കീഴടങ്ങൽ ഇഡിയുടെ പിടിവീണപ്പോൾ
print edition ട്വന്റി 20 തകർന്നു ; കൂട്ടക്കൊഴിഞ്ഞുപോക്ക്

കൊച്ചി
കിറ്റെക്‌സ് മുതലാളി സാബു എം ജേക്കബിന്റെ എൻഡിഎ പ്രവേശത്തിനുപിന്നാലെ ട്വന്റി 20യിൽനിന്ന് നേതാക്കളുടെയും അംഗങ്ങളുടെയും കൂട്ടക്കൊഴിഞ്ഞുപോക്ക്. സാബുവിന്റെ ബിജെപി ബാന്ധവത്തിന് പിന്നാലെ, ട്വന്റി 20യുടെ പ്രധാന അടിത്തറയായിരുന്ന മുസ്ലിം, ക്രിസ്‌ത്യൻ വിഭാഗത്തിൽപ്പെട്ട നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ പാർടി വിടുകയാണ്. ടെക്‌സ്‌റ്റൈൽ വ്യവസായത്തിലും ട്വന്റി 20 രാഷ്‌ട്രീയത്തിലുമേറ്റ തിരിച്ചടി മറികടക്കാനും കുന്നത്തുനാട് മണ്ഡലത്തിൽ എൽഡിഎഫിനെ തകർക്കാനും എൻഡിഎ മുന്നണിപ്രവേശത്തിലൂടെ കഴിയുമെന്നായിരുന്നു സാബുവിന്റെ കണക്കുകൂട്ടൽ. എന്നാൽ, സാബുവിന്റെ ഏകാധിപത്യ നിലപാടുകളുടെ ഭാഗമായുണ്ടായ എൻഡിഎ മുന്നണിപ്രവേശം ട്വന്റി 20യുടെ അവസാനത്തിന്റെ ആരംഭമാണെന്ന് പാർടി വിട്ടവർ പറഞ്ഞു.
കിഴക്കന്പലത്തെ ഒരുകൂട്ടം പ്രവർത്തകർ എൽഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. മുൻ ജില്ലാ പഞ്ചായത്തംഗം പി എം നാസർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് മുൻ പഞ്ചായത്തംഗം ജീൽ മാവേലി എന്നിവർ ട്വന്റി 20 വിട്ടു. തൃക്കാക്കര നഗരസഭയിലെ ഏക ട്വന്റി 20 കൗൺസിലർ റെനി തോമസ് എൻഡിഎയിലേക്ക് ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരടക്കം നിരവധിപ്പേർ ട്വന്റി 20 വിടാനുള്ള തീരുമാനമറിയിച്ചതായി കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിൻ പറഞ്ഞു.
ഒരു മുന്നണിയിലേക്കുമില്ലെന്ന് ആവർത്തിച്ചുപറഞ്ഞിരുന്ന സാബുവിന്റെ ചുവടുമാറ്റം പാർടിയിൽ വലിയ പൊട്ടിത്തെറിക്ക് തുടക്കമിട്ടതായി ട്വന്റി 20 ഭരിച്ചിരുന്ന കുന്നത്തുനാട് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് എം വി നിതാമോൾ പറഞ്ഞു.
‘‘ഇരുചെവിയറിയാതെയുള്ള സാബുവിന്റെ നീക്കത്തിൽ എല്ലാവരും പ്രതിഷേധത്തിലാണ്. പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെ പലരും ഫോണിൽ വിളിച്ചു. തങ്ങൾ വഞ്ചിക്കപ്പെട്ടതായാണ് അവർ പറഞ്ഞത്. എൽഡിഎഫിനെയും യുഡിഎഫിനെയും നിരന്തരം ആക്ഷേപിച്ചിരുന്ന സാബു, ഒരിക്കലും ബിജെപിയെ വിമർശിച്ചിരുന്നില്ല. ബിജെപി ഭാരവാഹികളായ ചിലരൊക്കെ ട്വന്റി 20 നേതാക്കളുമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ ബിജെപി സ്ഥാനാർഥികളുമായി. എൻഡിഎ പ്രവേശം മുന്നിൽക്കണ്ടായിരുന്നു തുടക്കംമുതൽ സാബുവിന്റെ നീക്കങ്ങൾ’’ – നിതാമോൾ പറഞ്ഞു. സാബുവിന്റെ ഏകാധിപത്യ പ്രവണതയെ ചോദ്യംചെയ്‌തതിന്റെ പേരിൽ കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതിയിൽനിന്ന് നിതാമോളെ അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു.
കീഴടങ്ങൽ ഇഡിയുടെ പിടിവീണപ്പോൾ
പ്രധാന നേതാക്കൾപോലുമറിയാതെയുള്ള രഹസ്യനീക്കത്തിലൂടെയാണ് കിറ്റെക്‌സ് മുതലാളി സാബു എം ജേക്കബ് ട്വന്റി 20 യെ എൻഡിഎയുടെ സഖ്യകക്ഷിയാക്കിയത്. രാഷ്‌ട്രീയത്തിലും കച്ചവടത്തിലുമേറ്റ തിരിച്ചടികൾക്കുപുറമെ കേന്ദ്രാന്വേഷണ ഏജൻസിയുടെ പിടികൂടി വീണതോടെ ബിജെപിയുടെ സമ്മർദത്തിന് വഴങ്ങുകയായിരുന്നു സാബു. കന്പനിയുടെ സിഎസ്‌ആർ ഫണ്ടിന്റെ മറവിൽ നടത്തിവന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റിന്റെ പൊള്ളത്തരവും കണക്കില്ലാതെ പണമൊഴുക്കിയുള്ള പ്രവർത്തനങ്ങളുമാണ് സാബുവിനെ ഇഡിയുടെ നോട്ടപ്പുള്ളിയാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ബിജെപി സാബുവിനെ വരുതിയിലാക്കാൻ കരുക്കൾ നീക്കിയത്.
ഇടത്, വലത് മുന്നണികളെ നിരന്തരം ആക്ഷേപിച്ചിരുന്ന സാബു ബിജെപിയുടെ അപ്രീതി സന്പാദിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇലക്‌ടറൽ ബോണ്ട് വിവാദമുയർന്നപ്പോൾ ബിജെപിക്ക് നൽകിയ സഹായം സാബു മറച്ചുവച്ചു.
വ്യവസായവുമായി തെലങ്കാനയിലേക്ക് പോയപ്പോൾ വഴിവിട്ട സഹായങ്ങൾ നേടിയെടുക്കാൻ ചന്ദ്രശേഖരറാവുവിന്റെ ബിആർഎസിന് 25 കോടി രൂപയാണ് ഇലക്‌ടറൽ ബോണ്ട് നൽകിയത്. ബിജെപിക്കും ബോണ്ട് നൽകിയെങ്കിലും തുക എത്രയെന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല.
പണമൊഴുക്കിന് പിടിവീണതിന്റെ പ്രതിഫലനം തദ്ദേശതെരഞ്ഞെടുപ്പിൽ കണ്ടു. സിഎസ്‌ആറിന്റെ മറവിലുള്ള തട്ടിപ്പിന്റെ തനിനിറം ബോധ്യപ്പെട്ട കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകൾ ട്വന്റി20 യെ കൈവിട്ടു. നറുക്കിലൂടെയാണ് പൂതൃക്ക പഞ്ചായത്തിൽ അധികാരം കിട്ടിയത്. നാലു പഞ്ചായത്തുകളിലുണ്ടായിരുന്ന വ്യക്തമായ പിന്തുണ മൂന്നിലേക്ക് ചുരുങ്ങിയതിനുന് പുറമെ വടവുകോട് ബ്ലോക്കും ഇക്കുറി നഷ്‌ടമായി.










0 comments