ്ഥാനത്തെയും അപമാനിച്ചു. ഒടുവില്‍ സാബു വര്‍ഗീയ രാഷ്ട്രീയത്തോട് സന്ധി ചെയ്‌തു. കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ കൂടാരത്തിലേക്കാണ്‌ അദ്ദേഹം പോയത്‌.


തന്റെ നിലപാടിനോട്‌ സഹകരിക്കാൻ കഴിയാത്ത പഞ്ചായത്ത് അംഗങ്ങളോട് രാജിവയ്‌ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതായി അറിഞ്ഞു. സാബുവിന്റെ നിലപാടിനെ എതിർക്കുന്ന ട്വന്റി20 പഞ്ചായത്ത് അംഗങ്ങൾക്ക്‌ എംഎൽഎ എന്നനിലയിൽ തന്റെ സഹായമുണ്ടാകും. സാബുവിന്റെ വർഗീയ കൂട്ടുകെട്ടിനെ എല്ലാവരും തിരിച്ചറിയുമെന്നും ശ്രീനിജിൻ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home